പുഷ്പ 2: ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ കുടുംബത്തിന് 2 കോടി രൂപ നല്‍കും: അല്ലു അർജുന്റെ വക 1 കോടി
ഹൈദരാബാദ്: പുഷ്പ 2 പ്രീമിയർ ഷോയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ കുടുംബത്തിന് ധനസഹായവുമായി അല്ലു അർജുനും നിർമ്മാതാക്കളും. രണ്ട് കോടി രൂപയുടെ ധനസഹായമാണ് അല്ലു അർജുൻ്റെ പിതാവും നിർമ്മാതാവുമായ അല്ലു അരവിന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബർ 4 ന് ഹൈദരാബാദ് സന്ധ്യ തിയറ്ററിലെ പ്രീമിയർ ഷോയ്ക്കിടെയുണ്ടായ അപകടത്തില്‍ കുട്ടിയുടെ അമ്മ ദിൽഷുക്നഗർ സ്വദേശിനി രേവതി (39) മരണപ്പെട്ടിരുന്നു.
കുട്ടി സുഖം പ്രാപിക്കുന്നുവെന്നും ഇപ്പോൾ വെന്റിലേറ്റർ സഹായമില്ലാതെ ശ്വസിക്കാൻ കഴിയുന്നുണ്ടെന്നും അറിഞ്ഞത് വലിയ ആശ്വാസമാണെന്നും അല്ലു അരവിന്ദ് അഭിപ്രായപ്പെട്ടു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയില്‍ കഴിയുന്ന കുട്ടിയെ മുതിർന്ന നിർമ്മാതാവ് ദിൽ രാജു ഉൾപ്പെടെയുള്ളവർ സന്ദർശിച്ചു.

"കുട്ടി സുഖം പ്രാപിച്ചുവരികയാണ്. ഇപ്പോൾ അവൻ വെന്റിലേറ്ററിന്റെ സഹായമില്ലാതെ ശ്വസിക്കുന്നു. കുടുംബത്തെ സഹായിക്കാന്‍ അദ്ദേഹത്തിന് 2 കോടി രൂപ നല്‍കാന്‍ ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. അല്ലും അർജുന്‍ 1 കോടി രൂപയും നിർമാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സും സംവിധായകൻ സുകുമാറും 50 ലക്ഷം രൂപ വീതമായിരിക്കും നല്‍കുക. തെലങ്കാന ഫിലിം ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ (എഫ് ഡി സി) ചെയർമാൻ ദിൽ രാജു മുഖേന ഞങ്ങൾ ഈ പണം കൂടുംബത്തിന് കൈമാറും" അല്ലു അരവിന്ദ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കുട്ടിയുടെ കുടുംബത്തെ സന്ദർശിച്ചിരുന്നോ എന്ന ചോദ്യത്തോട്, നിയമപരമായ പ്രശ്‌നങ്ങൾ കാരണം എനിക്ക് കുടുംബവുമായി ബന്ധപ്പെടാന്‍ കഴിയില്ലെന്നായിരുന്നു അല്ലു അരവിന്ദിന്റെ പ്രതികരണം. പോലീസ് അനുമതിയോടെയാണ് 10 ദിവസം മുമ്പ് ഒരിക്കൽ ഞാൻ അദ്ദേഹത്തെ സന്ദർശിച്ചതെന്നും അല്ലു അർജുന്റെ പിതാവ് കൂട്ടിച്ചേർത്തു.
വിഷയത്തില്‍ സർക്കാറുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിക്കുന്നുണ്ടെന്ന് ദിൽ രാജുവും വ്യക്തമാക്കി. "നാളെ മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുമായി ഒരു കൂടിക്കാഴ്ച നടത്താൻ തെലങ്കാന ഫിലിം ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ പ്രതിനിധികള്‍ പദ്ധതിയിട്ടിട്ടുണ്ട്. ഞങ്ങൾ അതിനായി അപ്പോയിൻ്റ്മെൻ്റ് എടുക്കുകയും യോഗത്തിലെ സിനിമ മേഖലയിലെ പ്രമുഖരെയെല്ലാം വിളിക്കുകയും ചെയ്തിട്ടുണ്ട്" ദിൽ രാജു പറഞ്ഞു.
അതേസമയം, സംഭവത്തില്‍ അല്ലു അർജുനെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുകയാണ് സർക്കാർ. നരഹത്യ കേസിൽ പ്രതിയായ അല്ലു അർജുനെ കഴിഞ്ഞ ദിവസം ഹൈദരാബാദ് പൊലീസ് മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. അല്ലു അർജുനൊപ്പം ഉണ്ടായിരുന്ന ബൗൺസർമാർ സിനിമ കാണാനെത്തിയവരെ നേരിടുകയും മരിച്ച രേവതിയെ തൂക്കിയെടുത്ത് കൊണ്ടുപോകുകയും ചെയ്യുന്ന ദൃശ്യങ്ങളും പൊലീസ് പുറത്ത് വിട്ടിരുന്നു.












Click it and Unblock the Notifications