രാജസ്ഥാനിലെ സമാന്തരയോഗം; ഗെലോട്ടിന്റെ അനുയായികള്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് കെസി വേണുഗോപാല്‍
ന്യൂദല്‍ഹി: രാജസ്ഥാന്‍ പ്രതിസന്ധിക്കിടെ സെപ്തംബര്‍ 25 ന് സമാന്തര സി എല്‍ പി യോഗം നടത്തിയതിന് നോട്ടീസ് ലഭിച്ച മൂന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പാര്‍ട്ടി ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ല എന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. വിഷയം എ ഐ സി സി യുടെ അച്ചടക്ക സമിതിയുടെ പരിഗണനയിലാണ് എന്ന് കെ സി വേണുഗോപാല്‍ വ്യക്തമാക്കി.
ഭാരത് ജോഡോ യാത്രയില്‍ ചേരാന്‍ സവായ് മധോപൂരിലേക്ക് പുറപ്പെടുന്നതിന് മുമ്പ് വിമാനത്താവളത്തില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ആണ് കെ സി വേണുഗോപാല്‍ ഇക്കാര്യം പറഞ്ഞത്. കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള തീരുമാനം മുഖ്യമന്ത്രി അശോക് ഗെലോട്ട് പ്രഖ്യാപിച്ചതിന് പിന്നാലെ ആണ് സെപ്തംബര്‍ 25ന് ജയ്പൂരില്‍ കോണ്‍ഗ്രസ് ലെജിസ്ലേച്ചര്‍ പാര്‍ട്ടി (സി എല്‍ പി) യോഗം വിളിച്ചത്.

അശോക് ഗെലോട്ട് കോണ്‍ഗ്രസ് അധ്യക്ഷനായാല്‍ അദ്ദേഹത്തിന്റെ പിന്‍ഗാമിയായി സച്ചിന്‍ പൈലറ്റിനെ തിരഞ്ഞെടുത്തേക്കും എന്ന അഭ്യൂഹങ്ങള്‍ക്കിടെ ആണ് അശോക് ഗെലോട്ടിന്റെ വിശ്വസ്തരെന്ന് കരുതുന്ന ചില എം എല്‍ എമാര്‍ സംസ്ഥാന മന്ത്രി ശാന്തി ധരിവാളിന്റെ വസതിയില്‍ പ്രത്യേക യോഗം ചേര്‍ന്ന് സ്പീക്കര്‍ക്ക് രാജിക്കത്ത് കൈമാറാനിരുന്നത്.

ശാന്തി ധരിവാളിനും എം എല്‍ എമാരായ ധര്‍മേന്ദ്ര റാത്തോഡിനും നിയമസഭയിലെ പാര്‍ട്ടിയുടെ ചീഫ് വിപ്പായ മഹേഷ് ജോഷിക്കും കോണ്‍ഗ്രസ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഇതിന് ശേഷം നടപടി ഒന്നും ഉണ്ടായതുമില്ല. മൂന്ന് നേതാക്കള്‍ക്കും കോണ്‍ഗ്രസ് ക്ലീന്‍ ചിറ്റ് നല്‍കി എന്ന പ്രാദേശിക മാധ്യമ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ഇതിനെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു കെ സി വേണുഗോപാലിന്റെ പ്രതികരണം. വിഷയം അച്ചടക്ക സമിതിയുടെ പരിഗണനയിലാണെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ല. കാരണം കാണിക്കല്‍ നോട്ടീസിന് മൂന്ന് നേതാക്കളും കോണ്‍ഗ്രസ് നേതൃത്വത്തിന് മറുപടി നല്‍കി കഴിഞ്ഞു.

കഴിഞ്ഞ മാസം, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍ പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് കത്തയച്ചിരുന്നു. സി എല്‍ പി യോഗത്തിന്റെ കേന്ദ്ര നിരീക്ഷകരായി പോയ രണ്ട് നേതാക്കളും രാജസ്ഥാന്റെ ചുമതലയില്‍ തുടരാന്‍ തയ്യാറല്ലെന്ന് അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications