'2024ലെ തിരഞ്ഞെടുപ്പിൽ ബിജെപിയെ തോൽപ്പിക്കാനാകും', വഴി പറഞ്ഞ് രാഹുൽ ഗാന്ധി അമേരിക്കയിൽ
ഡല്‍ഹി: ബിജെപിയെ പരാജയപ്പെടുത്താന്‍ സാധിക്കുമെന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രതിപക്ഷം ഒരുമിച്ച് അണിനിരന്നാല്‍ അതിന് സാധിക്കും. കോണ്‍ഗ്രസ് പാര്‍ട്ടി അതിന് വേണ്ടി പരിശ്രമിക്കുകയാണെന്നും കാര്യങ്ങള്‍ മികച്ച രീതിയില്‍ മുന്നോട്ട് പോകുന്നുണ്ട് എന്നും രാഹുല്‍ ഗാന്ധി അമേരിക്കയില്‍ പറഞ്ഞു.
ബിജെപിയുടെ ദൗര്‍ബല്യങ്ങള്‍ വളരെ വ്യക്തമാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് വിജയം ചൂണ്ടിക്കാണിച്ച് കൊണ്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍. അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ സാന്താ ക്രൂസില്‍ സിലിക്കണ്‍ വാലി ക്യാംപസില്‍ സംഘടിപ്പിച്ച സംവാദ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

കര്‍ണാടക തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വലിയ പോരാട്ടം നടത്തി ബിജെപിയെ തോല്‍പ്പിച്ചുവെന്ന് പറയുമ്പോഴും അതിന് പിന്നില്‍ ഉപയോഗിച്ച തന്ത്രങ്ങളെ കുറിച്ച് വലിയ തോതില്‍ ചര്‍ച്ചകള്‍ നടന്നിട്ടില്ല. വേറിട്ട ഒരു രീതിയാണ് ആ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്വീകരിച്ചത്. ഭാരത് ജോഡോ യാത്ര കര്‍ണാടക തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ സഹായിച്ചുവെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
കോണ്‍ഗ്രസ് ചിലവഴിച്ചതിന്റെ പത്തിരട്ടി പണമാണ് ബിജെപി കര്‍ണാടക തിരഞ്ഞെടുപ്പില്‍ ചിലവാക്കിയതെന്നും രാഹുല്‍ പറഞ്ഞു. ഭാരത് ജോഡോ യാത്ര തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ മുഴുവന്‍ ശക്തിയും ഉപയോഗിച്ചുവെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. ബിജെപി ആളുകളെ ഭീഷണിപ്പെടുത്തുകയും സര്‍ക്കാര്‍ ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയുമാണ്. എന്നാല്‍ ഒന്നും ഫലം കണ്ടില്ല. മാത്രമല്ല ഭാരത് ജോഡോ യാത്രയുടെ സ്വാധീനം ജനങ്ങള്‍ക്കിടയില്‍ വര്‍ധിക്കുകയും ചെയ്തുവെന്നും രാഹുല്‍ പറഞ്ഞു.
'2024ലെ തിരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്‍പിക്കാന്‍ പ്രതിപക്ഷ ഐക്യം മാത്രം പോര. മറ്റ് ചില കാര്യങ്ങള്‍ കൂടി വേണം. ബിജെപിക്ക് എതിരായുളള ഒരു കാഴ്ചപ്പാട് നിര്‍മ്മിച്ചെടുക്കാന്‍ കൂടി സാധിക്കണം. അത്തരമൊരു കാഴ്ചപ്പാട് രൂപപ്പെടുത്തുന്നതിലേക്കുളള ആദ്യത്തെ ചുവടായിരുന്നു ഭാരത് ജോഡോ യാത്ര. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും യോജിക്കുന്ന ഒരു കാഴ്ചപ്പാടാണ് അത്'. ഭാരത് ജോഡോ യാത്ര മുന്നോട്ട് വെച്ച സന്ദേശത്തെ ഒരു പ്രതിപക്ഷ പാര്‍ട്ടിയും എതിര്‍ക്കില്ലെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications