മൂന്ന് കാര്യം ചോദിച്ചു, പ്രധാനമന്ത്രിയുടെ ഉത്തരം കോണ്‍ഗ്രസ് എന്ന് മാത്രം, മറുപടിയുമായി രാഹുല്‍
ദില്ലി: പ്രധാനമന്ത്രിക്ക് ശക്തമായ മറുപടിയുമായി രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി കോണ്‍ഗ്രസിനെ ഭയപ്പെടുകയാണ്. സത്യം പറയാന്‍ അദ്ദേഹം ഭയപ്പെടുകയാണെന്ന് രാഹുല്‍ പറഞ്ഞു. മൂന്ന് സുപ്രധാനപ്പെട്ട കാര്യങ്ങള്‍ ഞാന്‍ ഉന്നയിച്ചിരുന്നു. പ്രധാനമന്ത്രി കാരണം രാജ്യത്ത് രണ്ട് ഇന്ത്യയുണ്ടായിരിക്കുകയാണ്. അതിലൊന്ന് സമ്പന്നരുടെ ഇന്ത്യയാണ്. ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും അതില്‍ പ്രതീക്ഷയില്ല. അതില്‍ തൊഴിലില്ലായ്മയും വിലക്കയറ്റവും അതിരൂക്ഷമായിരിക്കും. രണ്ടാമത്തേത് ഇന്ത്യയിലെ ഭരണഘടനാ സ്ഥാപനങ്ങളെ പ്രധാനമന്ത്രി തകര്‍ക്കുന്നുവെന്നാണ്. മൂന്നാമത്തേത് മൂല്യം ചോര്‍ന്ന് പോയ ഒരു വിദേശനയമാണ്. അത് കാരണം ചൈനയും പാകിസ്താനും ഒന്നിച്ച് ചേര്‍ന്നിരിക്കുകയാണ്. ഇന്ത്യക്ക് അത് ഭീഷണിയാണ്. ഇക്കാര്യങ്ങളൊന്നും സംസാരിക്കാന് മോദി തയ്യാറായിട്ടില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

മാന്യനായ പ്രധാനമന്ത്രിക്ക് അദ്ദേഹത്തിന്റെ ജോലി എന്താണെന്ന് കൃത്യമായി മനസ്സിലായിട്ടില്ല. ചൈനയും പാകിസ്താനും ഒന്നാണെന്ന് അദ്ദേഹം മനസ്സിലാക്കണം. ഇന്ത്യ അവരില്‍ നിന്ന് വെല്ലുവിളി നേരിടുന്നുണ്ട്. വളരെയധികം ജാഗ്രത പാലിക്കേണ്ടതുണ്ട്. സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. നിങ്ങള്‍ ഇപ്പോള്‍ ഉറക്കം തൂങ്ങുകയാണ്. ലഡാക്കില്‍ ചൈനയുടെ കടന്നുകയറ്റം നിഷേധിച്ചത് പോലെ നിങ്ങള്‍ ഇതിനെയും അവഗണിക്കുകയാണ്. അത് രാജ്യത്തിന് ഭീഷണിയാണ്. കൊവിഡിനെ ഒന്നാം തരംഗത്തെ കുറിച്ച് ഞാന്‍ മുന്നറിയിപ്പ് നല്‍കിയതാണ്. പക്ഷേ മോദി ഞാന്‍ പറയുന്നത് കേള്‍ക്കാന്‍ തയ്യാറല്ല. ഇപ്പോഴും ഞാന്‍ പറയുന്നു ചൈനയും പാകിസ്താനും നമ്മുടെ രാജ്യത്തിന് ഭീഷണിയാണ്. ഇതൊരു മുന്നറിയിപ്പാണെന്നും രാഹുല്‍ പറഞ്ഞു.
കോണ്‍ഗ്രസിനെയോ നെഹ്‌റുവിനെയോ നിങ്ങള്‍ക്ക് ഇനിയും മോശപ്പെട്ടത് പറയേണ്ടതുണ്ടെങ്കില്‍ അത് തുടരൂ. പക്ഷേ ദയവ് ചെയ്ത് ചെയ്യാനുള്ള കാര്യങ്ങള്‍ ചെയ്യൂ. പ്രധാനമന്ത്രി ആകെ ഭയന്നിരിക്കുകയാണ്. കാരണം കോണ്‍ഗ്രസ് സത്യമാണ് പറയുന്നത്. എന്റെ മുത്തച്ഛന്‍ ഈ രാജ്യത്തെ സേവിച്ച വ്യക്തിയാണ്. അദ്ദേഹത്തിന്റെ ജീവിതം മുഴുവന്‍ ഈ രാജ്യത്തിന് സമര്‍പ്പിച്ചതാണ്. പ്രധാനമന്ത്രിയില്‍ നിന്ന് എനിക്ക് എന്റെ മുത്തച്ഛനെ കുറിച്ചുള്ള സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും രാഹുല്‍ പറഞ്ഞു. അതേസമയം അതിഥി തൊഴിലാളികളെ നാട്ടിലേക്ക് പറഞ്ഞയച്ച് കോണ്‍ഗ്രസ് രാജ്യത്താകെ കൊവിഡ് പരത്തി എന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ പ്രിയങ്ക ഗാന്ധിയും രംഗത്ത് വന്നിട്ടുണ്ട്.
പ്രധാനമന്ത്രി ഉപേക്ഷിച്ച ജനങ്ങളെയാണ് ഞങ്ങള്‍ രക്ഷിച്ചത്. ലോക്ഡൗണ്‍ കാരണം അവര്‍ ആകെ ബുദ്ധിമുട്ടിലായിരുന്നു. അവര്‍ക്ക് വീട്ടിലേക്ക് പോകാന്‍ പോലും സാധിക്കുന്നുണ്ടായിരുന്നില്ല. കാല്‍നടയായി അവര്‍ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. മോദിക്ക് ആരെയും സഹായിക്കരുതെന്നാണോ പറയാനുള്ളത്. എന്താണ് പിന്നെ അദ്ദേഹത്തിന് ആവശ്യമെനനും പ്രിയങ്ക ചോദിച്ചു. പ്രധാനമന്ത്രി നടത്തിയ വലിയ റാലികളെ കുറിച്ച് അപ്പോള്‍ എന്താണ് പറയാനുള്ളത്. ബംഗാളിലെ അസന്‍സോളില്‍ വമ്പന്‍ റാലിയാണ് അദ്ദേഹം നടത്തിയത്. അന്ന് രണ്ട് ലക്ഷത്തിലേറെ രോഗികളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നതെന്നും പ്രിയങ്ക പറഞ്ഞു.












Click it and Unblock the Notifications