രാമക്ഷേത്രം: പങ്കെടുത്താല്‍ മുസ്ലീം വോട്ട് ചോരും, ഇല്ലെങ്കിലും കുഴപ്പം, വലഞ്ഞ് കോണ്‍ഗ്രസ്; നേട്ടം സിപിഎമ്മിന്
തിരുവനന്തപുരം: രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുമോ എന്നതില്‍ ദേശീയ നേതൃത്വം നിലപാട് പ്രഖ്യാപിക്കാത്തതില്‍ കുഴങ്ങി സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം. പ്രതിഷ്ഠാ ചടങ്ങിലേക്ക് കോണ്‍ഗ്രസ് നേതാക്കളെ ക്ഷണിച്ചിരുന്നു. ചടങ്ങില്‍ പങ്കെടുക്കുമോ ഇല്ലയോ എന്നത് നേതൃത്വം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ദിഗ്വിജയ് സിംഗ് ചടങ്ങില്‍ സോണിയ ഗാന്ധിയോ പ്രതിനിധികളോ പങ്കെടുക്കും എന്ന് അറിയിച്ചിരുന്നു.
എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. അതേസമയം ചടങ്ങില്‍ പങ്കെടുക്കും എന്ന് കോണ്‍ഗ്രസ് തീരുമാനിച്ചാല്‍ കേരള ഘടകത്തിന് അത് വലിയ തിരിച്ചടിയായിരിക്കും എന്നതില്‍ സംശയമില്ല. സംസ്ഥാനത്തെ ന്യൂനപക്ഷങ്ങള്‍ ആ ഒരൊറ്റ കാരണം കൊണ്ട് കോണ്‍ഗ്രസിനെ കൈവിട്ടേക്കും. കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ നിലപാടില്‍ നേരത്തെ തന്നെ മുസ്ലീം ലീഗ് അടക്കമുള്ള കക്ഷികള്‍ക്ക് അതൃപ്തിയുണ്ട്.

പലപ്പോഴും മുസ്ലീം ലീഗ് അത് പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ രാമക്ഷേത്ര ഉദ്ഘാടനത്തില്‍ കോണ്‍ഗ്രസ് പങ്കെടുത്താല്‍ അല്‍പം കൂടി കര്‍ശനമായ നിലപാട് മുസ്ലീം ലീഗിന് സ്വീകരിക്കേണ്ടി വരും. കാരണം മുസ്ലീം ലീഗിന്റെ നിലനില്‍പ്പിനെ കൂടി ബാധിക്കുന്നതായിരിക്കും അത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ന്യൂനപക്ഷങ്ങള്‍ കൈവിടുന്നത് സംസ്ഥാനത്ത് കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കും എന്നതില്‍ സംശയമില്ല.
സമസ്ത അടക്കമുള്ള സംഘടനകള്‍ കോണ്‍ഗ്രസ് രാമക്ഷേത്ര ചടങ്ങില്‍ പങ്കെടുക്കരുത് എന്ന് അറിയിച്ചിട്ടുണ്ട്. ചടങ്ങില്‍ പങ്കെടുത്താല്‍ കോണ്‍ഗ്രസിന്റെ മേല്‍ ആരോപിക്കുന്ന മൃദുഹിന്ദുത്വ നയം കുറച്ച് കൂടി ഊട്ടിയുറപ്പിക്കുന്നതായി മാറുകയും ചെയ്യും. അതേസമയം ചടങ്ങിലേക്ക് പോകാതിരുന്നാലും കോണ്‍ഗ്രസിന് തിരിച്ചടിയാണ്. ഉത്തരേന്ത്യയില്‍ കോണ്‍ഗ്രസിന് ഹിന്ദുക്കളുടെ പിന്തുണ നഷ്ടപ്പെടാനും ഇത് വഴിവെക്കും.
കോണ്‍ഗ്രസ് മുസ്ലീം ലീഗിന് അടിമപ്പെട്ടു എന്ന ആരോപണം ബി ജെ പി ഉയര്‍ത്തും എന്നത് തീര്‍ച്ചയാണ്. ഇത് ഹിന്ദി ഹൃദയഭൂമിയില്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാകും. മുരളീധരന്‍ അടക്കമുള്ള നേതാക്കള്‍ രാമക്ഷേത്ര ചടങ്ങില്‍ പങ്കെടുക്കരുത് എന്ന നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ കെ പി സി സി അധ്യക്ഷന്‍ വ്യക്തമായ നിലപാട് ഇതില്‍ പറഞ്ഞിട്ടില്ല. കോണ്‍ഗ്രസ് പങ്കെടുക്കണോ എന്നതില്‍ നിലപാട് എടുക്കേണ്ടത് ദേശീയ നേതൃത്വമാണെന്നാണ് സുധാകരന്‍ പറയുന്നത്.
ഇക്കാര്യത്തില്‍ കേരളത്തിന്റെ അഭിപ്രായം ചോദിച്ചാല്‍ നിലപാട് അറിയിക്കുമെന്നും കോണ്‍ഗ്രസ് പങ്കെടുക്കരുതെന്നാണ് കേരള ഘടകം നിലപാടെന്ന കെ മുരളീധരന്റെ അഭിപ്രായം എന്തിന്റെ അടിസ്ഥാനത്തിലെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും സുധാകരന്‍ പറഞ്ഞിരുന്നു. അതേസമയം വിഷയത്തില്‍ ശശി തരൂര്‍ കൈക്കൊണ്ട നിലപാടും ശ്രദ്ധയാകര്‍ഷിച്ചിരുന്നു. തീരുമാനം പ്രഖ്യാപിക്കാന്‍ അല്‍പം സമയം വേണം എന്നാണ് തരൂര്‍ പറഞ്ഞത്.
ഹിന്ദുവും ഹിന്ദുത്വയും രണ്ടാണെന്നും മതവിശ്വാസമില്ലാത്ത സി പി എമ്മിന് എളുപ്പത്തില്‍ തീരുമാനെടുക്കാം എന്നും തരൂര്‍ പറഞ്ഞിരുന്നു. എന്നാല്‍ ക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനെ രാഷ്ട്രീയവത്കരിക്കാനാണ് ബി ജെ പി. ശ്രമം എന്നാണ് കെ സി വേണുഗോപാല്‍ പറഞ്ഞത്. ബി ജെപിക്ക് തങ്ങളെ കെണിയില്‍പ്പെടുത്താന്‍ കഴിയില്ല എന്നും കെ സി വേണുഗോപാല്‍ പറഞ്ഞിരുന്നു.
അതേസമയം വിഷയത്തില്‍ നിസംശയം നിലപാട് പ്രഖ്യാപിച്ച സി പി എമ്മിന്റെ നയമാണ് കേരളത്തില്‍ കൈയടി നേടുന്നത്. ഇത് സി പി എമ്മിന് രാഷ്ട്രീയമായ ഒരു മേധാവിത്വം നല്‍കി എന്നതും സത്യമാണ്. കോണ്‍ഗ്രസ് ഇനി എന്ത് നിലപാട് സ്വീകരിച്ചാലും സി പി എമ്മിന്റെ രാഷ്ട്രീയ ഇച്ഛാശക്തിയും തെളിമയും കൈയടി നേടുന്നു എന്ന് തന്നെയാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം.
സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ രാമക്ഷേത്ര ട്രസ്റ്റ് ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു. എന്നാല്‍ പങ്കെടുക്കില്ല എന്ന മറുപടിയാണ് യെച്ചൂരി ഇതിന് നല്‍കിയത്. ഇത് സി പി എമ്മിന് ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഒരിക്കല്‍ കൂടി സ്വീകാര്യത വരാന്‍ കാരണമായി എന്നതില്‍ സംശയമില്ല. പൗരത്വ നിയമം, യൂണിഫോം സിവില്‍ കോഡ്, ബാബ്‌റി മസ്ജിദ് ധ്വംസനം എന്നിവയില്‍ എല്ലാം സി പി എം നിലപാടിന് ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ പിന്തുണയുണ്ട്.
രാമക്ഷേത്ര ചടങ്ങിലേക്ക് തങ്ങള്‍ ഇല്ല എന്ന് വ്യക്തമാക്കുന്നതിലൂടെ അത് അരക്കിട്ടുറപ്പിക്കാന്‍ സി പി എമ്മിന് സാധിച്ചിട്ടുണ്ട്. ഇനി കോണ്‍ഗ്രസ് ചടങ്ങില്‍ പങ്കെടുക്കുകയാണെങ്കില്‍ വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ സി പി എമ്മിനും ഇടത് മുന്നണിക്കും നേട്ടമായിരിക്കും. സമസ്ത കോണ്‍ഗ്രസിന്റെ നിലപാടില്ലായ്മയെ വിമര്‍ശിച്ചത് സി പി എം നിലപാട് എടുത്ത് പറഞ്ഞ് കൊണ്ടാണ് എന്ന് ഇതിനോട് കൂട്ടിവായിക്കണം.












Click it and Unblock the Notifications