പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെ ഡൽഹിയിലെ വസതിയിൽ റെയ്‌ഡ്; തടഞ്ഞെന്ന് ഉദ്യോഗസ്ഥർ, വിമർശിച്ച് എഎപി
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് അരങ്ങൊരുങ്ങവെ വീണ്ടും നാടകീയ രംഗങ്ങൾ. പഞ്ചാബ് മുഖ്യമന്ത്രിയും എഎപി നേതാവുമായ ഭഗവന്ത് മന്നിന്റെ ഡൽഹിയിലെ വസതിയിലേക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ റെയ്‌ഡിന് എത്തിയതോടെയാണ് വിവാദങ്ങളുടെ തുടക്കം. എന്നാൽ നടപടിക്രമങ്ങൾ പാലിക്കാൻ കഴിയാതെ ഉദ്യോഗസ്ഥർ മടങ്ങി പോയെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരുടെ ഒരു സംഘം മാൻ കപൂർത്തല ഹൗസിൽ പരിശോധന നടത്താൻ എത്തിയിരുന്നുവെന്ന് എഎപി പങ്കുവച്ച പ്രസ്‌താവനയിൽ പറയുന്നു. ആദ്യഘട്ടത്തിൽ എഎപി പോലീസിന് നേരെയാണ് കടന്നാക്രമണം നടത്തിയത്, ഡൽഹി പോലീസ് സംഘം റെയ്‌ഡിനെത്തി എന്നായിരുന്നു അവരുടെ ആരോപണം.

എന്നാൽ അത്തരം ഒരു നടപടിയും നടന്നിട്ടില്ലെന്ന് ഉറപ്പിച്ചുകൊണ്ട് ഡൽഹി പോലീസ് എഎപിയുടെ അവകാശവാദങ്ങൾ പൂർണമായും നിഷേധിച്ചു. ഇതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരാണ് പരിശോധനയ്ക്ക് എത്തിയതെന്ന് റിപ്പോർട്ടുകൾ വന്നത്. പഞ്ചാബ് സർക്കാരിന്റെ സ്‌റ്റിക്കർ പതിച്ച സംസ്ഥാനത്തെ രജിസ്ട്രേഷൻ നമ്പറുള്ള സ്വകാര്യ വാഹനം ഡൽഹി പോലീസ് പിടിച്ചെടുത്തതിന് തൊട്ടുപിന്നാലെയാണ് സംഭവവികാസം.
ഡൽഹി മുഖ്യമന്ത്രി അതിഷി എക്‌സ് പോസ്‌റ്റിലൂടെ തന്റെ രോഷം പ്രകടിപ്പിച്ചു, ബിജെപിക്കെതിരെ ആരോപിക്കപ്പെട്ട ദുഷ്പ്രവണതകൾ അവഗണിച്ച് കൊണ്ട് ഡൽഹി പോലീസ് തിരഞ്ഞെടുക്കപ്പെട്ട ഒരു മുഖ്യമന്ത്രിയെ അന്യായമായി ലക്ഷ്യമിടുന്നുവെന്നായിരുന്നു അതിഷിയുടെ ആരോപണം. ബിജെപിക്കാർ പകൽ വെളിച്ചത്തിൽ പണവും ഷൂസും ഷീറ്റും പരസ്യമായി വിതരണം ചെയ്യുന്നുവെന്നും അവർ ആരോപിച്ചു.
മുതിർന്ന എഎപി നേതാവ് ബിജെപിയെ വിമർശിക്കുകയും നഗരത്തിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ ദിനമായ ഫെബ്രുവരി 5ന് ഡൽഹിയിലെ ജനങ്ങൾ ഇത്തരം നടപടികൾക്ക് മറുപടി നൽകുമെന്നും ചൂണ്ടിക്കാട്ടി. സംഭവം വീണ്ടും ഡൽഹിയിൽ വലിയ രാഷ്ട്രീയ വിവാദങ്ങൾക്കാണ് തുടക്കമിട്ടിരിക്കുന്നത്, ബിജെപി-എഎപി വാഗ്വാദം വീണ്ടും ഇതോടെ ശക്തമാവുകയാണ്.
വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ
സി-വിജിൽ പോർട്ടൽ വഴി ലഭിച്ച പരാതി അന്വേഷിക്കാൻ റിട്ടേണിംഗ് ഓഫീസറുടെ (ഡിഎം, ന്യൂഡൽഹി) നേതൃത്വത്തിലുള്ള സംഘം കപൂർത്തല ഹൗസിൽ എത്തിയതായി ഡൽഹി പോലീസ് ഉദ്യോഗസ്ഥരും തിരഞ്ഞെടുപ്പ് കമ്മീഷനും അറിയിച്ചു. എന്നാൽ, പരാതി പരിശോധിക്കാൻ സംഘത്തെ സുരക്ഷാ ഉദ്യോഗസ്ഥർ ഉള്ളിലേക്ക് കടത്തിവിട്ടില്ലെന്നും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഫെബ്രുവരി 5ന് നടക്കാനിരിക്കുന്ന 70 അംഗ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ആം ആദ്‌മി പാർട്ടിക്ക് വേണ്ടി ഭഗവന്ത് മൻ ദേശീയ തലസ്ഥാനത്ത് പ്രചാരണം നടത്തി വരികയാണ്. ഇതിനിടയിലാണ് റെയ്‌ഡുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തുവരുന്നത്. ഡൽഹിയിൽ ഫെബ്രുവരി 8നാണ് ഫലം പ്രഖ്യാപിക്കുക.












Click it and Unblock the Notifications