പണം കൊടുത്ത് അവര്‍ കാത്തിരിക്കുന്നു... ഇന്ത്യയിലേക്കെത്താന്‍; ഉറക്കമൊഴിച്ച് തമിഴ്‌നാട്
ചെന്നൈ: സാമ്പത്തിക പ്രതിസന്ധി കാരണം ദുരിതത്തിലായ ശ്രീലങ്കക്കാര്‍ കൂട്ടത്തോടെ രക്ഷാ കേന്ദ്രം തിരയുകയാണ്. ലങ്കയിലെ തമിഴ് വംശജര്‍ കടല്‍ വഴി തമിഴ്‌നാട്ടിലേക്ക് എത്തുന്നുണ്ട്. തീരസേന ചിലരെ പിടികൂടി. ഇവരില്‍ നിന്ന് ലഭിച്ച വിവരം വളരെ ഞെട്ടിപ്പിക്കുന്നതാണ്. മനുഷ്യക്കടത്ത് സംഘങ്ങള്‍ ശ്രീലങ്കയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യയിലെത്തിക്കാന്‍ പണം ചോദിക്കുകയാണവര്‍. പലരും പണം കൊടുത്ത് ഊഴം കാത്തിരിക്കുകയാണ്. യാത്രയും വളരെ ദുസ്സഹം.
ഇത്തരത്തില്‍ കടല്‍ കടന്നെത്തുന്നവരെ പ്രത്യേക ക്യാമ്പിലേക്ക് മാറ്റാനാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനം. തമിഴ്‌നാട് പോലീസിന്റെ ക്യു ബ്രാഞ്ച് തീരദേശത്ത് 24 മണിക്കൂറും പ്രത്യേക നിരീക്ഷണം നടത്തുകയാണ്. ശ്രീലങ്കന്‍ വംശജര്‍ക്കിടയില്‍ നിന്ന് രഹസ്യവിവരം ശേഖരിക്കുന്നുമുണ്ട്. ശ്രീലങ്കയില്‍ നിന്നെത്തിയ ആദ്യ സംഘത്തില്‍ 16 പേരാണുണ്ടായിരുന്നത്. ഒരു കുട്ടിയും ഇതില്‍പ്പെടും. ഇവരെ മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കി റിമാന്റ് ചെയ്തു. മുതിര്‍ന്നവരെ ജയിലിലേക്ക് മാറ്റി. ബാക്കിയുള്ളവരെ ക്യാമ്പിലേക്കും. രണ്ടു കുട്ടികളെ അമ്മയോടൊപ്പം ജയിലിലേക്ക് അയച്ചു. മുതിര്‍ന്ന കുട്ടിയെ വെല്ലൂരിലെ ശ്രീലങ്കന്‍ അഭയാര്‍ഥികളുടെ ക്യാമ്പിലുള്ള മുത്തശ്ശിയുടെ അടുത്തേക്ക് പറഞ്ഞുവിട്ടു.

മറ്റൊരു സംഘത്തില്‍ പത്ത് പേര്‍ ശ്രീലങ്കയില്‍ നിന്നെത്തി. ശ്രീലങ്കയിലെ വാവുനിയയില്‍ നിന്നുള്ളവരാണിവര്‍. പോലീസ് ഇവരെ രാമേശ്വരത്തെ മണ്ഡപം ക്യാമ്പിലേക്ക് മാറ്റി. ശ്രീലങ്കന്‍ ആഭ്യന്തര യുദ്ധകാലത്ത് ഒരു ലക്ഷത്തിലധികം അഭയാര്‍ഥികളാണ് തമിഴ്‌നാട്ടിലെത്തിയത്. ഇവരെ 107 ക്യാമ്പുകളിലായി താമസിപ്പിക്കുകയായിരുന്നു. പുതിയ സാഹചര്യത്തില്‍ ധനുഷ്‌കോടി -രാമേശ്വരം തീരത്ത് സേന തിരച്ചില്‍ ശക്തമാക്കി.
നിയമവിരുദ്ധ മാര്‍ഗങ്ങളിലൂടെയും ഒട്ടും സുരക്ഷിതമല്ലാത്ത രീതിയില്‍ ചെറിയബോട്ടുകളിലുമായാണ് ഇന്ത്യയിലേക്ക് ഭക്ഷണവും സുരക്ഷിതജീവിതവും തേടി ശ്രീലങ്കക്കാര്‍ എത്തിക്കൊണ്ടിരിക്കുന്നത്. പാക്ക് കടലിടുക്ക് കടന്നെത്തിയ ഏതാനും അഭയാര്‍ഥികളെ ഇന്ത്യന്‍ തീരരക്ഷേസാന രക്ഷപ്പെടുത്തി. രാമേശ്വരത്തിനു സമീപം കടലിലെ ചെറിയ ദ്വീപില്‍ കുടുങ്ങിക്കിടന്ന ആറംഗ സംഘത്തെ സേന രക്ഷപ്പെടുത്തുകയായിരുന്നു. യുവ ദമ്പതികളെയും നാലുമാസം പ്രായമുള്ള മകനും മറ്റൊരു സ്ത്രീയും അവരുടെ ആറും പന്ത്രണ്ടും വയസ്സുള്ള കുട്ടികളെയുമാണ് സേന രക്ഷിച്ചത്.
വിശന്നുകരയുന്ന കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം നല്‍കാന്‍ കൂടി വഴിയില്ലാതായതോടെയാണ് ഇന്ത്യയിലേക്കുള്ള ബോട്ടില്‍ കയറിയതെന്ന് അഭയാര്‍ഥികള്‍ പറഞ്ഞു. അരലക്ഷം രൂപ മനുഷ്യക്കടത്ത് സംഘത്തിനു നല്‍കി ശ്രീലങ്ക വിട്ട ഇവരെ രാമേശ്വരത്തിനു കിലോമീറ്ററുകള്‍ അകലെ വിജനമായ ദ്വീപില്‍ ഇറക്കിവിടുകയായിരുന്നു. 12 വര്‍ഷത്തിന് ശേഷമാണ് ശ്രീലങ്കയില്‍ നിന്ന് ഇന്ത്യയിലേക്ക് അഭയാര്‍ഥികളെത്തുന്നത്. 2009ല്‍ എല്‍ടിടിഇ മേധാവിയായിരുന്ന വേലുപ്പിള്ള പ്രഭാകരന്‍ കൊല്ലപ്പെട്ട സംഘര്‍ഷ സമയത്താണ് ഇതിന് മുമ്പ് ഇവിടേക്ക് അഭയാര്‍ഥിപ്രവാഹമുണ്ടായത്. 1948ല്‍ സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും മോശം സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ദ്വീപ് രാജ്യമായ ശ്രീലങ്ക ഇപ്പോള്‍ കടന്നുപോവുന്നത്. വിദേശനാണ്യ ശേഖരത്തിന്റെ കുറവാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് പ്രധാനകാരണം.












Click it and Unblock the Notifications