സഹായം തേടുന്ന അഫ്ഗാൻ പൗരൻമാരെ സംരക്ഷിക്കണം; ഉന്നതതല യോഗത്തിൽ പ്രധാനമന്ത്രി
ദില്ലി; അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ എല്ലാ ഇന്ത്യക്കാരേയും വരും ദിവസങ്ങളിൽ തന്നെ ഒഴിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. താലിബാൻ നിയന്ത്രണത്തിലായ അഫ്ഗാനിസ്ഥാനിലെ സാഹചര്യം വിലയിരുത്താൻ ചേർന്ന ഉന്നതല യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സഹായം തേടുന്ന അഫ്ഗാൻ പൗരൻമാരെ സംരക്ഷിക്കണമെന്നും മോദി വ്യക്തമാക്കി.

ഇന്ത്യ നമ്മുടെ പൗരന്മാരെ സംരക്ഷിക്കുക മാത്രമല്ല, ഇന്ത്യയിലേക്ക് വരാൻ ആഗ്രഹിക്കുന്ന സിഖ്, ഹിന്ദു ന്യൂനപക്ഷങ്ങൾക്കും ഇന്ത്യ അഭയം നൽകണം. കൂടാതെ ഇന്ത്യയുടെ സഹായം തേടുന്ന മുഴുവൻ അഫ്ഗാൻ സഹോദരങ്ങൾക്കും സാധ്യമായ എല്ലാ സഹായങ്ങളും നൽകണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയതായി സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ദി ഹിന്ദു റിപ്പോർട്ട് ചെയ്തു. അഫ്ഗാനിസ്ഥാനിലെ നിലവിലെ സാഹചര്യത്തെ കുറിച്ചും യോഗം വിശദമായി ചർച്ച ചെയ്തു. ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ധനമന്ത്രി നിര്‍മല സീതാരാമന്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
അതേസമയം കാബൂളിലെ ഇന്ത്യന്‍ എംബസിയില്‍ കുടുങ്ങിയ 200ലധികം ഉദ്യോഗസ്ഥരെയും സുരക്ഷാ ഭടന്‍മാരെയും കുടുംബാംഗങ്ങളെയും വ്യോമസേനയുടെ വിമാനത്തിൽ ഇന്ത്യ തിരിച്ചെത്തിച്ചു.അതേസമയം ഇന്ത്യക്കാരായ 1650 പേര്‍ അഫ്ഗാനിസ്താനില്‍ നിന്ന് തിരികെയെത്തുന്നതിന് അപേക്ഷ നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. അതിനിടെ കാബൂളിലെ ഇന്ത്യൻ എംബസി അടച്ചിട്ടില്ലെന്നാമ് റിപ്പോർട്ട്. എംബസിയിലെ പ്രാദേശിക ഉദ്യോഗസ്ഥർ ഇന്ത്യയിലേക്കുള്ള പൗരൻമാരുടെ മടക്കത്തിനുള്ള നടപടികൾ സ്വീകരിച്ച് വരികയാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
അതിനിടെ അഫ്ഗാന്റെ പൂർണ നിയന്ത്രണം ഏറ്റെടുത്ത പിന്നാലെ നയം വ്യക്തമാക്കി താലിബാൻ രംഗത്തെത്തി. വീണ്ടുമൊരു യുദ്ധത്തിന് ആഗ്രഹിക്കുന്നില്ലെന്നും അഫ്ഗാനിസ്ഥാനിൽ നിന്ന് മറ്റൊരു രാജ്യത്തിനും ഭീഷണി ഉയരില്ലെന്നും താലിബാന്‍ വക്താവ് സബീനുള്ള മുജാഹിദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.രാജ്യത്തിനകത്തോ പുറത്തോ ഞങ്ങള്‍ ശത്രുക്കളെ ആഗ്രഹിക്കുന്നില്ല.കാബൂളിൽ അരാജകത്വം കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല താലിബാൻ വക്താവ് പറഞ്ഞു. ശരീഅത്ത് അനുസരിച്ച് സ്ത്രീകളുടെ അവകാശങ്ങൾക്കായി ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.അവർ ഞങ്ങളോടൊപ്പം തോളോട് തോൾ ചേർന്ന് പ്രവർത്തിക്കും. സ്ത്രീകളോട് യാതൊരു തരത്തിലുള്ള വിവേചനവും കാണിക്കില്ലെന്ന് അന്താരാഷ്ട്ര സമൂഹത്തിന് ഉറപ്പ് നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നും താലിബാൻ വ്യക്തമാക്കി.












Click it and Unblock the Notifications