
ഹിമാചലിൽ മുഖ്യമന്ത്രി കസേരയ്ക്ക് തമ്മിലടി, പ്രതിഭാ സിംഗിന് വേണ്ടി അണികൾ തെരുവിൽ, നാടകീയം
ഷിംല: ബിജെപിയെ വീഴ്ത്തി അധികാരം പിടിച്ചെങ്കിലും ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസിന് തലവേദന ഒഴിയുന്നില്ല. മുഖ്യമന്ത്രി കസേരയ്ക്ക് വേണ്ടി പലരും അവകാശവാദമുന്നയിച്ചതോടെ ഹിമാചലില്‍ സര്‍ക്കാര്‍ രൂപീകരണം പ്രതിസന്ധിയിലാണ്. മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം ചേരുന്നതിന് മുന്‍പായി നാടകീയ രംഗങ്ങളാണ് സംസ്ഥാനത്ത് അരങ്ങേറിയത്.
അന്തരിച്ച മുന്‍ മുഖ്യമന്ത്രി വീരഭദ്ര സിംഗിന്റെ ഭാര്യ പ്രതിഭാ സിംഗിന്റെ അനുയായികളാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിരീക്ഷകനായി എത്തിയ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗലിന്റെ വാഹനം തടഞ്ഞു. ഷിംലയിലെ ഒബ്‌റോയി സെസിലിന് മുന്നില്‍ വെച്ച് ഭാഗലിന്റെ കാര്‍ തടഞ്ഞ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഭാ സിംഗിന് വേണ്ടി മുദ്രാവാക്യങ്ങള്‍ മുഴക്കി. പ്രതിഭാ സിംഗ് നിലവില്‍ കോണ്‍ഗ്രസ് എംപിയാണ്. ഈ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ സംസ്ഥാനത്ത് മുന്നില്‍ നിന്ന് നയിച്ചുവെങ്കിലും അവര്‍ മത്സരിച്ചിരുന്നില്ല.
എട്ടിന്റെ പണി കൊടുത്തത് വിമതർ; ഹിമാചലിൽ ഞെട്ടൽ മാറാതെ ബിജെപി
പ്രതിഭ സിംഗിനെ കൂടാതെ സുഖ്വീന്ദര്‍ സിംഗ് സുഖു, മുകേഷ് അഗ്നിഹോത്രി, ഹര്‍ഷവര്‍ധന്‍ ചൗഹാന്‍ എന്നിവരും മുഖ്യമന്ത്രിക്കേസരയില്‍ നോട്ടമിട്ടിട്ടുണ്ട്. 68 നിയമസഭാ സീറ്റുകളില്‍ 40ലും വിജയിച്ചാണ് ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് അധികാരം പിടിച്ചത്. ഭരണകക്ഷിയായിരുന്ന ബിജെപിക്ക് 25 സീറ്റുകളും മറ്റുളളവര്‍ക്ക് മൂന്ന് സീറ്റുകളും ലഭിച്ചു. മുഖ്യമന്ത്രി പദവിക്ക് വേണ്ടിയുളള പോര് നേതാക്കളെ തങ്ങള്‍ക്കൊപ്പമുളള എംഎല്‍എമാരുമായി ബിജെപിയിലേക്ക് പോകാന്‍ പ്രേരിപ്പിക്കുമോ എന്ന ആശങ്ക കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്.
അതുകൊണ്ട് തന്നെ നേതാക്കളെ ഏതെങ്കിലും വിധത്തില്‍ അനുനയിപ്പിച്ച് വേഗത്തില്‍ സര്‍ക്കാര്‍ രൂപീകരണം നടത്താനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ പ്രതിപക്ഷ നേതാവ് കൂടിയായിരുന്ന സുഖ്വീന്ദര്‍ സിംഗ് സുഖുവിന്റെ അനുയായികളും പരസ്യമായി മുഖ്യമന്ത്രി കസേരയ്ക്ക് അവകാശവാദം ഉന്നയിച്ച് രംഗത്ത് വന്നിട്ടുണ്ട്. ഇന്ന് രാവിലെയാണ് പ്രതിഭാ സിംഗ് തന്റെ അവകാശവാദം പരസ്യമാക്കിയത്. കഴിഞ്ഞ വര്‍ഷം മരണപ്പെട്ട തന്റെ ഭര്‍ത്താവ് വീരഭദ്ര സിംഗിന്റെ പേരിലാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് ജയിച്ചത് എന്നും തനിക്ക് മുഖ്യമന്ത്രിയായി സംസ്ഥാനത്തെ നയിക്കാനാവും എന്നുമാണ് പ്രതിഭാ സിംഗ് പ്രതികരിച്ചത്.
കോണ്‍ഗ്രസ് അധികാരം പിടിച്ചത് വെറും 37,974 വോട്ടുകളുടെ വ്യത്യാസത്തില്‍: 70 വർഷത്തിന് ശേഷം ആദ്യം
പാര്‍ട്ടിയില്‍ ഗ്രൂപ്പിസം ഇല്ലെന്നും എല്ലാവരും ഒരുമിച്ചാണ് എന്നും പ്രതിഭാ സിംഗ് പറഞ്ഞു. നിലവില്‍ 15 എംഎല്‍എമാരുടെ പിന്തുണയാണ് പ്രതിഭാ സിംഗിനുളളത്. സോണിയാ ജീയും ഹൈക്കമാന്‍ഡും തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കാനുളള ഉത്തരവാദിത്തം തന്നെയാണ് ഏല്‍പ്പിച്ചത്. വീരഭദ്ര സിംഗിന്റെ പേരില്‍ തിരഞ്ഞെടുപ്പിനിറങ്ങുകയും വിജയിക്കുകയും ചെയ്തതിന് ശേഷം അദ്ദേഹത്തിന്റെ കുടുംബത്തെ മാറ്റി നിര്‍ത്തുന്നത് ശരിയാകില്ല. കോണ്‍ഗ്രസ് 40 സീറ്റുകളില്‍ വിജയിക്കാനുളള കാരണം ജനങ്ങള്‍ക്ക് വീരഭദ്ര സിംഗിനോടുളള വൈകാരിക ബന്ധമാണ്, പ്രതിഭാ സിംഗ് പറഞ്ഞു.