വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പ് ഉടന്‍? ഒരുക്കം തുടങ്ങി തിരഞ്ഞെടുപ്പ് കമ്മീഷന്‍
വയനാട്: രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതിന് പിന്നാലെ ഒഴിവ് വന്ന വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ഉടന്‍ ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ സാധ്യത. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത് സംബന്ധിച്ച തയ്യാറെടുപ്പുകള്‍ ആരംഭിച്ചതായാണ് വിവരം. ഇതിന്റെ ഭാഗമായി കോഴിക്കോട് കളക്ടറേറ്റില്‍ വോട്ടിംഗ് മെഷീനുകളുടെ പരിശോധന ആരംഭിച്ചിട്ടുണ്ട്. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്.
വയനാട് ലോക്‌സഭാ മണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന തിരുവമ്പാടി നിയമസഭാ മണ്ഡലത്തിലെ വോട്ടിംഗ് യന്ത്രങ്ങളുടെ മോക്ക് പോളിംഗും പരിശോധനയും ആണ് നടക്കുന്നത്. സമാനമായ പരിശോധനകള്‍ വയനാട്, മലപ്പുറം കളക്ടറേറ്റിലും നടക്കും എന്നാണ് വിവരം. ഉപതിരഞ്ഞെടുപ്പിനായി ഓരോ ജില്ലകളിലേയും ചുമതലയുള്ള ജില്ലാ കളക്ടര്‍മാര്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്ത് നിന്ന് നിര്‍ദേശം വന്നു എന്നാണ് വിവരം.

അധികം വൈകാതെ തന്നെ വയനാട്ടിലേക്ക് ഉപതിരഞ്ഞെടുപ്പിനായുള്ള വിജ്ഞാപനം പുറപ്പെടുവിക്കും എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സാധാരണഗതിയില്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് മോക് പോളിംഗും വോട്ടിംഗ് മെഷീനുകളുടെ കാര്യക്ഷമതാ പരിശോധനയും നടത്താറുള്ളത്. അതിനാല്‍ തന്നെ കോഴിക്കോട് കളക്ടറേറ്റിലെ പരിശോധന ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുന്നോടിയായിട്ടുള്ളതാണ് എന്നാണ് റിപ്പോര്‍ട്ട്.
2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കര്‍ണാടകയിലെ കോലാറില്‍ നടത്തിയ പ്രസംഗത്തിലെ മോദി പരാമര്‍ശത്തിനാണ് രാഹുല്‍ ഗാന്ധിയെ കുറ്റക്കാരനെന്ന് കണ്ട് കോടതി രണ്ട് വര്‍ഷത്തെ തടവിന് വിധിച്ചത്. സൂറത്ത് സി ജെ എം കോടതിയുടേതായിരുന്നു നടപടി. ഇതിന് പിന്നാലെയാണ് ലോക്‌സഭാ സെക്രട്ടേറിയറ്റ് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയത്.
അതേസമയം വയനാടിന്റെ ജനപ്രതിനിധിയായി രാഹുല്‍ ഗാന്ധി തുടരുക എന്നതാണ് തങ്ങളുടെയും ജനങ്ങളുടെയും ആവശ്യം എന്ന് ടി സിദ്ദീഖ് എം എല്‍ എ പറഞ്ഞു. രാഹുല്‍ ഗാന്ധി അല്ലാതെ മറ്റൊരു ഓപ്ഷനെ കുറിച്ച് പാര്‍ട്ടി ചിന്തിച്ചിട്ടില്ല എന്നും അതുമായി ബന്ധപ്പെട്ട നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. കോടതിയില്‍ പ്രതീക്ഷയുണ്ടെന്നും സിദ്ദീഖ് വ്യക്തമാക്കി.
വയനാട്ടിലേയും മലപ്പുറത്തേയും മൂന്ന് നിയമസഭാ മണ്ഡലങ്ങളും കോഴിക്കോടെ ഒരു ലോക്‌സഭാ മണ്ഡലവും ഉള്‍പ്പെട്ടതാണ് വയനാട് ലോക്‌സഭാ മണ്ഡലം. 2019 ലെ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിക്ക് ഇവിടെ നിന്ന് 706367 വോട്ടാണ് ലഭിച്ചിരുന്നത്. എതിര്‍ സ്ഥാനാര്‍ത്ഥിയായ സി പി ഐയുടെ പി പി സുനീര്‍ 274597 വോട്ടാണ് നേടിയത്. 431770 വോട്ടിന്റെ വമ്പന്‍ ഭൂരിപക്ഷത്തിലാണ് രാഹുല്‍ ഗാന്ധി ഇവിടെ നിന്ന് വിജയിച്ചത്.












Click it and Unblock the Notifications