രാഹുല്‍ ഗാന്ധിക്ക് തിരിച്ചടി: അപ്പീല്‍ തള്ളി ജില്ലാ കോടതിയും, അയോഗ്യത തുടരും
സൂറത്ത്: മാനനഷ്ട കേസില്‍ രാഹുല്‍ ഗാന്ധിക്ക് തിരിച്ചടി. സൂറത്ത് കോടതി വിധി റദ്ദാക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ ആവശ്യം സൂറത്ത് ജില്ലാ കോടതി തള്ളി. ഇതോടെ എംപി സ്ഥാനത്ത് രാഹുല്‍ ഗാന്ധിയുടെ അയോഗ്യനാക്കിയ ഉത്തരവും നിലനില്‍ക്കും. ഇനി ഹൈക്കോടതിയുടെ സമീപിക്കുകയാണ് രാഹുലിന്റെ മുന്നിലുള്ള വഴി. ആദ്യം തന്നെ ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങിയിരുന്നെങ്കിലും ആദ്യം ജില്ലാ കോടതിയെ സമീപിക്കൂ എന്ന നിർദേശം ലഭിച്ചേക്കും എന്ന നിയമോപദേശം ലഭിച്ച സാഹചര്യത്തിലാണ് രാഹുല്‍ അപ്പീലുമായി സൂറത്ത് കോടതിയെ സമീപിച്ചിരുന്നത്.
ജഡ്ജി ആർഎസ് മൊഗേരയാണ് വിശദമായ വാദം കേട്ട ശേഷം ഹർജി തള്ളിയത്. ഹൈക്കോടതിയെ സമീപിക്കാനുള്ള തയ്യാറെടുപ്പും രാഹുലിന്‍റെ അഭിഭാഷക സംഘം ഇതിനോടകം തന്നെ നടത്തിയിട്ടുണ്ട്. നിയമപരമായി നിലനിൽപ്പില്ലാത്ത കേസിലാണ് സൂറത്തിന് സിജെഎം കോടതി വിധി പറഞ്ഞതെന്നായിരുന്നു രാഹുല്‍ ഗാന്ധിക്ക് വേണ്ടി ഹാജരായ അഭിഭാഷകർ വാദിച്ചത്.

2019 ലെ ലോക്സഭ തിരഞ്ഞെടുപ്പ് സമയത്ത് കോലാറില്‍ നടത്തിയ വിവാദ മോദി പരാമർശത്തിന്റെ പേരിലായിരുന്നു ബി ജെ പി നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ സൂറത്ത് കോടതിയില്‍ മാനനഷ്ടകേസ് ഫയല്‍ ചെയ്തത്. രാഹുല്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി രാഹുല്‍ ഗാന്ധിക്ക് പരമാവധി ശിക്ഷയായ രണ്ട് വർഷത്തെ തടവ് ശിക്ഷ വിധിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയെ വയനാട് എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കിക്കൊണ്ടുള്ള ഉത്തരവ് ലോക്സഭ സെക്രട്ടറിയേറ്റ് പുറപ്പെടുവിപ്പിച്ചത്.
ഹർജി ജില്ലാ കോടതി തള്ളിയതോടെ എംപിയെന്ന നിലയിൽ അനുവദിച്ച ഔദ്യോഗിക ബംഗ്ലാവ് രാഹുല്‍ ഗാന്ധിക്ക് ഒഴിയേണ്ടി വരും. ബംഗ്ലാവ് ഏപ്രിൽ 22നകം ഒഴിയാൻ രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടിരുന്നു. വസതി ഒഴിയാന്‍ തയ്യാറാണെന്ന് രാഹുല്‍ ഗാന്ധി അറിയിച്ചിട്ടുണ്ട്. വീട്ടിലുള്ള സാധനങ്ങളെല്ലാം ഇതിനോടകം മാറ്റുകയും ചെയ്തിട്ടുണ്ട്. രാഹുലിന്റെ ഓഫീസും ഇവിടെ തന്നെയായിരുന്നു പ്രവർത്തിച്ചിരുന്നത്.
'എല്ലാ കള്ളന്മാർക്കും മോദി എന്ന പേര് പൊതുവെയുള്ളത് എന്തുകൊണ്ടാണെന്ന്' എന്നായിരുന്നു കോലാറിലെ രാഹുല്‍ ഗാന്ധിയുടെ വിവാദ പരാമർശം. ഇതേ തുടർന്നാണ് ഗുജറാത്തിലെ ബിജെപി നേതാവ് പൂർണേഷ് മോദി രാഹുല്‍ ഗാന്ധിക്കെതിരെ മാനനഷ്ട കേസ് ഫയല്‍ ചെയ്യുന്നത്. രാഹുലിന്റെ പരാമർശം മോദി എന്നു പേരുള്ള എല്ലാവരെയും അപമാനിക്കുന്നതിനു തുല്യമാണെന്നും തനിക്കും വ്യക്തിപരമായി വിഷമം ഉണ്ടാക്കിയെന്നുമായിരുന്നു പൂർണ്ണേഷ് മോദിയുടെ വാദം.












Click it and Unblock the Notifications