ബിജെപിയിൽ പൊട്ടിത്തെറി; ഓഫീസ് തല്ലി തകർത്തു, അധ്യക്ഷന്റെ 'ശവഘോഷയാത്ര'യുമായി പ്രവർത്തകർ
ജയ്പൂർ: മധ്യപ്രദേശിന് പിന്നാലെ രാജസ്ഥാൻ ബി ജെ പിയിലും സ്ഥാനാർത്ഥി പ്രഖ്യാപനത്തെ തുടർന്ന് പൊട്ടിത്തെറി. രാജ്സമന്തയിൽ പാർട്ടിയുടെ ജില്ലാ ആസ്ഥാനത്തെ ഓഫീസിനുള്ളിലെ ഫർണിച്ചറുകൾ പ്രവർത്തകർ നശിപ്പിച്ചു. സംഭവത്തിൽ നാല് പ്രവർത്തകരെ ബിജെപി നേതൃത്വം സസ്പെന്റ് ചെയ്തു. സംഭവത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു നടപടു.
രാജസമന്തിൽ നിന്നും മുൻ ബി ജെ പി മന്ത്രിയും എം എൽ എയുമായിരുന്ന കിരൺ മഹേശ്വരിയുടെ മകളായ ദീപ്തി മഹേശ്വരിയെ മത്സരിപ്പിച്ചതാണ് പ്രവർത്തകരെ ചൊടിപ്പിച്ചത്. പാർട്ടി ഓഫീസ് തകർത്ത അജയ് പ്രജാപത്, ദേവി ലാൽ ജടിയ, ഹിമ്മത്ത് കുമാവത്, മുകേഷ് ശർമ എന്നിവരെയാണ് നേതൃത്വം സസ്പെന്റ് ചെയ്തത്.

അതേസമയം രണ്ടാം ഘട്ട സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ചിത്തോർഗഡ്, ഉദയ്പൂർ, ജയ്പൂർ, അഗർവാൾ, കോട്ട, ബുണ്ഡി തുടങ്ങി നിരവധി സ്ഥലങ്ങളിൽ ബിജെപി പ്രവർത്തകർ വലിയ പ്രതിഷേധമാണ് ഉയർത്തിയത്. പാർട്ടി സംസ്ഥാന അധ്യക്ഷൻ സി പി ജോഷി അടക്കമുള്ള നേതാക്കളുടെ കോലം കത്തിക്കുകയും പ്രതീകാത്മക ശവഘോഷയാത്ര സംഘടിപ്പിക്കുകയും ചെയ്തു.
നവംബർ 25 നാണ് രാജസ്ഥാനിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ഒക്ടോബർ 9 നായിരുന്നു ബി ജെ പി 41 പേരടങ്ങുന്ന ആദ്യഘട്ട പട്ടിക പുറത്തുവിട്ടത്. മതിയായ കൂടിയാലോചനയ്ക്ക് ശേഷമാണ് സ്ഥാനാർത്ഥികളെ നിശ്ചയിച്ചതെന്നാണ് പാർട്ടി അധ്യക്ഷന്റെ വിശദീകരണം. അതേസമയം പ്രവർത്തകരുടെ പ്രതിഷേധം പാർട്ടിക്ക് വലിയ തലവേദന തീർക്കുന്നുണ്ട്.
അതിനിടെ മധ്യപ്രദേശിലും പാർട്ടിക്കുള്ളിൽ അതൃപ്തി രൂക്ഷമായിരിക്കുകയാണ്. മധ്യപ്രദേശിൽ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ പക്ഷത്തുള്ള നേതാക്കൾ കൂട്ടത്തോടെ നേതൃത്വത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. സീറ്റ് നിഷേധിച്ചതിനെത്തുടർന്ന് സിന്ധ്യയ്ക്കൊപ്പമുളള നേതാക്കളിൽ ഒരാളായ മുന്നലാൽ ഗോയലിന്റെ അനുയായികൾ സിന്ധ്യയുടെ വസതിക്ക് മുന്നിൽ വലിയ പ്രതിഷേധം തീർത്തു. ഒടുവിൽ സിന്ധ്യ നേരിട്ട് ഉറപ്പ് നൽകിയതോടെ മാത്രമാണ് പ്രവർത്തകർ പ്രതിഷേധം അവസാനിപ്പിച്ചത്.
അതേസമയം സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ കോൺഗ്രസിലും അമർഷം പുകയുന്നുണ്ട്. കഴിഞ്ഞ ദിവസം പാർട്ടി ഒബിസി നേതാവ് രാജിവെച്ചിരുന്നു. കോൺഗ്രസ് നേതാവായ ദീപ്തി സിങ്ങിനു സീറ്റ് നൽകാത്തതിനെതിരെ ഭോപാലിൽ സ്ത്രീ പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നിരുന്നു. എന്നാൽ സ്ഥാനാർത്ഥികളുടെ കാര്യത്തിൽ ഇനി മാറ്റം വരുത്തില്ലെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം.












Click it and Unblock the Notifications