'ഭീകരരുടെ ലക്ഷ്യം നാടിനെ വിഭജിക്കൽ, രാജ്യം ഒറ്റക്കെട്ടായി നിൽക്കണം', കശ്മീരിലെത്തി രാഹുൽ ഗാന്ധി
ന്യൂ ഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഇരകളെ ശ്രീനഗറിലെത്തി കണ്ട് ലോക്‌സഭാ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് എംപിയുമായ രാഹുല്‍ ഗാന്ധി. ശ്രീനഗറിലെ സൈനിക ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി ആശ്വസിപ്പിച്ചു. പഹല്‍ഗാമില്‍ ആക്രമണം നടത്തിയവരുടെ ഉദ്ദേശം നാടിനെ വിഭജിക്കുക എന്നതാണെന്നും രാജ്യം ഇതിനെതിരെ ഒറ്റക്കെട്ടായി നിന്ന് തീവ്രവാദത്തെ ചെറുത്ത് തോല്‍പ്പിക്കണം എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
പഹല്‍ഗാമിലേത് ഞെട്ടിപ്പിക്കുന്ന ദുരന്തമാണ്. എന്താണ് നടക്കുന്നതെന്ന് മനസ്സിലാക്കാനും സഹായിക്കാനുമാണ് താന്‍ ശ്രീനഗറിലെത്തിയത്. ജമ്മു ആന്‍ഡ് കാശ്മീരിലെ മുഴുവന്‍ ജനങ്ങളും ഈ ആക്രമണത്തെ അപലപിക്കുന്നു. അവരെല്ലാം ഈ സമയം രാജ്യത്തിനൊപ്പമാണ്. പരിക്കേറ്റ ഒരാളെ കണ്ട് സംസാരിച്ചിരുന്നു. കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടവര്‍ക്കൊപ്പം നില്‍ക്കുന്നു. രാജ്യം ഒരുപോലെ അവര്‍ക്കൊപ്പമുണ്ടെന്നും ഈ സമയത്ത് അവരോട് പറയാന്‍ ആഗ്രഹിക്കുന്നു, രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു.

വ്യാഴാഴ്ച വിളിച്ച് ചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തില്‍ പ്രതിപക്ഷത്തെ എല്ലാ പാര്‍ട്ടികളും തീവ്രവാദ ആക്രമണത്തെ അപലപിച്ചതായും രാഹുല്‍ ഗാന്ധി അറിയിച്ചു. മാത്രമല്ല ഈ സമയത്ത് സര്‍ക്കാര്‍ സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കൊപ്പവും പ്രതിപക്ഷം നില്‍ക്കുമെന്നും രാഹുല്‍ വ്യക്തമാക്കി. ഭീകരാക്രമണത്തിന് പിന്നാലെ രാജ്യത്തിന്റെ പല ഭാഗത്തും കശ്മീരി വിദ്യാര്‍ത്ഥികള്‍ക്ക് ഭീഷണികളും അതിക്രമങ്ങളും നേരിടേണ്ടി വരുന്നതിനെയും രാഹുല്‍ ഗാന്ധി അപലപിച്ചു.
കശ്മീരില്‍ നിന്നുളള എന്റെ സഹോദരീ-സഹോദരന്മാരെ ചില ആളുകള്‍ ആക്രമിക്കുന്നത് ദുഖകരമാണ്. തീവ്രവാദത്തെ എന്നന്നേയ്ക്കുമായി തുടച്ച് നീക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കേണ്ടത് ആവശ്യമാണ് എന്നും രാഹുല്‍ പറഞ്ഞു. ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുളളയുമായും ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയുമായും രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തി. എന്താണ് സംഭവിച്ചത് എന്ന് അവര്‍ തന്നോട് വിശദീകരിച്ചുവെന്നും തന്റെയും പാര്‍ട്ടിയുടേയും പൂര്‍ണ പിന്തുണ ജമ്മു കശ്മീരിന് ഉണ്ടെന്ന് അവരെ അറിയിച്ചതായും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
മിനി സ്വിറ്റ്‌സര്‍ലന്റ് എന്നറിയപ്പെടുന്ന ബൈസരണില്‍ ചൊവ്വാഴ്ച നടന്ന തീവ്രവാദി ആക്രമണത്തില്‍ 26 പേരാണ് കൊല്ലപ്പെട്ടത്. ഇവരില്‍ ഒരാള്‍ നേപാള്‍ സ്വദേശിയാണ്. 2019ലെ പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം താഴ്വര സാക്ഷ്യം വഹിച്ച ഏറ്റവും ക്രൂരമായ ആക്രമണം ആണ് ബൈസരണില്‍ നടന്നത്. പാകിസ്താന്‍ ആസ്ഥാനമാക്കിയുളള നിരോധിത തീവ്രവാദ സംഘടനയായ ലഷ്‌കര്‍ ഇ ത്വയ്ബയുടെ നിഴല്‍ സംഘടനയായ ദി റെസിസ്റ്റന്‍സ് ഫ്രണ്ട് ആണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുന്നത്.
ആക്രമണത്തിന് പിന്നാലെ പാകിസ്താന് എതിരെ ഇന്ത്യ കടുത്ത നടപടികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പാകിസ്താനുമായുളള എല്ലാ നയതന്ത്ര ബന്ധങ്ങളും വിച്ഛേദിക്കുക മാത്രമല്ല, 1960ലെ സിന്ധു നദീജല കരാറും ഇന്ത്യ റദ്ദാക്കി. പകരമായി ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വ്യോമപാത അടച്ചുകൊണ്ടാണ് പാകിസ്താന്‍ പ്രതികരിച്ചിരിക്കുന്നത്.
അതിനിടെ പഹല്‍ഗാം ആക്രമണത്തില്‍ കേന്ദ്രസര്‍ക്കാരിനെ ചോദ്യം ചെയ്ത് പ്രതിപക്ഷം രംഗത്ത് എത്തിയിരിക്കുകയാണ്.
ബൈസരണില്‍ എന്തുകൊണ്ടാണ് സുരക്ഷാ സേനയുടെ സാന്നിധ്യം ഇല്ലാതിരുന്നത് എന്ന ചോദ്യമാണ് സര്‍വ്വകക്ഷി യോഗത്തില്‍ കേന്ദ്ര സര്‍ക്കാരിനോട് പ്രതിപക്ഷത്ത് നിന്ന് രാഹുല്‍ ഗാന്ധി, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, ആം ആദ്മി പാര്‍ട്ടി എംപി സഞ്ജയ് സിംഗ് അടക്കമുളള നേതാക്കള്‍ ഉയര്‍ത്തിയിരിക്കുന്നത്. ജൂണില്‍ ആരംഭിക്കുന്ന അമര്‍നാഥ് യാത്രയ്ക്ക് മുന്നോടിയായിട്ടാണ് ബൈസരണില്‍ സുരക്ഷാ സേനയെ വിന്യസിക്കുക പതിവെന്നും എന്നാല്‍ സുരക്ഷയൊരുക്കുന്നതിന് മുന്‍പ് തന്നെ പ്രാദേശിക ഭരണകൂടത്തെ അറിയിക്കാതെ ടൂര്‍ ഓപറേറ്റര്‍മാര്‍ ഏപ്രില്‍ 20 മുതല്‍ക്കേ സഞ്ചാരികളെ ഇവിടേക്ക് എത്തിക്കാന്‍ ആരംഭിച്ചുവെന്നുമാണ് കേന്ദ്രം നല്‍കുന്ന വിശദീകരണം. കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ്‌നാഥ് സിംഗ്, ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ എന്നിവരുടെ നേതൃത്വത്തിലാണ് സര്‍വ്വകക്ഷി യോഗം വിളിച്ചത്.












Click it and Unblock the Notifications