റോഹിന്‍ഗ്യന്‍ മുസ്ലിംകളെ തിരിച്ചയക്കാന്‍ പറ്റുമോ? സുപ്രീംകോടതി കേന്ദ്രത്തിനോട്, ഒരാഴ്ചക്കകം മറുപടി
ദില്ലി: റോഹിന്‍ഗ്യന്‍ മുസ്ലിം അഭയാര്‍ഥികളെ മ്യാന്‍മറിലേക്ക് തിരിച്ചയക്കുന്ന വിഷയത്തില്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം തേടി. തങ്ങളെ തിരിച്ചയക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് റോഹിന്‍ഗ്യകള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഒരാഴ്ചയ്ക്കകം മറുപടി നല്‍കണമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. റോഹിന്‍ഗ്യകളെ മ്യാന്‍മറിലേക്ക് തിരിച്ചയക്കുന്നത് ഇന്ത്യന്‍ ഭരണഘടനയ്ക്കും യുഎന്‍ പ്രമേയങ്ങള്‍ക്കും എതിരാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
അടുത്ത തിങ്കളാഴ്ചയ്ക്ക് മുമ്പ് കേന്ദ്രസര്‍ക്കാര്‍ മറുപടി നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു. റോഹിന്‍ഗ്യന്‍ മുസ്ലിംകളെ കേന്ദ്രസര്‍ക്കാര്‍ തിരിച്ചയക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കൂട്ടക്കൊല ഭയന്ന് പ്രശ്‌നമേഖലയില്‍ നിന്ന് പലായനം ചെയ്തുവന്നവരാണ് റോഹിന്‍ഗ്യന്‍ മുസ്ലിംകള്‍.
ഇവരെ തിരിച്ചയക്കുന്നത് യുഎന്‍ ചട്ടങ്ങള്‍ക്ക് എതിരാണെന്ന് നേരത്തെ യുഎന്‍ അഭയാര്‍ഥി ഏജന്‍സി കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിരുന്നു. റോഹിന്‍ഗ്യകള്‍ ആരും ഇന്ത്യക്കാരല്ലെന്നും യുഎന്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്താലും അവരെ കേന്ദ്രസര്‍ക്കാര്‍ തിരിച്ചയക്കുമെന്നുമായിരുന്നു റിപ്പോര്‍ട്ട്.

നേരത്തെ മനുഷ്യാവകാശ കമ്മീഷനും വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനോട് വിശദീകരണം തേടിയിരുന്നു. ബുദ്ധമത വിശ്വാസികള്‍ക്ക് ഭൂരിപക്ഷമുള്ള രാജ്യമാണ് മ്യാന്‍മര്‍. ഇവിടുത്തെ റാക്കയ്ന്‍ സംസ്ഥാനത്താണ് റോഹിന്‍ഗ്യന്‍ മുസ്ലിംകള്‍ കൂടുതലുള്ളത്. തീവ്ര ബുദ്ധമതക്കാരുടെ ആക്രമണത്തെ തുടര്‍ന്നാണ് റോഹിന്‍ഗ്യകള്‍ പലായനം ചെയ്യുന്നത്.
റോഹിന്‍ഗ്യകള്‍ കൂട്ടക്കൊലക്കിരയാകുന്നുവെന്ന വാര്‍ത്തകള്‍ നേരത്തെ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ റോഹിന്‍ഗ്യകള്‍ ബംഗ്ലാദേശില്‍ നിന്നു കുടിയേറിയവരാണെന്നാണ് തീവ്ര ബുദ്ധ മതക്കാരുടെ ആരോപണം. വിദേശ സന്ദര്‍ശനത്തിലുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി മ്യാന്‍മറും സന്ദര്‍ശിക്കുന്നുണ്ട്.












Click it and Unblock the Notifications