മക്കളെ രണ്ട് പേരെയും കേന്ദ്ര മന്ത്രിമാരാക്കണം, എന്നാല്‍ രാജിവെക്കാം, ആവശ്യമറിയിച്ച് യെഡിയൂരപ്പ
ദില്ലി: കര്‍ണാടകത്തില്‍ എംഎല്‍എമാരുടെ എതിര്‍പ്പുകള്‍ക്കിടെ ഞെട്ടിച്ച നീക്കവുമായി മുഖ്യമന്ത്രി യെഡിയൂരപ്പ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജി സന്നദ്ധത അറിയിച്ചിരിക്കുകയാണ് അദ്ദേഹം. അനാരോഗ്യം ചൂണ്ടിക്കാണിച്ചാണ് രാജി സന്നദ്ധത അറിയിച്ചതെന്നാണ് സൂചന. എന്നാല്‍ നിര്‍ണായകമായ ചില ആവശ്യങ്ങള്‍ യെഡിയൂരപ്പ ഉന്നയിച്ചുവെന്നാണ് സൂചന. കേന്ദ്ര മന്ത്രിസഭയില്‍ യെഡിയൂരപ്പയുടെ മക്കള്‍ക്ക് പദവികള്‍ നല്‍കിയാല്‍ മാത്രമേ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെക്കൂ എന്നാണ് യെഡിയൂരപ്പ ആവശ്യപ്പെട്ടിരിക്കുന്നത്.
Recommended Video

അതേസമയം പ്രധാനമന്ത്രി ആവശ്യപ്പെട്ടാല്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുമെന്ന നിലപാടിലാണ് യെഡിയരൂപ്പ. മക്കളായ വിജയേന്ദ്രയെയും രാഘവേന്ദ്രയെയും കേന്ദ്ര മന്ത്രിമാരാക്കാനുള്ള നീക്കത്തിലാണ് യെഡിയൂരപ്പ. നേരത്തെ യെഡിയൂരപ്പ ആവശ്യപ്പെട്ടിട്ടാണ് ശോഭ കരന്തലജെയ്ക്ക് മുഖ്യമന്ത്രി സ്ഥാനം കിട്ടിയത്. ഗവര്‍ണര്‍ സ്ഥാനം യെഡിയൂരപ്പയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം ചെയ്തുവെന്ന് സൂചനയുണ്ട്. ജൂലായ് 24ന് മുഖ്യമന്ത്രി പദത്തില്‍ രണ്ട് വര്‍ഷം തികയ്ക്കുമ്പോള്‍ അദ്ദേഹം രാജിവെക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയെ കാണുന്നതിനായി യെഡിയൂരപ്പ ദില്ലിയിലെത്തിയിരുന്നു. എന്നാല്‍ രാജി ആവശ്യങ്ങളെ അദ്ദേഹം ചിരിച്ച് തള്ളുകയാണ് ചെയ്തത്. അതേസമയം യെഡിയൂരപ്പ രാജിവെച്ചുവെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് അദ്ദേഹവുമായി അടുപ്പമുള്ളവര്‍ വ്യക്തമാക്കി.അടുത്ത രണ്ട് വര്‍ഷവും യെഡിയൂരപ്പ മുഖ്യമന്ത്രിയായി തുടരുമെന്ന് ബിജെപി വൃത്തങ്ങള്‍ പറഞ്ഞു. അതേസമയം യെഡിയൂരപ്പ വികസന പദ്ധതികള്‍ ചര്‍ച്ച ചെയ്യുന്നതിനായിട്ടാണ് മോദിയെ കണ്ടതെന്നാണ് ബിജെപി നേതൃത്വം നല്‍കുന്ന വിവരം.
ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയെ അദ്ദേഹം ഇന്ന് രാവിലെ കണ്ടു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിനെ ഇന്ന് ഉച്ചയ്ക്ക് ശേഷവും യെഡിയൂരപ്പ കാണും. തന്നെ കുറിച്ച് നല്ല അഭിപ്രായമാണ് ബിജെപി അധ്യക്ഷനുള്ളതെന്നും, കര്‍ണാടകത്തില്‍ വീണ്ടും ബിജെപിയെ അധികാരത്തിലെത്തിക്കുകയാണ് ലക്ഷ്യമെന്നും യെഡിയൂരപ്പ പറഞ്ഞു.ബെംഗളൂരുവിലെ പെരിഫറല്‍ റിംഗ് റോഡ്, മേകേഡദു പദ്ധതി എന്നിവയാണ് യെഡിയൂരപ്പ മോദിയുമായി സംസാരിച്ചത്. മകന്‍ വിജയേന്ദ്രയ്‌ക്കൊപ്പമാണ് യെഡിയൂരപ്പ ദില്ലയിലെത്തിയത്. പാര്‍ട്ടിയിലും സര്‍ക്കാരിലും യെഡിയൂരപ്പയ്‌ക്കെതിരെ കടുത്ത നീക്കങ്ങളാണ് നടക്കുന്നത്.
മുഖ്യമന്ത്രിയെ മാറ്റണമെന്നും, മകന്‍ വിജയേന്ദ്രയാണ് ഭരിക്കുന്നതെന്നുമാണ് വിമര്‍ശനം. കേന്ദ്ര നേതൃത്വത്തിനും യെഡിയൂരപ്പയുടെ വയസ്സ് പരിഗണിച്ച് അദ്ദേഹത്തെ മാറ്റണമെന്നുണ്ട്. എന്നാല്‍ യെഡിയൂരപ്പയേക്കാള്‍ പോപ്പുലറായ നേതാവ് കര്‍ണാടകത്തില്‍ വേറെയില്ല. നേതൃത്വം മാറുമെന്നതിനെ കുറിച്ച് തനിക്കൊന്നും അറിയില്ല. നിങ്ങള്‍ക്ക് എന്തെങ്കിലും അറിയുമെങ്കില്‍ പറഞ്ഞ് തരൂ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകരോട് കഴിഞ്ഞ ദിവസം യെഡിയൂരപ്പ പ്രതികരിച്ചത്.
നേരത്തെ സംസ്ഥാനത്തിന്റെ ചുമതലയുള്ള ബിജെപി നേതാവ് അരുണ്‍ സിംഗ് കര്‍ണാടകത്തിലെത്തി എംഎല്‍എമാരെ കണ്ടിരുന്നു. ഭൂരിപക്ഷം പേരുടെയും പിന്തുണ യെഡിയൂരപ്പയ്ക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു. കര്‍ണാടകത്തിലെ ഏറ്റവും ശക്തനായ ലിംഗായത്ത് നേതാവായതാണ് യെഡിയൂരപ്പയ്ക്കുള്ള നേട്ടം.












Click it and Unblock the Notifications