ചൂരചാന്ദ്പൂരില്‍ ക്യാമ്പിലെത്തി രാഹുല്‍ ഗാന്ധി, പ്രദേശവാസികളുമായി സംസാരിച്ചു; ഗവര്‍ണറെ കാണും
ഇംഫാല്‍: മണിപ്പൂരില്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സന്ദര്‍ശിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ജിബ്രാമിലെയും ചൂരചാന്ദ്പൂരിലെയും ദുരിതാശ്വാസ ക്യാമ്പുകള്‍ അദ്ദേഹം സന്ദര്‍ശിച്ചു. മെയ്തികളും കുക്കികളും തമ്മിലുള്ള ഏറ്റുമുട്ടലിനെ തുടര്‍ന്ന് വീടുകള്‍ അടക്കം നഷ്ടപ്പെട്ട ജനങ്ങളുമായി അദ്ദേഹം സംസാരിച്ചു.
മൊയ്‌റാംഗിലെയും ക്യാമ്പ് രാഹുല്‍ സന്ദര്‍ശിച്ചുവെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ട ശേഷം രാഹുല്‍ ഗാന്ധി ആദ്യമായിട്ടാണ് മണിപ്പൂര്‍ സന്ദര്‍ശിക്കുന്നത്. ഇന്ന് വൈകീട്ട് ആറ് മണിക്ക് ഗവര്‍ണര്‍ അനസൂയ് ഉയിക്കെയെയും അദ്ദേഹം സന്ദര്‍ശിക്കും.

മണിപ്പൂരില്‍ കലാപം നടന്നപ്പോള്‍ രണ്ട് തവണ രാഹുല്‍ സന്ദര്‍ശിച്ചിരുന്നു. ജൂലായ് രണ്ടിന് പ്രധാനമന്ത്രിയുടെ പ്രസംഗത്തെ പ്രതിപക്ഷം മണിപ്പൂരിന് നീതി ലഭിക്കണമെന്ന മുദ്രാവാക്യം ഉയര്‍ത്തി തടസ്സപ്പെടുത്തിയിരുന്നു. രാജ്യസഭയിലും സമാനമായ പ്രതിഷേധങ്ങളുണ്ടായിരുന്നു. നേരത്തെ സിലിച്ചറില്‍ നിന്നാണ് രാഹുല്‍ ഇംഫാല്‍ വിമാനത്താവളത്തിലെത്തിയത്.
അവിടെ നിന്ന് ചൂരചാന്ദ്പൂരിലെ ക്യാമ്പിലെത്തുകയായിരുന്നു. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കെയ്ഷാം മേഘചന്ദ്രയും പാര്‍ട്ടി നേതാവ് ഇബോബി സിംഗും ഒപ്പമുണ്ടായിരുന്നു. കലാപം ബാധിക്കപ്പെട്ടവര്‍ക്ക് പിന്തുണയുമായിട്ടാണ് രാഹുല്‍ എത്തിയതെന്ന് മേഘചന്ദ്ര പറഞ്ഞു.
രാഹുല്‍ എത്തുന്നതിന് മുമ്പ് വെടിവെപ്പ്
രാഹുല്‍ ഗാന്ധി മണിപ്പൂരില്‍ എത്തുന്നതിന് മുമ്പ് ജിരിഭാമില്‍ വിഘടനവാദികള്‍ സുരക്ഷാ വാഹനത്തിന് നേരെ വെടിയുതിര്‍ത്തു. ഇന്ന് രാവിലെയാണ് വെടിവെപ്പുണ്ടായത്. അസമില്‍ നിന്നാണ് രാഹുല്‍ മണിപ്പൂരിലേക്ക് എത്തിയത്. അതേസമയം വെടിവെപ്പില്‍ വിഘടനവാദികളെന്ന് സംശയിക്കുന്ന രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇവരെ ചോദ്യം ചെയ്ത് വരികയാണ്. സൈനിക വാഹനം വെടിയുണ്ടയേറ്റ് തുളഞ്ഞ നിലയിലാണ്. ദൃശ്യങ്ങളില്‍ നിന്ന് രണ്ട് വിഘടനവാദികളെ സൈനികര്‍ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നത് കാണാം. കഴിഞ്ഞ ദിവസം രാത്രിയില്‍ വിഘടനവാദികള്‍ ജിറിഭാവിലെ ഒരു വീടും കത്തിക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു.
വേഗത്തില്‍ തീയണച്ചുവെന്നും, ആളപായമൊന്നും ഇല്ലെന്നും പോലീസ് പറഞ്ഞു. ജിരിഭാമിലെ സ്‌കൂള്‍ ക്യാമ്പില്‍ ഉള്ളവരെ രാഹുല്‍ നേരിട്ടെത്തി കണ്ടിട്ടുണ്ട്. മണിപ്പൂരിനോടുള്ള പ്രത്യേക താല്‍പര്യമാണ് രാഹുല്‍ ഇവിടെയെത്താന്‍ കാരണം. മണിപ്പൂരുകാരുടെ ഏറ്റവും മോശം സമയത്താണ് രാഹുല്‍ പിന്തുണ നല്‍കിയതെന്നും കോണ്‍ഗ്രസ് എക്‌സില്‍ കുറിച്ചു.
അതേസമയം ജിരിഭാവില്‍ നിന്നാണ് രാഹുല്‍ ഇംഫാലിലെത്തിയത്. ബിഷ്ണുപൂര്‍ ജില്ലയിലെ മൊയ്‌റാംഗിലും, ചൂരചാന്ദ്പൂരിലും അതിന് ശേഷമാണ് എത്തിയത്. ഇംഫാലില്‍ രാഹുല്‍ വാര്‍ത്താസമ്മേളനം നടത്തുന്നുണ്ട്. നേരത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മണിപ്പൂരിലെ രണ്ട് സീറ്റും കോണ്‍ഗ്രസ് വിജയിച്ചിരുന്നു.












Click it and Unblock the Notifications