ഗുജറാത്തിൽ കോൺഗ്രസ് ബിജെപിയെ തോൽപ്പിച്ചേനെ; ആപ് ഇല്ലായിരുന്നുവെങ്കിൽ: രാഹുല്‍ ഗാന്ധി
ജയ്പൂര്‍: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ ദയനീയ പ്രകടനത്തിന് ആം ആദ്മി പാര്‍ട്ടിയെ കുറ്റപ്പെടുത്തി രാഹുല്‍ ഗാന്ധി. ഗുജറാത്തില്‍ ആം ആദ്മി പാര്‍ട്ടി വന്നില്ലായിരുന്നുവെങ്കില്‍ ബിജെപിയെ കോണ്‍ഗ്രസ് തോല്‍പ്പിക്കുമായിരുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ആം ആദ്മി പാര്‍ട്ടി ബിജെപിയുടെ ബി ടീം ആണെന്നും രണ്ട് കൂട്ടരും ചേര്‍ന്ന് കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ് എന്നുമാണ് കോണ്‍ഗ്രസ് തുടക്കം മുതല്‍ക്കേ ആരോപിക്കുന്നത്.
എന്നാല്‍ ഗുജറാത്തിലേക്കുളള തങ്ങളുടെ കടന്നുവരവ് തടയാന്‍ കോണ്‍ഗ്രസ് ബിജെപിക്കൊപ്പം കൂട്ട് ചേര്‍ന്നിരിക്കുകയാണ് എന്നാണ് ആം ആദ്മി പാര്‍ട്ടിയുടെ മറുആരോപണം. ഗുജറാത്തില്‍ ഭരണം പിടിക്കുമെന്ന അവകാശ വാദത്തോടെയായിരുന്നു തിരഞ്ഞെടുപ്പ് കളത്തിലേക്ക് അരവിന്ദ് കെജ്രിവാളും പാര്‍ട്ടിയും ഇറങ്ങിയത്. ഗുജറാത്തില്‍ ആം ആദ്മി പാര്‍ട്ടി വ്യാജനായിരുന്നുവെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.
ബിജെപിയെ കടന്നാക്രമിച്ച രാഹുല്‍ ഗാന്ധി അവര്‍ രാജ്യത്ത് വെറുപ്പ് പടര്‍ത്തുകയാണ് എന്നും രാജ്യത്തെ വിഭജിക്കുകയാണ് എന്നും കുറ്റപ്പെടുത്തി. തങ്ങള്‍ ആരാണ് എന്നത് സംബന്ധിച്ച് ബിജെപിക്ക് വളരെ വ്യക്തതയുണ്ട്. അവര്‍ രാജ്യത്തെ വിഭജിക്കുന്നു. അവര്‍ രാജ്യത്ത് വെറുപ്പ് പരത്തുന്നു. അവര്‍ക്ക് അറിയാം അവര്‍ എന്താണ് ചെയ്യുന്നത് എന്ന്. തങ്ങള്‍ എന്തല്ല എന്ന് കോണ്‍ഗ്രസ് മനസ്സിലാക്കുന്ന ദിവസം പാര്‍ട്ടി നേരിടുന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും വിജയിക്കും, രാഹുല്‍ ഗാന്ധി പറഞ്ഞു.

കോണ്‍്ഗ്രസ് പ്രതിപക്ഷ മറ്റ് പല പാര്‍ട്ടികളില്‍ നിന്നും വ്യത്യസ്തരാണ്. കോണ്‍ഗ്രസ് അവരോട് സഹകരിച്ച് പ്രവര്‍ത്തിക്കും, അവരെ അഭിനന്ദിക്കും, അവര്‍ പ്രധാനപ്പെട്ടതാണ് എന്ന് തന്നെ കോണ്‍ഗ്രസ് കരുതുന്നു, പക്ഷേ തങ്ങള്‍ അവരില്‍ നിന്ന് വ്യത്യസ്തരാണ്. ഒരു ദേശീയ ആശയത്തെയാണ് തങ്ങള്‍ പ്രതിനിധീകരിക്കുന്നത് എന്നതാണ് മറ്റ് പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നും കോണ്‍ഗ്രസിനെ വേറിട്ട് നിര്‍ത്തുന്നത്. രാജ്യത്തിന് വേണ്ടിയുളള കാഴ്ചപ്പാടിനെയാണ് കോണ്‍ഗ്രസ് പ്രതിനിധീകരിക്കുന്നത്. എന്നാല്‍ പ്രാദേശിക പാര്‍ട്ടികള്‍ പ്രതിനിധീകരിക്കുന്നത് ഒരു സമുദായത്തെയോ ഒരു സംസ്ഥാനത്തെയോ മാത്രമാണ്, രാഹുല്‍ ഗാന്ധി പറഞ്ഞു.
ആപ് ഇല്ലായിരുന്നെങ്കില്‍ ഗുജറാത്തില്‍ കോണ്‍ഗ്രസ് ജയിക്കുമായിരുന്നു എന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്യ് ആം ആദ്മി പാര്‍ട്ടി എംപിയും ദേശീയ വക്താവുമായ രാഘവ് ഛദ്ദ മറുപടിയുമായി രംഗത്ത് വന്നിട്ടുണ്ട്. ഗുജറാത്തില്‍ കഴിഞ്ഞ 27 വര്‍ഷമായി ബിജെപിയെ കോണ്‍ഗ്രസ് തോല്‍പ്പിക്കുന്നത് പോലെയാകും എന്നാണ് രാഘവ് ഛദ്ദയുടെ പരിഹാസം. ഗുജറാത്തിലെ കോണ്‍ഗ്രസ് തോല്‍വിയില്‍ ആപിന് വലിയ പങ്കുണ്ട് എന്ന് അശോക് ഗെഹ്ലോട്ടും നേരത്തെ പ്രതികരിച്ചിരുന്നു.
ആം ആദ്മി പാര്‍ട്ടി പോകുന്നിടത്തെല്ലാം നുണ പറയുകയാണ് എന്നും രാജസ്ഥാന്‍ മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ചുമതല അശോക് ഗെഹ്ലോട്ടിനായിരുന്നു. കോണ്‍ഗ്രസിന്റെ തോല്‍വിക്ക് ഫണ്ടിംഗ് വലിയ കാരണമായി എന്നും ഗെഹ്ലോട്ട് പറഞ്ഞു. ഇലക്ടോറല്‍ ബോണ്ടുകള്‍ വലിയ തട്ടിപ്പാണ്. ബിജെപിക്ക് ഏകപക്ഷീയമായി ഫണ്ട് ലഭിക്കുന്നു. എന്നാല്‍ കോണ്‍ഗ്രസിന് സംഭാവന നല്‍കുന്നവരെ ഭീഷണിപ്പെടുത്തുകയാണ്, ഗെഹ്ലോട്ട് ആരോപിച്ചു.
ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ ഇക്കുറി ബിജെപി കൂറ്റന്‍ വിജയമാണ് നേടിയത്. തുടര്‍ച്ചയായ ഏഴാം തവണ സംസ്ഥാനത്ത് ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. ആകെയുളള 182 സീറ്റുകളില്‍ 156ലും ബിജെപി വിജയിച്ചു. 2017ല്‍ 77 സീറ്റുകളുണ്ടായിരുന്ന കോണ്‍ഗ്രസ് ഇക്കുറി 17 സീറ്റുകളിലേക്ക് ചുരുങ്ങി.












Click it and Unblock the Notifications