'ഇന്ത്യയ്ക്ക് കാര്യങ്ങൾ അറിയാം', യുഎന്നിൽ പിന്തുണയ്ക്കുമെന്നാണ് കരുതുന്നതെന്ന് റഷ്യ
ദില്ലി: യുക്രൈന്‍ വിഷയത്തില്‍ യുഎന്നില്‍ ഇന്ത്യ തങ്ങളെ പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതായി റഷ്യ. ഉക്രൈന് മേലുളള റഷ്യയുടെ സൈനിക അധിനിവേശം ഐക്യരാഷ്ട്രസഭയുടെ രക്ഷാ സമിതി ചര്‍ച്ച ചെയ്യുന്ന പശ്ചാത്തലത്തിലാണ് റഷ്യയുടെ പ്രതികരണം. രക്ഷാ സമിതിയില്‍ വീറ്റോ അധികാരമുളള രാജ്യങ്ങളിലൊന്നാണ് റഷ്യ. യുക്രൈനിലെ നിലവിലുളള സാഹചര്യങ്ങള്‍ക്ക് പിന്നിലുളള കാരണങ്ങളെ കുറിച്ച് ഇന്ത്യയ്ക്ക് വ്യക്തമായ ബോധ്യമുണ്ടെന്ന് റഷ്യന്‍ പ്രതിനിധി റോമന്‍ ബദുഷ്‌കിന്‍ പ്രതികരിച്ചു.
ഇരുരാജ്യങ്ങളും തമ്മിലുളള പ്രത്യേകമായ നയതന്ത്ര ബന്ധം കൂടി പരിഗണിച്ച് ഇന്ത്യ തങ്ങള്‍ക്കൊപ്പം നില്‍ക്കുന്നത് തുടരുമെന്നാണ് കരുതുന്നത് എന്നും റോമന്‍ ബദുഷ്‌കിന്‍ പറഞ്ഞു. റഷ്യയുടെ സൈനിക അധിനിവേശത്തിനെതിരെ യുഎന്‍ രക്ഷാ സമിതി കരട് പ്രമേയം അവതരിപ്പിക്കാനിരിക്കുകയാണ്. അപ്പോള്‍ ഇന്ത്യ തങ്ങളെ പിന്തുണയ്ക്കും എന്ന് വിശ്വസിക്കുന്നുവെന്നും റോമന്‍ ബദുഷ്‌കിന്‍ പ്രതികരിച്ചു. യുക്രൈന് മേലുളള റഷ്യയുടെ ആക്രമണത്തെ അപലപിക്കുന്നതാണ് യുഎന്‍ കരട് പ്രമേയം.
നാറ്റോ വിപുലീകരണവും സോവിയറ്റിന് ശേഷമുളള രാഷ്ട്രീയവും യുക്രൈനിലെ ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമാണ് എന്ന് കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി എസ് ജയശങ്കര്‍ മൂന്ന് ദിവസം മുന്‍പ് പാരീസില്‍ പറഞ്ഞിരുന്നത് റഷ്യന്‍ നയതന്ത്ര പ്രതിനിധി ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ നിലപാട് സ്വതന്ത്രവും സന്തുലിതവുമാണ്. അതിനെ റഷ്യ അഭിനന്ദിക്കുന്നു. ഈ പിന്തുണ തുടരുമെന്നാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നത് എന്നും ഇന്ത്യയുമായി നിരന്തരം ബന്ധം പുലര്‍ത്തുന്നുണ്ട് എന്നും റോമന്‍ ബദുഷ്‌കിന്‍ പ്രതികരിച്ചു.

റഷ്യന്‍ അധിനിവേശത്തിന് എതിരെയുളള യുഎന്‍ കരട് പ്രമേയത്തിന്റെ അവസാന രൂപം കണ്ടിട്ട് മാത്രമേ എന്ത് നിലപാട് സ്വീകരിക്കണം എന്ന കാര്യത്തില്‍ തീരുമാനമെടുക്കുകയുളളൂ എന്നാണ് വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ ശ്രിംഗ്‌ള മാധ്യമങ്ങളോട് പ്രതികരിച്ചത്. കരട് പ്രമേയത്തില്‍ മാറ്റങ്ങള്‍ വരും എന്നാണ് അറിയിച്ചിരിക്കുന്നത്. പ്രമേയം അന്തിമ രൂപത്തിലാകുന്നത് വരെ കാത്തിരിക്കുകയാണെന്നും ഹര്‍ഷ് വര്‍ധന്‍ ശ്രിംഗ്‌ള പറഞ്ഞു.
റഷ്യന്‍ ആക്രമണത്തിന് പിന്നാലെ ഇന്ത്യ ഇടപെടണമെന്നും പ്രസിഡണ്ട് പുടിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചര്‍ച്ച നടത്തണമെന്നും യുക്രൈന്‍ ആവശ്യപ്പെട്ടിരുന്നു. വ്യാഴാഴ്ച രാത്രി പുടിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചര്‍ച്ച നടത്തുകയുണ്ടായി. ഇരുവരുമായുളള ഫോണ്‍ സംഭാഷണത്തില്‍ യുക്രൈനിലെ സൈനിക നടപടി അവസാനിപ്പിക്കണം എന്ന് പുടിനോട് നരേന്ദ്ര മോദി ആവശ്യപ്പെട്ടിരുന്നു. യുദ്ധം അവസാനിപ്പിക്കാന്‍ ആത്മാര്‍ത്ഥമായ ചര്‍ച്ചകള്‍ വേണമെന്നും നരേന്ദ്ര മോദി പുടിനോട് പറഞ്ഞു.












Click it and Unblock the Notifications