പഞ്ചാബ് ഫെബ്രുവരി 14 ന് ബൂത്തിലേക്ക്; വോട്ടെണ്ണല്‍ മാര്‍ച്ച് 10 ന്
അമൃത്സര്‍: 16-ാം പഞ്ചാബ് നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ഫെബ്രുവരി 14 ന് നടക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശനിയാഴ്ച വൈകീട്ടോടെയാണ് തിയതി പ്രഖ്യാപിച്ചത്.
117 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ മാര്‍ച്ച് 10 ന് നടക്കും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി ജനുവരി 28 ആണ്. ജനുവരി 31 നാണ് നിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി.

2017-ല്‍ തിരഞ്ഞെടുക്കപ്പെട്ട നിലവിലെ നിയമസഭയുടെ കാലാവധി മാര്‍ച്ച് 27-നാണ് അവസാനിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 117-ല്‍ 77 സീറ്റുകള്‍ നേടി അധികാരത്തിലെത്തുകയായിരുന്നു. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ പഞ്ചാബില്‍ മാത്രമാണ് കോണ്‍ഗ്രസിന് അധികാരമുള്ളത്.
ശിരോമണി അകാലിദള്‍, ബി ജെ പി, ആം ആദ്മി പാര്‍ട്ടികളാണ് സംസ്ഥാനത്തെ മറ്റ് പ്രബല കക്ഷികള്‍. എന്നാല്‍ 2017 ലെ സാഹചര്യത്തില്‍ നിന്ന് ഏറെ വിഭിന്നമാണ് സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ കാലാവസ്ഥ. 2017 ല്‍ ബി ജെ പിയും ശിരോമണി അകാലിദളും സഖ്യമായാണ് മത്സരിച്ചതെങ്കില്‍ ഇത്തവണ രണ്ട് കൂട്ടരും രണ്ട് പക്ഷത്താണ്.
കാര്‍ഷിക നിയമത്തെ ചൊല്ലിയാണ് ശിരോമണി അകാലിദള്‍ ബി ജെ പി സഖ്യം വിട്ടത്. കാര്‍ഷിക നിയമം ഏറ്റവും കൂടുതല്‍ ചര്‍ച്ചയാകുന്ന തെരഞ്ഞെടുപ്പ് കൂടിയാണ് പഞ്ചാബില്‍ നടക്കാനിരിക്കുന്നത്. കോണ്‍ഗ്രസും കഴിഞ്ഞ തവണത്തേക്കാള്‍ മാറിയ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്.
2017 ല്‍ കോണ്‍ഗ്രസിന് തിളക്കമാര്‍ന്ന വിജയം സമ്മാനിച്ച ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് ഇന്ന് അവരോടൊപ്പമില്ല എന്നത് തന്നെയാണ് കോണ്‍ഗ്രസിന് തിരിച്ചടിയാകുന്ന ഘടകം. പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജോത് സിംഗ് സിദ്ദുവുമായുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് മുഖ്യമന്ത്രി സ്ഥാനവും പാര്‍ട്ടി അംഗത്വവും രാജിവെച്ച അമരീന്ദറിന് സംസ്ഥാനത്ത് കൃത്യമായ വേരോട്ടമുണ്ട്.
പാര്‍ട്ടി വിട്ട ശേഷം ബി ജെ പിയുമായി അടുത്ത അമരീന്ദര്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചത് കോണ്‍ഗ്രസിന് തലവേദനയാകും. എന്നാല്‍ കാര്‍ഷിക നിയമത്തിലെ കേന്ദ്രസര്‍ക്കാരിനെതിരായ പ്രതിഷേധവും ഭരണത്തിന് അനുകൂലമായ നിലപാടുമാണ് കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കുന്നത്.
അതേസമയം ബി ജെ പി സഖ്യം വിട്ട ശിരോമണി അകാലിദളും തികഞ്ഞ പ്രതീക്ഷയിലാണ്. കാര്‍ഷിക നിയമത്തിന്റെ തുടക്കത്തില്‍ തന്നെ ബി ജെ പിയുടെ എന്‍ ഡി എ മുന്നണി വിട്ട ശിരോമണി അകാലിദള്‍ ഇത് തന്നെയാകും പ്രചരണത്തിനുപയോഗിക്കുക. ഒപ്പം ഇടത് പാര്‍ട്ടികളേയും ബി എസ് പിയേയും കൂട്ടിയാണ് ശിരോമണി അകാലി ദള്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷമായ ആം ആദ്മി പാര്‍ട്ടിയും വലിയ പ്രതീക്ഷയിലാണ് തെരഞ്ഞെടുപ്പിനെ കാണുന്നത്. ദല്‍ഹിയ്ക്ക് പുറത്ത് ആം ആദ്മി ഏറ്റവും മികച്ച പ്രകടനം നടത്തുന്ന സ്ഥലമാണ് പഞ്ചാബ്. കാര്‍ഷിക നിയമത്തിലും ദല്‍ഹി മോഡലിലും ഊന്നിയായിരിക്കും ആം ആദ്മി പാര്‍ട്ടിയുടെ പ്രചരണം.












Click it and Unblock the Notifications