തനിക്ക് വഴികാട്ടിയെ നഷ്ടമായെന്ന് രാഹുല്‍ ഗാന്ധി: പരുക്കന്‍ രാഷ്ട്രീയ ലോകത്തെ മാന്യനായ മനുഷ്യനെന്ന് പ്രിയങ്ക
ഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ വിയോഗത്തിലൂടെ തനിക്ക് വഴികാട്ടിയെ നഷ്ടമായെന്ന് രാഹുല്‍ ഗാന്ധി. 'അദ്ദേഹത്തിന്റെ വിനയവും സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ചുള്ള ധാരണയും രാജ്യത്തിന് പ്രചോദനമായി. എനിക്ക് ഒരു ഉപദേശകനേയും വഴികാട്ടിയേയും നഷ്ടപ്പെട്ടിരിക്കുന്നു. അദ്ദേഹത്തെ ആരാധിച്ച ദശലക്ഷക്കണക്കിനാളുകള്‍ മന്‍മോഹന്‍ സിങിനെ അഭിമാനത്തോടെ ഓര്‍ക്കും', രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു.
രാഷ്ട്രീയത്തില്‍ മന്‍മോഹന്‍ സിങ്ങിനോളം ബഹുമാനിക്കപ്പെടുന്നവര്‍ അപൂര്‍വമാണെന്നായിരുന്നു പ്രിയങ്ക ഗാന്ധിയുടെ അനുസ്മരണം. അദ്ദേഹത്തിന്റെ സത്യസന്ധത എന്നും നമ്മെ പ്രചോദിപ്പിക്കും. രാഷ്ട്രീയ എതിരാളിളുടെ അന്യായമായ ആക്രമണങ്ങള്‍ വിധേയനായപ്പോഴും രാഷ്ട്രത്തെ സേവിക്കാനുള്ള പ്രതിബദ്ധതയില്‍ അദ്ദേഹം ഉറച്ചുനിന്നു. രാഷ്ട്രീയത്തിന്റെ പരുക്കന്‍ ലോകത്ത് മാന്യനായ മനുഷ്യനായിരുന്നു അദ്ദേഹമെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേർത്തു.

'1985 മുതൽ സാമ്പത്തികമായി തകർന്ന ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ അടിത്തറ ഉറപ്പിക്കുകയും ഭരണ കാലയളവിൽ ഇന്ത്യൻ ഭരണഘടന ചോദ്യം ചെയ്യപ്പെടാതെ ഉറപ്പിച്ചുനിർത്തുകയും ചെയ്ത ഭരണാധികാരിയാണ് മന്‍മോഹന്‍ സിങ്' എന്നായിരുന്നു മുന്‍ പ്രധാനമന്ത്രിയെ അനുസ്മരിച്ചുകൊണ്ട് കെസി വേണുഗോപാല്‍ ഫേസ്ബുക്കില്‍ കുറിച്ചത്. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
ഇന്നത്തെ ഇന്ത്യ. ഒന്നും രണ്ടും യു.പി.എ സർക്കാരുകളുടെ കാലത്തും 33 വർഷത്തെ പൊതുപ്രവർത്തന ജീവിതത്തിലും മൻമോഹൻ സിംഗ് ഇന്ത്യയ്ക്കായി എന്ത് ചെയ്‌തെന്നതിന്റെ ഉത്തരം കൂടിയാണ് ഇന്നത്തെ ഇന്ത്യ. 1985 മുതൽ സാമ്പത്തികമായി തകർന്ന ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ അടിത്തറ ഉറപ്പിക്കുകയും ഭരണ കാലയളവിൽ ഇന്ത്യൻ ഭരണഘടന ചോദ്യം ചെയ്യപ്പെടാതെ ഉറപ്പിച്ചുനിർത്തുകയും ചെയ്ത ഭരണാധികാരി. മൻമോഹൻ സിംഗ് എന്നാൽ ഇന്ത്യക്ക് അങ്ങനെയാണ്.
മൻമോഹൻ സിംഗിന് ഇന്ത്യൻ രാഷ്ട്രീയത്തെ ആയിരുന്നില്ല, ഇന്ത്യൻ രാഷ്ട്രീയത്തിന് മൻമോഹൻ സിംഗിനെയായിരുന്നു ആവശ്യം. ധനമന്ത്രിയായിരുന്നപ്പോൾ താൻ തന്നെ തുടങ്ങിവെച്ച സാമ്പത്തിക നയങ്ങൾക്ക് പ്രധാനമന്ത്രിയായപ്പോൾ അദ്ദേഹം തന്നെ വെള്ളവും വളവും നൽകിയപ്പോൾ ഇന്ത്യൻ വിപണിയുടെ ശക്തി ക്രമേണ കൂടുകയായിരുന്നു.
തൊഴിലില്ലായ്മയും സാമ്പത്തിക പ്രതിസന്ധിയും കുറയ്ക്കാൻ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ജനാധിപത്യം എന്ന വാക്കിനെ അന്വർത്ഥമാക്കുന്ന വിവരാവകാശ നിയമം, ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 27% പിന്നാക്ക സംവരണം, കർഷകരുടെ തിരിച്ചടയ്ക്കാൻ പറ്റാത്ത കടങ്ങൾ എഴുതിത്തള്ളാനുള്ള നടപടികൾ, ആരോഗ്യരംഗത്തെ മികച്ച സേവനങ്ങൾ സാധാരണക്കാരിലേയ്ക്ക് എത്തിക്കാൻ നാഷണൽ റൂറൽ ഹെൽത്ത് മിഷൻ തുടങ്ങി രാജ്യത്തിന്റെ ആവശ്യം അറിഞ്ഞുള്ള തീരുമാനങ്ങളായിരുന്നു മൻമോഹൻ സർക്കാരുകളുടേത്.
മത്സരങ്ങളുടെ രാഷ്ട്രീയക്കളത്തിലിറങ്ങി പൊരുതിയിട്ടില്ലെങ്കിലും അടിയുറച്ച രാഷ്ട്രീയ ബോധ്യമുള്ള വ്യക്തിയായിരുന്നു മൻമോഹൻ സിംഗെന്നത്, അവസാന കാലത്ത് പോലും രാജ്യം കണ്ടതാണ്. ഡൽഹിയുടെ അധികാരപരിധി കുറക്കുന്ന ബിൽ ചർച്ച ചെയ്യുന്ന വേളയിൽ പ്രായത്തിന്റെ അവശതകൾ മറന്ന് പാർലമെന്റിലെത്തിയ അദ്ദേഹത്തിന്റെ ചിത്രം, എന്തായിരുന്നു ആ മനുഷ്യനെന്ന് വരും തലമുറകളോട് സംവദിക്കും.
മൻമോഹൻ സിംഗിൽ ഇന്ത്യ കണ്ട ഏറ്റവും മികച്ച സാമ്പത്തിക ശാസ്ത്രജ്ഞനേയും, ദീർഘവീക്ഷണമുള്ള പ്രധാനമന്ത്രിയെയും കരുതലുള്ള മനുഷ്യനെയും ഞാൻ അടുത്തറിഞ്ഞിട്ടുണ്ട്. രണ്ടാം യു.പി.എ സർക്കാരിന്റെ കാലത്ത് ആദ്യം ഊർജ സഹമന്ത്രിയായും പിന്നീട് വ്യോമയാന സഹമന്ത്രിയായും പ്രവർത്തിച്ചപ്പോൾ, മന്ത്രിസഭയിലെ പുതുമുഖമെന്ന നിലയിൽ എനിക്ക് ലഭിച്ച പിന്തുണ മുന്നോട്ടുള്ള യാത്രയിൽ ഏറെ പ്രചോദനവും കരുത്തുമായിരുന്നു. അന്ന് ലഭിച്ച പരിഗണന മറക്കാൻ കഴിയാത്തതാണ്. മാത്രമല്ല, സുനാമി കാലത്ത് കേരളത്തിലെത്തുകയും പുനരധിവാസ പ്രവർത്തനങ്ങളിൽ അടിയന്തര സ്വഭാവത്തോടെ ഇടപെടുകജും ചെയ്ത അദ്ദേഹം നൽകിയ പിന്തുണ സമാനതകളില്ലാത്തതാണ്.
ഞാൻ വ്യോമയാന സഹമന്ത്രിയായിരുന്ന കാലത്ത്, കേരളത്തിൽ നിന്നുള്ള പ്രവാസികളുടെ പ്രശ്നങ്ങൾ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ സക്രിയമായ ഇടപെടലുകൾ നടത്തുന്നതിൽ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഞാൻ ഊർജ സഹമന്ത്രിയായിരുന്ന കാലത്ത്, പ്രധാനമന്ത്രി തന്നെ നേരിട്ട് ശ്രദ്ധ ചെലുത്തി നൽകിയ കേന്ദ്ര വിഹിതത്തോളം കേരളത്തിന് പിൽക്കാലത്ത് മറ്റൊന്നും ലഭിച്ചിട്ടുമില്ല. കേരളത്തിന്റെ വികസനത്തിലുടനീളം അദ്ദേഹം നടത്തിയ ഇടപെടുകളും ചെലുത്തിയ ശ്രദ്ധയും ഇന്നും ഓർക്കുന്നു.
ഭരണഘടനാ പദവിയുടെ അന്തസ്സിന് ഹാനി വരുത്താതെ, ഭരണഘടനയോടും ജനങ്ങളോടുമുള്ള പ്രതിബദ്ധതയെക്കുറിച്ച് തികഞ്ഞ ബോധ്യത്തോടെയായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനം. പാര്‍ലമെന്റിനെ അദ്ദേഹം ഒരുകാലത്തും നിസ്സാരമായിക്കണ്ടില്ല. സഭ നടക്കുമ്പോഴെല്ലാം അദ്ദേഹം ഡല്‍ഹിയിലുണ്ടാകും, സഭയില്‍ ഹാജരാകുമായിരുന്നു.
പ്രതിപക്ഷത്തെ പരിഗണിക്കുകയും അവരുടെ വാക്കുകള്‍ മുഖവിലയ്ക്കെടുക്കുകയും തന്നെ പരിഹസിച്ചവരോട് വരെ മാന്യത വിടാതെ പ്രതികരിക്കുകയും ചെയ്തത്, ജനാധിപത്യത്തിന്റെ കരുത്ത് പ്രതിപക്ഷമാണ് എന്ന രാഷ്ട്രീയ വിവേകം അദ്ദേഹത്തിനുണ്ടായിരുന്നതുകൊണ്ടാണ്. ജനാധിപത്യം മാന്യന്മാരുടെ ഇടപാടാണെന്ന് പലരെയും ഓർമപ്പെടുത്തിക്കൊണ്ടും കൂടിയാണ് അദ്ദേഹം ഒരു വലിയ പാഠപുസ്തകം ഇവിടെ വരും തലമുറകൾക്കായി മലർക്കെ തുറന്നുവെച്ച് യാത്രയാകുന്നത്.
ഇന്ത്യൻ രാഷ്ട്രീയത്തിലെ ജെന്റിൽമാന്, ഏറ്റവും വേദനയോടെ വിട. ഇന്ത്യൻ ജനാധിപത്യത്തിന്റെ സമാനതകളില്ലാത്ത നഷ്ടത്തിന് മുന്നിൽ കൂപ്പുകൈകളോടെ പ്രണാമം.












Click it and Unblock the Notifications