'ഇന്ത്യ അതിവേഗം വളരുന്ന സാമ്പത്തിക ശക്തി', നയപ്രഖ്യാപന പ്രസംഗത്തിൽ രാഷ്ട്രപതി, പ്രതിപക്ഷ പ്രതിഷേധം
ദില്ലി: രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ബജറ്റ് സമ്മേളനത്തിന് പാര്‍ലമെന്റില്‍ തുടക്കം. പെഗാസസ് വിഷയം ഉയര്‍ത്തിയുളള പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് നയപ്രഖ്യാപന പ്രസംഗം നടത്തിയത്. കൊവിഡ് പോരാളികളെയും സ്വാതന്ത്ര്യ സമര നായകരേയും രാഷ്ട്രപതി അഭിവാദ്യം ചെയ്തു. കൊവിഡിനെ നേരിടാന്‍ രാജ്യം ഒരുമിച്ച് നിന്നു. കൊവിഡ് വാക്‌സിനേഷനില്‍ ഇന്ത്യ വലിയ നേട്ടമാണ് കൈവരിച്ചതെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടി.
കേന്ദ്ര സര്‍ക്കാരിന്റെ വിവിധ പദ്ധതികളുടെ നേട്ടങ്ങള്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ രാഷ്ട്രപതി അക്കമിട്ട് നിരത്തി. എല്ലാവരിലേക്കും വികസനം എത്തിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. വരുന്ന 25 വര്‍ഷം മുന്നില്‍ കണ്ട് കൊണ്ടുളള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാരിന്റേത് എന്നും രാഷ്ട്രപതി പറഞ്ഞു. കാര്‍ഷിക മേഖലയില്‍ വലിയ നേട്ടമുണ്ടായി. കാര്‍ഷിക കയറ്റുമതി വളര്‍ന്നു. 11 കോടി കര്‍ഷകര്‍ക്ക് കിസാന്‍ സമ്മാന്‍ നിധി വഴി സഹായം എത്തിക്കാന്‍ സര്‍ക്കാരിന് സാധിച്ചു. ചെറുകിട കര്‍ഷകരേയും രാഷ്ട്രപതി അഭിനന്ദിച്ചു.

ലോകരാജ്യങ്ങള്‍ക്കിടയില്‍ അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയാണ് ഇന്ത്യയെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടി. നിക്ഷേപകര്‍ക്ക് ഇന്ത്യയിലുളള വിശ്വാസം വര്‍ധിക്കുകയാണ്. രാജ്യത്തിന്റെ പ്രതിരോധ മേഖല സ്വയംപര്യാപ്തമായിക്കൊണ്ടിരിക്കുകയാണ്. 83 എല്‍സിഎ തേജസ് യുദ്ധ വിമാനങ്ങള്‍ നിര്‍മ്മിക്കാന്‍ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് കരാറൊപ്പിട്ടത് രാഷ്ട്രപതി ഉയര്‍ത്തിക്കാട്ടി. സ്ത്രീ ശാക്തീകരണം സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്നാണ്. സ്ത്രീകളുടെ വിവാഹ പ്രായം 21 ആക്കി ഉയര്‍ത്തുന്നതും ഇതിന്റെ ഭാഗമായാണ്. മുത്തലാഖ് നിരോധനത്തേയും രാഷ്ട്രപതി പ്രസംഗത്തില്‍ പ്രകീര്‍ത്തിച്ചു.












Click it and Unblock the Notifications