റിസര്‍വ് ബാങ്കിന്റെ തിട്ടൂരങ്ങള്‍ തീരുന്നില്ല..പണ വിതരണത്തിന് ബാങ്കുകള്‍ക്ക് പുതിയ നിര്‍ദേശങ്ങൾ
ഗ്രാമീണമേഖലകള്‍ക്ക് കൂടുതല്‍ പണം വിതരണം ചെയ്യണമെന്ന് ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്കിന്റെ നിര്‍ദേശം
ദില്ലി: വിതരണം ചെയ്യുന്ന പണത്തിന്റെ നാല്‍പത് ശതമാനമെങ്കിലും ഗ്രാമങ്ങളില്‍ വിനിയോഗിക്കണമെന്ന് രാജ്യത്തെ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്കിന്റെ നിര്‍ദേശം. ഇത് സംബന്ധിച്ച സര്‍ക്കുലര്‍ ആര്‍ബിഐ ബാങ്കുകള്‍ക്ക് കൈമാറി.
റിസര്‍വ് ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് ബാങ്കുകള്‍ക്കുള്ള നിര്‍ദേശങ്ങളുള്ളത്. ബാങ്കുകള്‍ ഗ്രാമീണ മേഖലകളില്‍ വിനിയോഗിക്കുന്ന പണം അവിടങ്ങളിലെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പര്യാപ്തമല്ല എന്ന് കണ്ടതിനെ തുടര്‍ന്നാണ് റിസര്‍വ് ബാങ്ക് പുതിയ നിര്‍ദേശം നല്‍കിയിരിക്കുന്നത്. 7 സുപ്രധാന നിര്‍ദേശങ്ങളാണ് സര്‍ക്കുലറിലുള്ളത്.

ഗ്രാമീണ മേഖലയിലുള്ള എല്ലാ ബ്രാഞ്ചുകള്‍ക്കും പുതിയ നോട്ടുകളുടെ ലഭ്യത ഉറപ്പാക്കണം. വൈറ്റ് ലൈബല്‍ എടിഎമ്മുകള്‍ക്കും പോസ്റ്റ് ഓഫീസുകള്‍ക്കും മുന്‍ഗണന നല്‍കി പുതിയ നോട്ടുകള്‍ ലഭ്യമാക്കണം.

ജില്ലകളെ താരതമ്യം ചെയ്ത് നോക്കുമ്പോള്‍ ഒരോ ഗ്രാമങ്ങളുടേയും പണത്തിന്റെ ആവശ്യകതയില്‍ വ്യത്യാസം കാണും. ഇത് കണക്കിലെടുത്ത് വേണം നിശ്ചിത തുക അനുവദിക്കാനെന്നും സര്‍ക്കുലറില്‍ പറയുന്നു.

ബാങ്കിടപാടുകളില്‍ പണം വിതരണം ചെയ്യുന്നത് അഞ്ഞൂറിന്റെയോ അതില്‍ താഴെയുള്ളതോ ആയ നോട്ടുകള്‍ ഉപയോഗിച്ചാവണമെന്നും നിര്‍ദേശമുണ്ട്. ഉള്‍നാടുകളിലുള്ള എടിഎമ്മുകളില്‍ കൂടുതല്‍ നോട്ടുകള്‍ നിറയ്ക്കാനും റിവര്‍വ് ബാങ്ക് നിര്‍ദേശിക്കുന്നു.

നൂറിന് താഴെയുള്ള നോട്ടുകള്‍ ഗ്രാമങ്ങളില്‍ സുലഭമായി വിതരണം ചെയ്യാനും റിസര്‍വ് ബാങ്ക് നിര്‍ദേശിക്കുന്നു. നാണയങ്ങളുടെ വിതരണവും ഗ്രാമങ്ങളില്‍ കൂടുതലായി നടത്താനും നിര്‍ദേശിക്കുന്നു.












Click it and Unblock the Notifications