റിലയന്‍സ് ജിയോ മാര്‍ട്ടില്‍ 1000 പേരെ പുറത്താക്കി? ശമ്പളവും കുറച്ചെന്ന് റിപ്പോര്‍ട്ട്
മുംബൈ: റിലയന്‍സ് ജിയോ മാര്‍ട്ടിലും കൂട്ടപ്പുറത്താക്കലെന്ന് റിപ്പോര്‍ട്ട്. റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ നടക്കുന്ന മാറ്റങ്ങളുടെ ഭാഗമായിട്ടാണ് ഈ പുറത്താക്കലെന്നാണ് സൂചന. ഇക്കണോമിക് ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മെട്രോ ക്യാഷുമായും, ക്യാരിയുമായി ചേര്‍ന്ന് പുതിയ ബിസിനസ് പാര്‍ട്ണര്‍ഷിപ്പുണ്ടാക്കിയതിന് പിന്നാലെയാണ് കൂട്ടപ്പുറത്താക്കലുകള്‍ നടന്നത്.
തൊഴിലാളികള്‍ക്കിടയില്‍ മികവ് വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരമൊരു നീക്കമെന്നാണ് സൂചന. ജിയോ മാര്‍ട്ടില്‍ ചെലവ് ചുരുക്കലിന്റെ നടപടികളാണ് നടക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വലിയ തോതിലുള്ളതാണ് ഈ ചെലവ് ചുരുക്കലെന്നും ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ടില്‍ അവകാശപ്പെടുന്നു.

ജിയോ മാര്‍ട്ടിന് 15000 ജീവനക്കാരുണ്ട്. ഇതില്‍ പലര്‍ക്കും ജോലി നഷ്ടപ്പെടാമെന്നാണ് സൂചന. നിലവില്‍ ആയിരം പേരെയാണ് ജോലി നഷ്ടപ്പെടുമെന്ന് അറിയിച്ചിരിക്കുന്നത്. ജിയോ മാര്‍ട്ടിന്റെ കോര്‍പ്പറേറ്റ് ഓഫീസിലുള്ള അഞ്ഞൂറോളം എക്‌സിക്യൂട്ടീവുകള്‍ക്കും ജോലി നഷ്ടപ്പെടുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പലരും കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ രാജിവെച്ച് പുറത്തുപോയെന്നാണ് റിപ്പോര്‍ട്ട്.
രണ്ടാം ഘട്ട പുറത്താക്കലുകള്‍ റിലയന്‍സ് ജിയോ മാര്‍ട്ട് ആരംഭിച്ചുവെന്നാണ് സൂചന. നൂറില്‍ അധികം ജീവനക്കാരെ പെര്‍ഫോമന്‍സ് ഇംപ്രൂവ്‌മെന്റ് പ്ലാനില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. ഇവര്‍ക്കും വൈകാതെ ജോലി നഷ്ടമാകാനാണ് സാധ്യത.
റിലയന്‍സ് മാര്‍ട്ട് മൂന്നില്‍ രണ്ട് ഭാഗം ജീവനക്കാരെയും പുറത്താക്കുമെന്നാണ് സൂചന. അതേസമയം ബാക്കിയുള്ള ജീവനക്കാരുടെ ശമ്പളം മൊത്തത്തില്‍ കുറച്ചിരിക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പലവിധത്തിലുള്ള ശമ്പള വിഭാഗത്തിലാണ് ഇവരെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഗ്രോസറി സ്‌റ്റോറുകള്‍ക്കായുള്ള വിതരണക്കാരെ മാറ്റാനാണ് റിലയന്‍സിന്റെ ശ്രമം. മെട്രോയെ നേരത്തെ കമ്പനി ഏറ്റെടുത്തിരുന്നു. ഇവരുടെ 3500 ഓളം ജീവനക്കാര്‍ ഇനി റിലയന്‍സ് ജിയോ മാര്‍ട്ടിന് വേണ്ടി ജോലി ചെയ്യും. പല റോളുകളിലേക്കും ഇവരെ നിയമിക്കും. ഇതിലൂടെ ലാഭം വര്‍ധിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ഗ്രോസറി സ്റ്റോറുകള്‍ക്ക് സാധനങ്ങള്‍ എത്തിക്കുന്ന 75 പ്രാദേശിക സെന്ററുകളും അടച്ചുപൂട്ടാനാണ് റിലയന്‍സിന്റെ തീരുമാനമെന്ന് റിപ്പോര്‍ട്ട് പറഞ്ഞു. മെട്രോ എജി ഒരു ജര്‍മന്‍ കമ്പനിയാണ്. അവരുടെ 31 സ്റ്റോറുകള്‍ നേരത്തെ ഇഷാ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് റീട്ടെയിലിന് വിറ്റിരുന്നു. 2850 കോടിക്കാണ് ഈ സ്‌റ്റോറുകള്‍ റിലയന്‍സ് വാങ്ങിയത്.
ജിയോ മാര്‍ട്ടിന്റെ മാതൃകമ്പനിയാണ് റിലയന്‍സ് റീട്ടെയില്‍. 2022-2023ന്റെ നാലാം പാദത്തില്‍ 2415 കോടിയാണ് കമ്പനിക്ക് ലാഭമായി ലഭിച്ചത്. പുതിയ ജീവനക്കാര്‍ വരുന്നതോടെ ഓണ്‍ലൈന്‍ വില്‍പ്പനയില്‍ അടക്കം വര്‍ധനവാണ് കമ്പനി ലക്ഷ്യമിടുന്നത്. നേരത്തെ കമ്പനി പുതിയതായി 3300 സ്റ്റോറുകള്‍ ആരംഭിച്ചിരുന്നു.












Click it and Unblock the Notifications