പ്രിയങ്ക ഗാന്ധി കർണാടക വഴി രാജ്യസഭയിലേക്ക്: ലോക്സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് തീരുമാനം
ഡല്‍ഹി: എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ലോക്സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. സോണിയ ഗാന്ധിയുമായി മുതിർന്ന പാർട്ടി നേതാക്കൾ നടത്തിയ യോഗത്തിലാണ് പ്രിയങ്ക ഗാന്ധിയുടെ മത്സരം സംബന്ധിച്ച തീരുമാനമുണ്ടായത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് പകരം പാർട്ടിക്കും സഖ്യകക്ഷികൾക്കും വേണ്ടി പ്രിയങ്ക ഗാന്ധി രാജ്യത്തുടനീളം പ്രചാരണം നടത്തുമെന്നും യോഗത്തില്‍ തീരുമാനമായി.
നിലവില്‍ ഉത്തർപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയാണ് പ്രിയങ്ക ഗാന്ധി. എന്നാല്‍ ഉടന്‍ തന്നെ അവർ ഈ പദവി ഒഴിയുകയും ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് വേണ്ടി സജീവമായി പ്രചരണം നടത്തുകയും ചെയ്യും. ലോക്സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെങ്കിലും പ്രിയങ്ക ഗാന്ധിയെ കർണാടക വഴി ഈ വർഷം തന്നെ രാജ്യസഭയിലെത്തിക്കാനും നീക്കമുണ്ട്.

കർണാടകയ്ക്ക് പകരം ഹിമാചൽ പ്രദേശിൽ നിന്നും പാർട്ടി ജനറൽ സെക്രട്ടറിയെ രാജ്യസഭയിലേക്ക് അയക്കണമെന്ന നിർദേശവും കോണ്‍ഗ്രസില്‍ ഉയർന്ന് വരുന്നുണ്ട്. ഛത്തീസ്ഗഡിൽ നിന്നുള്ള ഒരു രാജ്യസഭാ എംപി പ്രിയങ്കയ്ക്ക് ഉപരിസഭയിൽ അംഗമാകാൻ വഴിയൊരുക്കുന്നതിന് താന്‍ രാജിവെച്ച് ഒഴിയാമെന്ന് വ്യക്തമാക്കിയിരുന്നു. പാർട്ടിയുടെ മറ്റ് രണ്ട് രാജ്യസഭാ എംപിമാരും സമാനമായ വാഗ്ദാനങ്ങള്‍ നൽകിയിട്ടുണ്ട്.
ലോക്സഭ തിരഞ്ഞെടുപ്പില്‍ പ്രിയങ്കാ ഗാന്ധി സ്വീകരിക്കേണ്ട പദവികളെക്കുറിച്ച് മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് പാർട്ടിയിലെ ചില പ്രമുഖ നേതാക്കളുമായി ചർച്ച നടത്തിയത്. താരപ്രചാരകയെന്ന നിലയിൽ പ്രിയങ്ക പാർട്ടിക്കും സഖ്യ കക്ഷികള്‍ക്കും വലിയ മുതൽക്കൂട്ടാകുമെന്നായിരുന്നു മിക്ക നേതാക്കളുടെയും അഭിപ്രായം.
ഇത്തരമൊരു സാഹചര്യത്തിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു. നിർണായക തെരഞ്ഞെടുപ്പിൽ മത്സരിച്ചാൽ സീറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടിവരുമെന്നും മറ്റൊരിടത്ത് കൂടുതൽ സമയം ചെലവഴിക്കാനാകില്ലെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു. പ്രിയങ്കാ ഗാന്ധി തങ്ങളുടെ സ്ഥാനാർത്ഥികൾക്ക് വേണ്ടി പ്രചാരണം നടത്തിയാൽ പാർട്ടിക്ക് കൂടുതൽ നേട്ടമുണ്ടാകുമെന്ന് സംഖ്യകക്ഷികളും കരുതുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിലൂടെ പ്രിയങ്ക തെരഞ്ഞെടുപ്പിൽ വലിയൊരു മുഖമായി ഉയർന്നുവരുമെന്ന് ചില നേതാക്കൾ അഭിപ്രായപ്പെട്ടിരുന്നുവെങ്കിലും ഭൂരിപക്ഷം ഈ നീക്കത്തിന് എതിരായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടി ആരെയും പ്രധാനമന്ത്രിയായി ഉയർത്തേണ്ടതില്ലെന്നും ഇത് യുപിഎ സഖ്യത്തിൽ ചേരാൻ സഖ്യകക്ഷികൾക്ക് കൂടുതൽ ആത്മവിശ്വാസം നൽകുമെന്നും മിക്ക നേതാക്കളും അഭിപ്രായപ്പെട്ടു.
നെഹ്‌റു-ഗാന്ധി കുടുംബത്തിലെ ഒരു അംഗവും ഇത്തവണ അമേഠി സീറ്റിൽ നിന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ലെന്നും തീരുമാനിച്ചിട്ടുണ്ട്. 'അമേഠി സീറ്റിൽ കുടുംബത്തിനും കോൺഗ്രസ് പാർട്ടിക്കും താൽപ്പര്യമില്ല. ഈ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ നിർത്തിയേക്കില്ല. മഹാസഖ്യം ഉണ്ടായാൽ കോൺഗ്രസ് ഈ സീറ്റ് സഖ്യകക്ഷികൾക്ക് വിട്ടുനൽകാൻ സാധ്യതയുണ്ട്'- പാർട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് എബിപി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
സോണിയാ ഗാന്ധിയുടെ റായ്ബറേലി സീറ്റ് സംബന്ധിച്ചും പാർട്ടി ഇതുവരെ വ്യക്തമായ ഒരു നിഗമനത്തിലെത്തിയിട്ടില്ല. എന്നാൽ, സഖ്യമുണ്ടായാലും റായ്ബറേലിയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ നിർത്തും. സോണിയ തിരഞ്ഞെടുപ്പിൽ മത്സരിച്ചില്ലെങ്കിൽ നെഹ്‌റു-ഗാന്ധി കുടുംബവുമായി അടുപ്പമുള്ള ഒരാളെയാവും റായ്ബറേലിയിലെ കോൺഗ്രസ് സ്ഥാനാർഥിയായി രംഗത്തിറക്കുക.












Click it and Unblock the Notifications