ഡിഎ 3 ശതമമാനം വർധിപ്പിച്ചു; ശമ്പളം 34 ശതമാനം വർധിക്കുമോ? ഇനിയും 2 വർഷം കാത്തിരിക്കേണ്ടി വരും?
എട്ടാം ശമ്പള കമ്മീഷൻ രൂപീകരിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനത്തിൽ ഉറ്റുനോക്കുകയാണ് ലക്ഷക്കണക്കിന് കേന്ദ്ര സർക്കാർ ജീവനക്കാരും പെൻഷൻകാരും. 2025 ജനുവരിയിലാണ് കമ്മീഷൻ രൂപീകരിക്കുന്നത് സംബന്ധിച്ച് കേന്ദ്രസർക്കാർ പ്രഖ്യാപനം നടത്തിയത്. എന്നാൽ കമ്മീഷൻ ചെയർമാനെ ഇതുവരേയും കേന്ദ്രസർക്കാർ നിയമിച്ചിട്ടില്ല. കൂടാതെ, അതിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള നിബന്ധനകളും (ToR) അന്തിമമാക്കിയിട്ടില്ല.
2026 ജനുവരി ഒന്ന് മുതൽ എട്ടാം ശമ്പള കമ്മീഷൻ നിലവിൽ വരുമെന്നാണ് നിലവിലെ വിലയിരുത്തൽ. എന്നിരുന്നാലും, ശമ്പള ഘടന, അലവൻസുകൾ, വിരമിക്കൽ ആനുകൂല്യങ്ങൾ തുടങ്ങിയ നിബന്ധനകൾ അന്തിമമാക്കുന്നതിലും ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നതിലുള്ള കാലതാമസം കേന്ദ്രസർക്കാർ ജീവനക്കാരുടെ ആശങ്ക ഉയർത്തുന്നുണ്ട്.

ഏഴാം ശമ്പള കമ്മീഷൻ 2013 സെപ്റ്റംബറിലായിരുന്നു പ്രഖ്യാപിച്ചത്. ചെയർമാനേയും ഇത് സംബന്ധിച്ച നിബന്ധനകളും 2014 ഫെബ്രുവരിയിൽ തന്നെ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. അതേസമയം എട്ടാം ശമ്പള കമ്മീഷന്റെ കാര്യത്തിൽ എന്തുകൊണ്ടാണ് കാലതാമസം നേരിടുന്നതെന്ന ആശങ്കയാണ് ജീവനക്കാരുടെ സംഘടനകൾ പങ്കുവെയ്ക്കുന്നത്.
1.2 കോടിയിലധികം ജീവനക്കാർ
എട്ടാം ശമ്പള കമ്മീഷൻ 1.2 കോടിയിലധികം വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പളവും അലവൻസുകളും പെൻഷനുകളും പരിഷ്കരിക്കും. ഇതിൽ പ്രതിരോധ സേനാംഗങ്ങൾ ഉൾപ്പെടെ ഏകദേശം 50 ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാരും, പ്രതിരോധ മേഖലയിൽ നിന്ന് വിരമിച്ചവർ ഉൾപ്പെടെ ഏകദേശം 65 ലക്ഷം കേന്ദ്ര സർക്കാർ പെൻഷൻകാരും ഉൾപ്പെടുന്നു. കമ്മീഷന്റെ ശുപാർശകൾ പണപ്പെരുപ്പത്തിനനുസരിച്ച് ക്ഷാമബത്തയും പരിഷ്കരിക്കും. ഇത് ജീവനക്കാരുടെയും പെൻഷൻകാരുടെയും വാങ്ങൽ ശേഷിക്ക് വലിയ ഉത്തേജനം നൽകും.
അടുത്തിടെ കേന്ദ്രസർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ക്ഷാമബത്ത (ഡി എ) 3 ശതമാനം വർധിപ്പിക്കാൻ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. ജൂലൈ 1 മുതൽ മുൻകാല പ്രാബല്യത്തോടെ ഈ തീരുമാനം നടപ്പാക്കുമെന്നാണ് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചത്. ഈ നീക്കം ഒരു പരിധി വരെ ആശ്വാസം നൽകുമെങ്കിലും, എട്ടാം ശമ്പള കമ്മീഷൻ രൂപീകരിക്കുന്നതിലെ കാലതാമസം ജീവനക്കാരുടെയും പെൻഷൻകാരുടെയും ഭാവി ആനുകൂല്യങ്ങളെക്കുറിച്ച് വലിയ ആശങ്കയാണ് ഉയർത്തുന്നത്. മുൻ കമ്മീഷനുകളുടെ സമയപരിധിയും നടപ്പിലാക്കാൻ എടുക്കുന്ന സമയവും കണക്കിലെടുക്കുമ്പോൾ, പൂർണ്ണമായ ശമ്പള കമ്മീഷൻ നടപ്പിലാക്കാൻ സർക്കാർ ജീവനക്കാർക്ക് 2028 വരെ കാത്തിരിക്കേണ്ടി വന്നേകുമെന്ന തരത്തിലുള്ള റിപ്പോർട്ടുകളും ആശങ്ക ഉയർത്തുന്നുണ്ട്.
എട്ടാം ശമ്പള കമ്മീഷൻ കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പള ഘടനയിൽ കാര്യമായ മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശമ്പള സ്കെയിലുകൾ ലയിപ്പിക്കുക, ഫിറ്റ്മെന്റ് ഘടകങ്ങൾ പരിഷ്കരിക്കുക, ക്ഷാമബത്ത അടിസ്ഥാന ശമ്പളവുമായി സംയോജിപ്പിക്കുക എന്നീ കാര്യങ്ങൾ പുതിയ കമ്മീഷൻ നടപടിയെടുക്കും.
പ്രതീക്ഷിക്കുന്ന വർധനവ് ഇങ്ങനെ
ജീവനക്കാരുടെ ശമ്പളത്തിൽ 30-34 ശതമാനം വർദ്ധനവാണ് പ്രതീക്ഷിക്കപ്പെടുന്നത്. അടിസ്ഥാന ശമ്പളവും മറ്റ് അലവൻസുകളും ഉൾപ്പെടുന്നതാണ് ഈ വർദ്ധനവ്. എങ്കിലും, ഇത് ഓരോരുത്തരുടെയും ഫിറ്റ്‌മെൻ്റ് ഘടകത്തെയും നിലവിലെ ശമ്പളത്തെയും ആശ്രയിച്ച് വ്യത്യാസപ്പെടാം. കുറഞ്ഞ ശമ്പളമുള്ള ജീവനക്കാർക്ക് മിനിമം വേതന പരിഷ്കരണം കാരണം ഉയർന്ന ശതമാനം വർദ്ധനവ് ലഭിച്ചേക്കാം.
ഏഴാം ശമ്പള കമ്മീഷൻ പ്രകാരം ഇത് 2.57 ആയിരുന്നു ഫിറ്റ്മെന്റ് ഘടകം. എട്ടാം കമ്മീഷൻ പ്രകാരം ഫിറ്റ്‌മെൻ്റ് ഘടകത്തിൻ്റെ കണക്കുകൾ 1.8 (മിതമായത്) മുതൽ 3.0 (കൂടുതൽ മെച്ചപ്പെട്ടത്) വരെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഫിറ്റ്‌മെൻ്റ് ഘടകം 1.8-2.0 ആണെങ്കിൽ, ഡിഎ ലയിപ്പിച്ച ശേഷം ഏകദേശം 13-20% വർദ്ധനവ് പ്രതീക്ഷിക്കാം. 2.5-2.86 ആണെങ്കിൽ, വർദ്ധനവ് ഏകദേശം 25-34% ആയിരിക്കും വർധനവ്. ചില പ്രവചനങ്ങളിൽ, ഫിറ്റ്‌മെൻ്റ് ഘടകം 3.0 ആണെങ്കിൽ ശമ്പള വർദ്ധനവ് 40% വരെ എത്താൻ സാധ്യതയുണ്ട്.
ഏഴാം ശമ്പള കമ്മീഷൻ പ്രകാരമുള്ള 18,000 എന്ന ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 30,000-51,480 ആയി വർദ്ധിക്കാൻ സാധ്യതയുണ്ട്. ഫിറ്റ്‌മെൻ്റ് ഘടകം 1.8 ആണെങ്കിൽ, ഏറ്റവും കുറഞ്ഞ ശമ്പളം ഏകദേശം 32,400 ആകും. 2.28 ആണെങ്കിൽ 41,040 ആയും, 2.86 ആണെങ്കിൽ 51,480 ആയും വർദ്ധിച്ചേക്കാം.












Click it and Unblock the Notifications