
അഗ്നിപഥിനെതിരെ പ്രതിഷേധം ശക്തം; ബീഹാറില്‍ ബിജെപി ഓഫീസിന് തീയിട്ടു, എംഎല്‍എയുടെ കാര്‍ കത്തിച്ചു
പാറ്റ്‌ന: സായുധ സേനയുടെ റാഡിക്കല്‍ റിക്രൂട്ട്മെന്റ് പദ്ധതിയായ അഗ്‌നിപഥിനെതിരായ പ്രതിഷേധം ഇന്നും അക്രമാസക്തമായി. ബിഹാറിന്റെ വിവിധ ഭാഗങ്ങളില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും പ്രതിഷേധം ശക്തമായി തുടരുകയാണ്. റെയില്‍- റോഡ് ഗതാഗതം സ്തഭിച്ചു. ബീഹാര്‍ ബി ജെ പി ഓഫീസ് തീവച്ചു.
പുതിയ ഹ്രസ്വകാല റിക്രൂട്ട്മെന്റ് സ്‌കീം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രോഷാകുലരായ യുവാക്കള്‍ ട്രെയിനുകള്‍ക്ക് തീയിടുകയും, റെയില്‍, റോഡ് ഗതാഗതം സ്തംഭിപ്പിക്കുകയും ചെയ്തു. ബസുകളുടെ ജനല്‍ ചില്ലുകള്‍ തകര്‍ത്തു, ഒരു ഭരണകക്ഷി എം എല്‍ എയുടെ കാര്‍ കത്തിച്ചു. വലിയ പ്രതിഷേധമാണ് സംസ്ഥാനത്ത് അരങ്ങേറുന്നത്.
പ്രതിഷേധത്തെ തുടര്‍ന്ന് 22 ട്രെയിനുകള്‍ റദ്ദാക്കുകയും അഞ്ചെണ്ണം നിര്‍ത്തേണ്ടി വരികയും ചെയ്തതായി ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ അറിയിച്ചു. ഭാഭുവ റോഡ് റെയില്‍വേ സ്റ്റേഷനിലെ ഇന്റര്‍സിറ്റി എക്സ്പ്രസ് ട്രെയിനിന്റെ ചില്ലുകള്‍ അടിച്ചുതകര്‍ക്കുകയും ഒരു കോച്ചിന് തീയിടുകയും ചെയ്തു. 'ഇന്ത്യന്‍ ആര്‍മി പ്രേമികള്‍' എന്ന ബാനര്‍ പിടിച്ച് അവര്‍ പുതിയ റിക്രൂട്ട്മെന്റ് സ്‌കീം നിരസിച്ചുകൊണ്ട് മുദ്രാവാക്യം വിളിച്ചാണ് പ്രതിഷേധിച്ചത്.
നവാഡയില്‍ കോടതിയിലേക്ക് പോവുകയായിരുന്ന ബി ജെ പി എം എല്‍ എ അരുണാ ദേവിയുടെ വാഹനത്തിന് നേരെ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു. എംഎല്‍എ അടക്കം അഞ്ച് പേര്‍ക്ക് പരിക്കേറ്റു. നവാഡയിലെ ബി ജെ പി ഓഫീസാണ് തീയിട്ടത്. അറായിലെ റെയില്‍വേ സ്റ്റേഷനില്‍, പോലീസിന് നേരെ കല്ലെറിഞ്ഞ പ്രതിഷേധക്കാരുടെ ഒരു വലിയ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസിന് കണ്ണീര്‍ വാതക ഷെല്ലിംഗ് പ്രയോഗിക്കേണ്ടി വന്നു. നവാഡയില്‍, യുവാക്കളുടെ സംഘങ്ങള്‍ റെയില്‍വെ ക്രോസിംഗില്‍ ടയറുകള്‍ കത്തിക്കുകയും ടൂര്‍ ഓഫ് ഡ്യൂട്ടി സ്‌കീം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
അതേസമയം, അഗ്നിപഥ് പദ്ധതിക്കെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. സൈന്യത്തിന്റെ മരണമൊഴി മുഴക്കുന്നതാണ് പദ്ധതിയെന്ന് സൈനിക നടപടികളുടെ ചുമതലയുണ്ടായിരുന്ന വിനോദ് ഭാട്യ പറഞ്ഞിരുന്നു. നാല് വര്‍ഷം കൊണ്ട് ഒരു സൈനികനെ സജ്ജമാക്കാന്‍ പര്യാപ്തമല്ലെന്ന് വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നു. യുദ്ധം പോലുള്ള നിര്‍ണായക ഘട്ടത്തില്‍ താല്‍ക്കാലിക സര്‍വീസുകാര്‍ ആത്മാര്‍ത്ഥത കാട്ടില്ലെന്ന് വിമര്‍ശനവും ഉയരുന്നുണ്ട്.
എന്നാല്‍ പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് കേന്ദ്രം. അഗ്‌നിപഥ് പദ്ധതിയെ ന്യായീകരിച്ച് കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തി. പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന നയം വ്യക്തമാക്കുന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം. പല രാജ്യങ്ങളും സമാനമായ നിയമനം സൈന്യത്തില്‍ നടത്തുന്നുണ്ടെന്നും രണ്ട് വര്‍ഷത്തോളം നീണ്ട കൂടിയാലോചനകള്‍ക്ക് ശേഷമാണ് ഈ തീരുമാനമെടുത്തതെന്നും കേന്ദ്രം പറയുന്നു.