ഇന്ത്യ വിരുദ്ധ ഘടകങ്ങള്‍ക്കെതിരെ നടപടി, സാമ്പത്തിക കുറ്റവാളികളെ തിരികെ അയക്കണം: സുനകിനോട് മോദി
ദില്ലി: ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകുമായി ടെലിഫോണ്‍ സംഭാഷണം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ-യുകെ മാർഗരേഖ 2030ന്റെ ഭാഗമായി നിരവധി ഉഭയകക്ഷി വിഷയങ്ങളിലെ പുരോഗതി അവലോകനം ചെയ്ത നേതാക്കള്‍ സമീപകാലത്തെ ഉന്നതതല വിനിമയങ്ങളിലും വർധിച്ചുവരുന്ന സഹകരണത്തിലും (വിശേഷിച്ച് വ്യാപാര - സാമ്പത്തിക മേഖലകളിൽ) സംതൃപ്തി പ്രകടിപ്പിച്ചു. ഇരുരാജ്യങ്ങളും തമ്മിൽ പരസ്പരപ്രയോജനകരമായ സ്വതന്ത്ര വ്യാപാര ഉടമ്പടി എത്രയും വേഗം പൂർത്തിയാക്കേണ്ടതിന്റെ ആവശ്യകതയും ഇരുവരും അംഗീകരിച്ചു.
യുകെയിലെ ഇന്ത്യൻ നയതന്ത്ര സ്ഥാപനങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള കാര്യങ്ങൾ പ്രധാനമന്ത്രി മോദി ഉന്നയിക്കുകയും ഇന്ത്യാവിരുദ്ധ ഘടകങ്ങൾക്കെതിരെ യുകെ ഗവണ്മെന്റ് ശക്തമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇന്ത്യൻ ഹൈക്കമ്മീഷനു നേർക്കുണ്ടായ ആക്രമണം തികച്ചും അസ്വീകാര്യമാണെന്നു യുകെ കരുതുന്നതായും ഇന്ത്യൻ മിഷന്റെയും ഉദ്യോഗസ്ഥരുടെയും സുരക്ഷ ഉറപ്പുനൽകുന്നതായും പ്രധാനമന്ത്രി ഋഷി സുനകും അറിയിച്ചു.

ബ്രിട്ടണിൽ അഭയം തേടിയ സാമ്പത്തിക കുറ്റവാളികളുടെ കാര്യവും പ്രധാനമന്ത്രി മോദി സംഭാഷണത്തില്‍ ഉന്നയിച്ചു. ഇന്ത്യൻ നീതിന്യായ വ്യവസ്ഥയ്ക്കു മുന്നിൽ ഹാജരാകാൻ കഴിയുന്ന തരത്തിൽ, പലായനം ചെയ്തവരുടെ തിരിച്ചുവരവിൽ പുരോഗതിയുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 2023 സെപ്റ്റംബറിൽ നടക്കുന്ന ജി20 ഉച്ചകോടിയിലേയ്ക്കു പ്രധാനമന്ത്രി മോദി യുകെ പ്രധാനമന്ത്രി സുനകിനെ ക്ഷണിക്കുകയും ചെയ്തു.
ഇന്ത്യയുടെ ജി20 അധ്യക്ഷപദത്തിനു കീഴിൽ കൈവരിച്ച പുരോഗതിയെ പ്രധാനമന്ത്രി സുനക് അഭിനന്ദിക്കുകയും ഇന്ത്യയുടെ സംരംഭങ്ങൾക്കും അവയുടെ വിജയത്തിനും യുകെയുടെ പൂർണ പിന്തുണ ആവർത്തിച്ച് അറിയിക്കുകയും ചെയ്തു. ബൈശാഖിയുടെ പൂർവസന്ധ്യയിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി സുനകിനും യുകെയിലെ ഇന്ത്യൻ സമൂഹത്തിനും പ്രധാനമന്ത്രി ആശംസകൾ നേർന്നു. സമ്പർക്കം തുടർന്നും മുന്നോട്ടുകൊണ്ടുപോകുന്നതിന് ഇരുനേതാക്കളും ധാരണയായി.
നേരത്തെ മധ്യലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഓഫീസിൽ അതിക്രമിച്ച് കയറി ഖലിസ്ഥാൻ അനുകൂലികൾ ദേശീയ പതാക താഴ്‌ത്തിക്കെട്ടിയം സംഭവത്തില്‍ ഇന്ത്യ വലിയ പ്രതിഷേധം അറിയിച്ചിരുന്നു. ഓഫീസിന് നേർക്ക് ഖലിസ്ഥാൻ അനുകൂലികളുടെ പ്രതിഷേധമുണ്ടാകുമെന്ന് അറിഞ്ഞിട്ടും മതിയായ സുരക്ഷ ഒരുക്കാത്തതിൽ ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ ഞായറാഴ്‌ച ഇന്ത്യ വിളിച്ചുവരുത്തി പ്രതിഷേധം അറിയിക്കുകയും ചെയ്തു.
ഇതിന് പിന്നാലെ ഡൽഹിയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷന് ഒരുക്കിയ അധിക സുരക്ഷ സന്നാഹം ഇന്ത്യ പിന്‍വലിക്കുകയും ചെയ്തു. ണക്യപുരിയിലുള്ള കമീഷൻ ഓഫീസിന് മുന്നിൽ വാഹന ഗതാഗതം നിയന്ത്രിച്ച് സ്ഥാപിച്ചിരുന്ന കോൺക്രീറ്റ് ബാരിക്കേഡുകളാണ് മാറ്റിയത്. ഇത് നാൽനടക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതിനാലാണ് എടുത്തുമാറ്റിയതെന്നായിരുന്നു ദില്ലി പൊലീസിന്റെ വിശദീകരണം. ഹൈക്കമ്മീഷൻ ഓഫീസിന്റെ സുരക്ഷയിൽ വിട്ടുവീഴ്‌ച ചെയ്‌തിട്ടില്ലന്നും വിശദീകരണമുണ്ട്.












Click it and Unblock the Notifications