പൗരത്വഭേദഗതി നിയമം: ജപ്പാന്‍ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കിയേക്കും, മോദി- ആബെ കൂടിക്കാഴ്ചയില്‍ ആശങ്ക!
ദില്ലി: ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കുമെന്ന് സൂചന. ഇന്ത്യയില്‍ പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് നീക്കം. ജാപ്പനീസ് മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടിട്ടുള്ളത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഷിന്‍സോ ആബെയും ഗുവാഹത്തിയില്‍ വെച്ച് കൂടിക്കാഴ്ച നടത്താനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. ഞായറാഴ്ച ഇന്ത്യയിലെത്തുമെന്നാണ് ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയിലെത്തിയിരുന്നത്.
എന്നാല്‍ പാര്‍ലമെന്റില്‍ പൗരത്വ ഭേദഗതി ബില്‍ പാസായതോടെ അസം ഉള്‍പ്പെടെയുള്ള വടക്കേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധവും അക്രമ സംഭവങ്ങളും വ്യാപകമായതോടെയാണ് ജപ്പാന്റെ നീക്കമെന്നാണ് സൂചന. കഴിഞ്ഞ രണ്ട് ദിവസങ്ങളായി അസമില്‍ കടുത്ത പ്രക്ഷോഭമാണ് അരങ്ങേറുന്നത്. ആയിരക്കണക്കിന് വരുന്ന ജനങ്ങളാണ് പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തെരുവിലിറങ്ങിയിട്ടുള്ളത്.

എന്നാല്‍ ഷിന്‍സോ ആബെയുടെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കിയത് സംബന്ധിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നാണ് ഇന്ത്യന്‍ വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പ്രതികരിച്ചത്. ദില്ലിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ആഴ്ചയാണ് പ്രധാന മന്ത്രി നരേന്ദ്ര മോദിയും ജാപ്പനീസ് പ്രധാനമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ചയെക്കുറിച്ചുള്ള പ്രഖ്യാപനമുണ്ടായത്.
ഡിസംബര്‍ 15 മുതല്‍ 17 വരെ നീളുന്ന ഇന്ത്യാ സന്ദര്‍ശനമാണ് നിശ്ചയിച്ചിരുന്നത്. സന്ദര്‍ശനത്തിനുള്ള സ്ഥലം നിശ്ചയിട്ടില്ല. ഗുവാഹത്തിയില്‍ നടത്താമെന്ന തരത്തിലുള്ള ആലോചനകളാണ് നടത്തിയിട്ടുള്ളത്. അതിനുള്ള ഒരുക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. അസമില്‍ വ്യാഴാഴ്ച പ്രതിഷേധത്തിനിടെയുണ്ടായ പോലീസ് വെടിവെയ്പില്‍ രണ്ട് പ്രതിഷേധക്കാര്‍ കൊല്ലപ്പെട്ടിരുന്നു.












Click it and Unblock the Notifications