• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രോഹിത് വെമുല- നീതി ലഭിക്കാത്ത ഒരു വര്‍ഷം, പ്രതിക്കൂട്ടില്‍ ബിജെപിയും ജാതീയതയും

  • By Ashif

ഹൈദരാബാദ്: രാജ്യത്ത് ഉയര്‍ന്നു കേട്ട ദലിത് പീഡനത്തിന്റെ ഒടുവിലെ ഉദാഹരണമല്ലെങ്കിലും രോഹിത് വെമുല എന്ന പേര് ഇന്നൊരു പ്രതീകമാണ്. ഒരു വര്‍ഷം മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 2016 ജനുവരി 17ന് വൈകീട്ടാണ് ഹൈദരാബാദ് കേന്ദ്രസര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ഥിയായിരുന്ന രോഹിത് വെമുല കേന്ദ്രസര്‍ക്കാരിന്റെയും സര്‍വകലാശാലയുടെയും പീഡനത്തില്‍ മനംനൊന്ത് ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്തത്. സഹോദരന്‍ രാജ വെമുലക്കും അമ്മ രാധിക വെമുലയ്ക്കും പക്ഷേ, പിന്നീട് പോരാട്ടത്തിന്റെ ദിനങ്ങളായിരുന്നു- നീതിക്കു വേണ്ടിയുള്ള സന്ധിയില്ലാ സമരം.

പിന്നീട് കഴിഞ്ഞ വര്‍ഷം സമാനമായ സംഭവങ്ങള്‍ വീണ്ടും അരങ്ങേറി. ജെഎന്‍യു വിദ്യാര്‍ഥി കനയ്യ കുമാറിനെതിരായ പോലിസ് നടപടികള്‍, ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ ബീഫ് സൂക്ഷിച്ചുവെന്നാരോപിച്ച് സംഘപരിവാര്‍ അനുകൂലികള്‍ അടിച്ചുകൊന്ന മുഹമ്മദ് അഖ്‌ലാഖ്, ഹരിയാനയില്‍ കന്നുകാലികളെ കടത്തിയ യുവാക്കളെ കൊന്ന് കെട്ടിത്തൂക്കിയ സംഭവം, ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ നിന്നു എബിവിപിക്കാരുടെ മര്‍ദനത്തിന് ഇരയായ ശേഷം കാണാതായ മുഹമ്മദ് നജീബിന്റെ തിരോധാനം... അങ്ങനെ തുടരുന്നു ദലിത്, പിന്നാക്ക വിഭാഗങ്ങള്‍ക്കെതിരേ കഴിഞ്ഞ വര്‍ഷം അരങ്ങേറിയ ആക്രമണങ്ങള്‍.

എബിവിപിയും വെമുലയും

അംബേദകര്‍ സ്റ്റുഡന്റ് അസോസിയേഷന്‍(എഎസ്എ) പ്രവര്‍ത്തകനായിരുന്ന രോഹിത് വെമുലക്ക് ആര്‍എസ്എസിന്റെ വിദ്യാര്‍ഥി വിഭാഗമായ എബിവിപിയുമായി സംഘര്‍ഷമുണ്ടായ ശേഷം ഫെല്ലോഷിപ്പിനുള്ള തുക ഹൈദരാബാദ് കേന്ദ്രസര്‍വകലാശാല തടയുകയായിരുന്നു. മുംബൈ ആക്രമണക്കേസിലെ പ്രതി യാക്കൂബ് മേമന്റെ വധശിക്ഷ നടപ്പാക്കിയതില്‍ പ്രതിഷേധിച്ച് വെമുലയും സഹപ്രവര്‍ത്തകരും കാംപസില്‍ പരിപാടി സംഘടിപ്പിച്ചതാണ് എബിവിപിയുടെ ക്രൂരതക്കിരയാവാന്‍ കാരണം.

മന്ത്രിമാര്‍ ഇടപെടുന്നു

വെമുലക്കും സഹപ്രവര്‍ത്തകര്‍ക്കുമെതിരേ സെക്കന്തരാബാദിലെ ബിജെപി എംപിയും കേന്ദ്രമന്ത്രിയുമായ ബന്ധാരു ദത്താത്രേയക്ക് എബിവിപി പരാതി നല്‍കിയതോടെയാണ് വിഷയത്തിന് രാഷ്ട്രീയ പരിവേഷമുണ്ടായത്. മന്ത്രി ഈ പരാതി മാനവ വിഭവശേഷി മന്ത്രിയായിരുന്ന സ്മൃതി ഇറാനിക്ക് കൈമാറി. തുടര്‍ന്ന് വെമുലയെയും നാല് എഎസ്എ പ്രവര്‍ത്തകരെയും സര്‍വകലാശാല പുറത്താക്കി.

ആത്മഹത്യയില്‍ അഭയം തേടിയ വിദ്യാര്‍ഥി

പിന്നീട് ക്ലാസില്‍ കയറാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതോടെയാണ് യുവാവ് ആത്മഹത്യയില്‍ അഭയം പ്രാപിച്ചത്. ഇതോടെ സംഭവം ദേശീയ തലത്തില്‍ കൊടുങ്കാറ്റായി ആഞ്ഞടിക്കപ്പെട്ടു. പാര്‍ലമെന്റ് നടപടികള്‍ ദിവസങ്ങളോളം സ്തംഭിച്ചു. ബിജെപിയുടെ ദലിത് വിരുദ്ധത ഉയര്‍ത്തിക്കാട്ടി കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. ജാതിയാണ് തങ്ങളുടെ പ്രശ്‌നമെന്ന് രോഹിത് ആത്മഹത്യാ കുറിപ്പില്‍ എഴുതിയ പോലെ അദ്ദേഹത്തിന്റെ കുടുംബവും ചിന്തിച്ചുതുടങ്ങി. പിന്നീടവര്‍ ബുദ്ധമതം സ്വീകരിക്കുന്ന കാഴ്ചയും രാജ്യം കണ്ടു.

ദലിത് വിരുദ്ധതയും ആത്മഹത്യാ കുറിപ്പും

ദലിതുകള്‍ക്കെതിരേ നടക്കുന്ന വിവേചനത്തിന്റെ ചര്‍ച്ചകളായിരുന്നു പിന്നീട് രാജ്യത്തിന്റെ മുക്കുമൂലകളില്‍. സ്വപ്‌നം സാക്ഷാത്കരിക്കാതെ പാതിവഴിയില്‍ പൊലിഞ്ഞ ജീവനായി ചിലര്‍ രോഹിത്തിന്റെ ജീവിതത്തെ കണ്ടു. എന്റെ ആത്മാവും ശരീരവും തമ്മിലുള്ള വിടവ് വര്‍ധിക്കുകയാണെന്നായിരുന്നു വെമുലയുടെ ആത്മഹത്യാ കുറിപ്പിന്റെ തുടക്കം. തന്റെ ആഗ്രഹങ്ങളും ദുഖങ്ങളും പ്രയാസങ്ങളും നേരിട്ട ദുരിതങ്ങളും ജാതി നല്‍കിയ തിരിച്ചടിയുമെല്ലാം വിവരിക്കുന്നതായിരുന്നു കുറിപ്പ്.

ജാതി വീണ്ടും ചോദ്യം ചെയ്യപ്പെട്ടു

സംഭവത്തില്‍ നീതി തേടി ഇറങ്ങിയ രോഹിത്തിന്റെ അമ്മ രാധികക്കും സഹോദരന്‍ രാജക്കും കടുത്ത പ്രതിസന്ധിയാണ് നേരിട്ടത്. അവരുടെ ജാതി വീണ്ടും ചോദ്യം ചെയ്യപ്പെട്ടു. ദലിതരല്ലെന്നു വരെയുള്ള വാദങ്ങളും ഉയര്‍ന്നു. മറ്റു പിന്നാക്ക വിഭാഗക്കാരാണെന്ന 'കണ്ടെത്തലുകളും' വന്നു. എങ്കിലും നീതി മാത്രം അവരെ തേടിയെത്തിയില്ല. എഫ്‌ഐആറില്‍ കേന്ദ്രമന്ത്രിമാരായ ബന്ധാരു ദത്താത്രേയയുടെയും സ്മൃതി ഇറാനിയുടെയും വൈസ് ചാന്‍സലര്‍ അപ്പാ റാവുവിന്റെ പേരും പരാമര്‍ശിച്ചെങ്കിലും നടപടിയുണ്ടായില്ല.

മാറ്റമില്ലാത്ത സര്‍വകലാശാല

ഹൈദരാബാദ് സര്‍വകലാശാലയില്‍ ഒരു വര്‍ഷത്തിന് ശേഷവും യാതൊരു മാറ്റവും സംഭവിച്ചിട്ടില്ലെന്ന് ദലിത് പ്രഫസര്‍മാരും വിദ്യാര്‍ഥികളും സാക്ഷ്യപ്പെടുത്തുന്നു. ദലിതരല്ലാത്ത വിദ്യാര്‍ഥികള്‍ തന്നെയാണ് ഇപ്പോഴും സര്‍വകലാശാലയില്‍ കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നത്. പ്രതിഷേധങ്ങളുടെ പേരില്‍ 40 വിദ്യാര്‍ഥികള്‍ക്കും രണ്ട് അധ്യാപകര്‍ക്കുമെതിരേ കേസ് ഇപ്പോഴും നിലവിലുണ്ട്.

അതിഥികള്‍ക്ക് നിരോധനം

ഇതുകൊണ്ടൊന്നും തീര്‍ന്നില്ല, സര്‍വകലാശാല അധികൃതര്‍ ഇപ്പോഴും ദലിത് വിരുദ്ധ നീക്കങ്ങള്‍ തുടരുന്നുണ്ടെന്നാണ് റിപോര്‍ട്ടുകള്‍. വാര്‍ഷിക ദിനത്തിന്റെ ഭാഗമായി ഇന്ന് കാംപസില്‍ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയില്‍ അതിഥികള്‍ക്ക് പ്രവേശനം നിഷേധിച്ചു. രോഹിത്തിന്റെ അമ്മ രാധിക, നജീബിന്റെ മാതാവ് ഫാത്തിമ നഫീസ്, അഖ്‌ലാഖിന്റെ സഹോദരന്‍ ജാന്‍ മുഹമ്മദ്, ഗുജറാത്തിലെ ഉനയില്‍ മേല്‍ജാതിക്കാരുടെ ആക്രമണത്തിന് ഇരയായ ദലിത് യുവാക്കള്‍ എന്നിവരായിരുന്നു അതിഥികള്‍.

രാജ്യമെങ്ങും ഓര്‍മപ്പെടുത്തലുകള്‍

ഇവര്‍ക്കൊന്നും സര്‍വകലാശാലയില്‍ പ്രവേശനമില്ലെന്ന് വ്യക്തമാക്കി വൈസ് ചാന്‍സലര്‍ സര്‍ക്കുലര്‍ ഇറക്കി. ചരമ വാര്‍ഷികത്തിന്റെ ഭാഗമായി കാംപസില്‍ സെമിനാറും പ്രകടനങ്ങളുമാണ് പദ്ധതിയിട്ടിരുന്നത്. അതിഥികളില്ലാത്ത പരിപാടിയാണ് അവര്‍ക്ക് നടത്തേണ്ടി വന്നത്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇന്ന് വെമുലയുടെ ചരമ വാര്‍ഷികം ആചരിക്കുന്നുണ്ട്.

English summary
It was today last year, that the 26-year-old research scholar decided to end his life and hung himself in a hostel room in the University of Hyderabad. A member of Ambedkar Students Association (ASA), Vemula had accused the University of not paying him the money for his fellowship following his alleged clash with the ABVP, the RSS’ student wing. Vemula and his fellow students drew ABVP’s ire after staging a protest against the death penalty awarded to Bombay Blasts accused Yakub Menon in 2015.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more