വന്ദേ ഭാരത് സൂപ്പർ ഹിറ്റ്!! ടിക്കറ്റ് വെയിറ്റിംഗ് ലിസ്റ്റിൽ; ചെന്നൈയിലെ വന്ദേഭാരതിൽ വൻതിരക്ക്
ഇപ്പോൾ എല്ലായിടത്തും ചർച്ച വന്ദേഭാരതിനെക്കുറിച്ച് തന്നെയാണ്. കേരളത്തിൽ വന്ദേഭാരത് ട്രയൽ റൺ പൂർത്തിയാക്കിയിരിക്കുകയാണ്. വന്ദേഭാരത് വരുന്നതോടെ യാത്ര പ്രശ്നം പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് ഭൂരിപക്ഷവും. അതേസമയം ദക്ഷിണേന്ത്യയിൽ ആദ്യ വന്ദേ ഭാരത് സർവീസ് ആരംഭിച്ച് ആറ് മാസം പൂർത്തിയാക്കുമ്പോൾ നല്ല പ്രതികരണം ആണ് വന്ദേ ഭാരതിന് ലഭിക്കുന്നത്.
2022 നവംബർ 11ന് ആരംഭിച്ച ചെന്നൈ - മൈസൂരു ട്രെയിനിലും ഏപ്രിൽ 8ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ചെന്നൈ - കോയമ്പത്തൂർ ട്രെയിനിലും ആളുകൾ ഇടിച്ചുകയറുകയാണ്. ടിക്കറ്റിന് വേണ്ടി ക്യൂവാണ്. ചെന്നൈ - ബെംഗളൂരു - മൈസൂരു റൂട്ടിലെ ട്രെയിനിൽ ആഴ്ച്ചാവസാനം എപ്പോഴും ടിക്കറ്റുകൾ വെയ്റ്റിങ് ലിസ്റ്റിലാണ് ഉണ്ടാവാറുള്ളത്. അതേസമയം, ചെന്നൈ - കോയമ്പത്തൂർ - ചെന്നൈ വന്ദേഭാരതിൽ മേയ് 8 വരെയുള്ള ടിക്കറ്റുകൾ ഇപ്പോൾ വെയിറ്റിംഗ് ലിസ്റ്റിൽ ആണ്.

കോയമ്പത്തൂർ - സെൻട്രൽ റൂട്ടിൽ ശതാബ്ദി എക്സ്പ്രസിന് 7 മണിക്കൂർ എടുക്കുമ്പോൾ വന്ദേഭാരത് എടുക്കുന്നത് 5 മണിക്കൂറും 50 മിനിറ്റും
ആണ്. പെട്ടെന്ന് എത്താം എന്നുള്ളത് തന്നെയാണ് ജനങ്ങൾ സ്വീകരിക്കാൻ കാരണം. പാലക്കാട്ടേക്ക് വരുന്ന മലയാളികൾക്ക് എന്തായാലും ഇത് നല്ലൊരു കാര്യം തന്നെ. ട്രെയിൻ നമ്പർ 20644 കോയമ്പത്തൂരിൽനിന്നു രാവിലെ 6നു പുറപ്പെട്ട് 11.50നു സെൻട്രലിൽ എത്തും. തിരിച്ചുള്ള ട്രെയിൻ (20643) ഉച്ചയ്ക്ക് 2.25ന് ചെന്നൈയിൽ നിന്ന് പുറപ്പെട്ടാൽ രാത്രി 8.15ന് കോയമ്പത്തൂരിൽ എത്തും.
തിരുപ്പൂർ, ഈറോഡ്, സേലം, ജോലാർപെട്ട് എന്നീ സ്ഥലങ്ങളിൽ സ്റ്റോപ് ഉണ്ട് . പാസഞ്ചർ ഇൻഫർമേഷൻ സ്ക്രീൻ, ടച്ച് സ്ക്രീനോടു കൂടിയുള്ള ബയോ വാക്വം ശുചിമുറി, എമർജൻസി വിൻഡോ, എമർജൻസി വിളക്ക്, എസി ക്രമീകരിക്കാനുള്ള സംവിധാനം, തുടങ്ങിയ സൗകര്യങ്ങൾ ട്രെയിനിൽ ഉണ്ട്. എസി ചെയർ കാറിന് 1215 രൂപ മുതലും എക്സിക്യൂട്ടീവ് കാറിന് 2310 രൂപ മുതലും ആണ് ടിക്കറ്റിന് വരുന്നത് . ചെന്നൈ - ജോലാർപെട്ട് സെക്‌ഷനിൽ വന്ദേഭാരത് ട്രെയിനുകൾ മണിക്കൂറിൽ 130 കി.മീ വേഗത്തിൽ ആണ് ഓടുക. ഈ സെക്‌ഷനിൽ ട്രെയിനുകളുടെ വേഗപരിധി 110 കിലോമീറ്ററിൽനിന്ന് 130 കി.മീറ്ററായി വർധിപ്പിച്ചത് പരമാവധി വേഗം നേടാൻ പ്രയോജനമായി.












Click it and Unblock the Notifications