കോടതി വിധി വരാനിരിക്കുന്നു: ഷിന്‍ഡെ-ബിജെപി സർക്കാർ 15-20 ദിവസത്തിനുള്ളില്‍ വീഴുമെന്ന് റാവത്ത്
ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സർക്കാരിന്റെ മരണ വാറണ്ട് പുറപ്പെടുവിച്ച് കഴിഞ്ഞെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് (യുബിടി)സഞ്ജയ് റാവത്ത്. ബി ജെ പി-ഷിന്‍ഡെ സർക്കാർ 15-20 ദിവസത്തിനുള്ളില്‍ തകരുമെന്നും അദ്ദേഹം പറഞ്ഞു. റാവത്തിന്റെ അവകാശ വാദത്തിന് മറുപടിയുമായി ഷിന്‍ഡെ വിഭാഗവും രംഗത്ത് വന്നു. റാവുത്തിനെ "വ്യാജ ജ്യോതിഷി" എന്നാണ് അവർ വിശേഷിപ്പിച്ചത്. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള സേനയിൽ (യുബിടി) ഇത്തരം പ്രവചനങ്ങൾ നടത്തുന്ന നിരവധി നേതാക്കൾ ഉണ്ടെന്നും ഷിന്‍ഡെ വിഭാഗം പറഞ്ഞു.
വടക്കൻ മഹാരാഷ്ട്രയിലെ ജൽഗാവ് ജില്ലയിൽ മാധ്യമപ്രവർത്തകരോട് സംസാരിച്ച മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറുടെ അടുത്ത അനുയായി കൂടിയായ റാവത്ത് കോടതിയുടെ ഉത്തരവിനായി കാത്തിരിക്കുകയാണെന്നും നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പറഞ്ഞു. താക്കറെയുടെ നേതൃത്വത്തിനെതിരെ പാർട്ടിയില്‍ കലാപം നടത്തിയ 16 ശിവസേന എം എൽ എമാരെ (ഷിൻഡെയുടെ പാർട്ടി) അയോഗ്യരാക്കണമെന്നതുൾപ്പെടെയുള്ള ഒരു കൂട്ടം ഹർജികള്‍ കോടതികള്‍ പരിഗണിക്കാനിരിക്കുന്നതിനെ സൂചിപ്പിക്കുകയായിരുന്നു അദ്ദേഹം.

"നിലവിലുള്ള മുഖ്യമന്ത്രിയുടെയും അദ്ദേഹത്തിന്റെ 40 എംഎൽഎമാരുടെയും സർക്കാർ 15-20 ദിവസത്തിനുള്ളിൽ തകരും. ഈ സർക്കാരിന്റെ മരണ വാറണ്ട് പുറപ്പെടുവിച്ചു. ആരാണ് അതില്‍ ഒപ്പിടേണ്ടതെന്ന് ഇപ്പോൾ തീരുമാനിക്കണം," റാവത്ത് അവകാശപ്പെട്ടു. ഫെബ്രുവരിയിൽ ഷിൻഡെ സർക്കാർ തകരുമെന്നായിരുന്നു ശിവസേന (യുബിടി) നേതാവ് നേരത്തെ അവകാശപ്പെട്ടിരുന്നു.
ഷിൻഡെയുടെ നേതൃത്വത്തിലുള്ള സേനയിൽ നിന്നുള്ള മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി ദീപക് കേസാർക്കറാണ് റാവുത്തിനെ "വ്യാജ ജ്യോതിഷി" എന്ന് വിശേഷിപ്പിച്ചത്. 16 ശിവസേന എംഎൽഎമാരെ അയോഗ്യരാക്കണമെന്നതുൾപ്പെടെയുള്ള ഒരു കൂട്ടം ഹർജികളിൽ വിധി പറയാൻ സുപ്രീം കോടതിക്ക് സമയമെങ്കിലും നൽകണമെന്നും കേസർകർ പറഞ്ഞു.
കഴിഞ്ഞ വർഷം ജൂണിൽ, ഷിൻഡെയും 39 എംഎൽഎമാരും സേന നേതൃത്വത്തിനെതിരെ കലാപമുയർത്തി രംഗത്ത് വരികയായിരുന്നു, ഇതിന്റെ ഫലമായി താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി സർക്കാർ (എൻസിപിയും കോൺഗ്രസും ഉൾപ്പെടുന്നു) തകരുകയും ശിവസേന പിളരുകയും ചെയ്തു. ഇതിന് പിന്നാലെ മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാൻ ഷിൻഡെ പിന്നീട് ഭാരതീയ ജനതാ പാർട്ടിയുമായി (ബിജെപി) സഖ്യമുണ്ടാക്കുകയും ചെയ്തു.
സംസ്ഥാനത്ത് കഴിഞ്ഞ വർഷത്തെ രാഷ്ട്രീയ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ഉദ്ധവ് താക്കറെയുടെയും മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെയും ഒരു കൂട്ടം ക്രോസ് ഹർജികളിൽ സുപ്രീം കോടതി കഴിഞ്ഞ മാസമാണ് വിധി പറയാൻ മാറ്റി വെച്ചത്.












Click it and Unblock the Notifications