രാമനവമി സംഘർഷം; മാർച്ച് മുതൽ ജയിലിൽ കിടക്കുന്ന മുസ്ലീം യുവാക്കളെ പ്രതികളാക്കി പോലീസ്
ദില്ലി;ജയിലിൽ കിടക്കുന്ന മുസ്ലീം യുവാക്കളേയും രാമനവമി സംഘർഷങ്ങളിൽ പ്രതി ചേർത്ത് മധ്യപ്രദേശ് പോലീസ്. വധശ്രമക്കേസിൽ പ്രതികളായി മാർച്ച് മുതൽ ജയിലിൽ കഴിയുന്ന മൂന്ന് മുസ്ലീം യുവാക്കളേയാണ് പോലീസ് പ്രതികളാക്കിയത്.
ഷെഹബാസ്, ഫക്രു, റൗഫ് എന്നീ യുവാക്കൾക്കെതിരായണ് കേസെടുത്തിരിക്കുന്നത്. മാർച്ച് അഞ്ചിന് രജിസ്റ്റർ ചെയ്ത വധശ്രമക്കേസിലാണ് മൂന്ന് പേരും ജയിലിലായത്. ഏപ്രിൽ 10 ന് മോട്ടോർ ബൈക്ക് കത്തിച്ച കേസിലും ഇവർ പ്രതികളാണ്.രാമനവമി ദിനത്തിൽ വർഗീയ സംഘർഷങ്ങൾക്ക് സാക്ഷ്യം വഹിച്ച രണ്ട് ജില്ലകളിലൊന്നായ ബർവാനി ജില്ലയിലെ സെൻധ്‌വയിൽ നിന്നുള്ളവരാണ് മൂവരും. വധശ്രമത്തിന് കേസെടുത്ത അതേ പോലീസ് സ്‌റ്റേഷനിലാണ് ഇവർക്കെതിരെ രാമനവമി സംഘർഷത്തിലും കേസെടുത്തിരിക്കുന്നത്.
എന്നാൽ പരാതിക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്നാണ് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞത്.
'ഞങ്ങൾ വിഷയം അന്വേഷിക്കുകയും ജയിൽ സൂപ്രണ്ടിൽ നിന്ന് യുവാക്കളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുകയും ചെയ്യും. പരാതിക്കാരന്റെ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്', മുതിർന്ന പോലീസ് ഓഫീസർ മനോഹർ സിംഗ് പറഞ്ഞു.
അതേസമയം വർഗീയ സംഘർഷത്തിന് ശേഷം തന്റെ വീട് തകർത്തെന്നും തനിക്ക് നോട്ടീസ് നൽകിയില്ലെന്നും ഷഹബാസിന്റെ അമ്മ സക്കീന ആരോപിച്ചു. എന്റെ മകൻ ഒന്നര മാസമായി ജയിലിലാണ്.ചില പ്രശ്നത്തെ തുടർന്നാണ് മകനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പോലീസ് വന്ന് ഞങ്ങളെ വീട്ടിൽ നിന്നും പുറത്താക്കി. എന്റെ കുട്ടി ജയിലിലാണ്. ഇക്കാര്യം ഞാൻ പോലീസിനോട് പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ അവനെതിരെ എന്തിനാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്ന് ആവർത്തിച്ച് ചോദിച്ചിരുന്നു. ഞങ്ങൾ അവർക്ക് മുൻപിൽ കൈകൂപ്പി ക്ഷമാപണം നടത്തിയിരുന്നു. അവർ എന്റെ ഇളയ മകനേയും കൊണ്ടുപോയി, സക്കീന പറഞ്ഞു.

രാമനവമി ദിനത്തിലുണ്ടായ സംഘര്‍ഷത്തിൽ പ്രതികളായവരുടെ വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് സർക്കാർ പൊളിച്ച് നീക്കിയിരുന്നു. കല്ലേറിൽ കുറ്റാരോപിതരായ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട 45 പേരുടെ സ്വത്തുവകകളാണ് പൊലീസ് സുരക്ഷയിൽ അധികൃതർ നശിപ്പിച്ചിരുന്നത്. കയ്യേറ്റം ആരോപിച്ചായിരുന്നു സർക്കാർ നടപടി. തിങ്കളാഴ്ച 16 ഓളം വീടുകൾ 29 ഓളം കടകളുമാണ് ഇത്തരത്തിൽ തകർത്തത്.
രാമനവമി ദിനത്തിൽ വ്യാപകമായ അക്രമണമായിരുന്നു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അരങ്ങേറിയത്. ബിഹാർ, ജാർഖണ്ഡ്, പശ്ചിമബംഗാൾ, ഗുജറാത്ത്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ എല്ലാം സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഗുജറാത്തില്‍ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു.












Click it and Unblock the Notifications