ലാലുപ്രസാദ് യാദവിന്റെ ആരോഗ്യനില വഷളായി; എയിംസിലേക്ക് മാറ്റിയേക്കും
റാഞ്ചി: രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (റിംസ്) ചികിത്സയില്‍ കഴിയുന്ന ആര്‍ ജെ ഡി (രാഷ്ട്രീയ ജനതാദള്‍) നേതാവ് ലാലു പ്രസാദ് യാദവിന്റെ ആരോഗ്യ നില ചൊവ്വാഴ്ച വഷളായി. അദ്ദേഹത്തിന്റെ ശരീരത്തിലെ ക്രിയേറ്റിനിലെ അളവ് കുറഞ്ഞിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. മെച്ചപ്പെട്ട ചികിത്സയ്ക്കായി അദ്ദേഹത്തെ എയിംസിലേക്ക് മാറ്റാന്‍ റിംസിലെ മെഡിക്കല്‍ ബോര്‍ഡ് തീരുമാനമെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ട്.
ലാലു പ്രസാദ് യാദവിനെ ഡല്‍ഹി എയിംസിലേക്ക് റഫര്‍ ചെയ്യാന്‍ കുടുംബം നല്‍കിയ അപേക്ഷയില്‍ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേരും. ലാലുവിന്റെ ആരോഗ്യനില വഷളായ വിവരം അറിഞ്ഞ് ലാലു പ്രസാദ് യാദവിന്റെ കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഭോല യാദവ് റാഞ്ചിയില്‍ എത്തിയതായി വാര്‍ത്തകളുണ്ട്. വൃക്ക സംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെ ഒന്നില്‍ അധികം രോഗങ്ങള്‍ ലാലു പ്രസാദ് യാദവിനെ അലട്ടുന്നുണ്ട്. ഇതു കൂടാതെ, ബി പി ഉള്‍പ്പെടെയുള്ള മറ്റ് ചില പ്രശ്നങ്ങളുണ്ട്.

കാലിത്തീറ്റ കുംഭകോണത്തില്‍ ഡൊറണ്ട ട്രഷറിയില്‍ നിന്ന് 139 കോടി രൂപ അപഹരിച്ച കേസില്‍ മുന്‍ കേന്ദ്ര മന്ത്രി കൂടിയായ ലാലുപ്രസാദ് യാദവിനെ പ്രത്യേക സി ബി ഐ കോടതി അഞ്ച് വര്‍ഷം തടവിനും 60 ലക്ഷം രൂപ പിഴയും ശിക്ഷിച്ചിരുന്നു. കോടിക്കണക്കിന് രൂപയുടെ കാലിത്തീറ്റ കുംഭകോണത്തില്‍ അദ്ദേഹത്തിനെതിരായ അഞ്ചാമത്തെയും അവസാനത്തെയും കേസായിരുന്നു ഡൊറണ്ട കേസ്.
എന്നാല്‍ തന്റെ ശിക്ഷാ കാലയളവിലെ ഭൂരിഭാഗം നാളുകളും അദ്ദേഹം ആശുപത്രിയിലാണ് ചെലവഴിച്ചത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ലാലുപ്രസാദ് യാദവിനെ പ്രവേശിപ്പിച്ചിരുന്നു. മറ്റ് നാല് കാലിത്തീറ്റ കുംഭകോണ കേസുകളിലും ലാലു പ്രസാദ് യാദവിനെ നേരത്തെ 14 വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു.
ബിഹാര്‍ മുഖ്യമന്ത്രിയായിരിക്കെ ലാലു പ്രസാദ് യാദവ് കന്നുകാലികള്‍ക്ക് കാലിത്തീറ്റയ്ക്കും മറ്റുമായി വിവിധ സര്‍ക്കാര്‍ ട്രഷറികളില്‍ നിന്ന് 950 കോടി രൂപ അനധികൃതമായി പിന്‍വലിച്ചതാണ് കാലിത്തീറ്റ കുംഭകോണം എന്നറിയപ്പെടുന്നത്. ജാര്‍ഖണ്ഡിലെ ദുംക, ദിയോഘര്‍, ചൈബാസ ട്രഷറികളുമായി ബന്ധപ്പെട്ടാണ് മറ്റ് നാല് കേസുകളില്‍ 73 കാരനായ ലാലു പ്രസാദ് യാദവ് ശിക്ഷ അനുഭവിച്ചത്.












Click it and Unblock the Notifications