ഗാന്ധിയെ കൊല്ലാനുളള തോക്ക് കണ്ടെത്താന്‍ ഗോഡ്‌സെയെ സഹായിച്ചത് സവര്‍ക്കറെന്ന് തുഷാർ ഗാന്ധി
ദില്ലി: മഹാത്മാ ഗാന്ധിയെ കൊലപ്പെടുത്താന്‍ നാഥുറാം ഗോഡ്‌സെയെ വിനായക് ദാമോദര്‍ സവര്‍ക്കര്‍ സഹായിച്ചിരുന്നുവെന്ന് ഗാന്ധിജിയുടെ കൊച്ചുമകനായ തുഷാര്‍ ഗാന്ധി. ഗാന്ധിയെ കൊല്ലാനുളള തോക്ക് കണ്ടെത്താന്‍ ഗോഡ്‌സെയെ സഹായിച്ചത് സവര്‍ക്കര്‍ ആയിരുന്നുവെന്ന് തുഷാര്‍ ഗാന്ധി പറഞ്ഞു. സവര്‍ക്കറുടെ പേരില്‍ പല രാഷ്ട്രീയ വിവാദങ്ങളും നടക്കുന്നതിനിടെ ട്വിറ്ററിലാണ് തുഷാര്‍ ഗാന്ധിയുടെ പ്രതികരണം.
സവര്‍ക്കര്‍ ബ്രിട്ടീഷുകാരെ മാത്രമല്ല സഹായിച്ചത്. ബാപ്പുവിനെ കൊലപ്പെടുത്താന്‍ പറ്റിയ തോക്ക് കണ്ടെത്താന്‍ സവര്‍ക്കര്‍ നാഥുറാം ഗോഡ്‌സെയേയും സഹായിച്ചു. 1948 ജനുവരി 30ന് ബാപ്പു കൊല്ലപ്പെടുന്നതിന് രണ്ട് ദിവസം മുന്‍പ് വരെയും പറ്റിയ ഒരായുധം ഗോഡ്‌സെയുടെ പക്കലുണ്ടായിരുന്നില്ല, തുഷാര്‍ ഗാന്ധി ട്വീറ്റ് ചെയ്തു. മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മുത്തച്ഛനും ശിവ സേന സ്ഥാപകന്‍ ബാല്‍ താക്കറെയുടെ അച്ഛനുമായ പ്രഭോധ്കര്‍ താക്കറെ രാഷ്ട്രപിതാവിനെ കൊലപ്പെടുത്താനുളള ആസൂത്രണം നടക്കുന്നതായി ഗാന്ധിയുടെ അണികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും തുഷാര്‍ ഗാന്ധി പറയുന്നു.

1930കളില്‍ ഗാന്ധിയുടെ ജീവനെടുക്കുന്നതിന് വേണ്ടിയുളള നിരവധി ശ്രമങ്ങള്‍ നടന്നിരുന്നു. അകോളയിലും വിദര്‍ഭയിലും വെച്ച് ഗാന്ധിയെ അപായപ്പെടുത്താനുളള നീക്കങ്ങളെ കുറിച്ച് അദ്ദേഹത്തിന്റെ അനുയായികള്‍ക്ക് നേരത്തെ മുന്നറിയിപ്പ് നല്‍കിയതിലൂടെ പ്രഭോധ്കര്‍ താക്കറെ രണ്ട് തവണ ബാപ്പുവിന്റെ ജീവന്‍ രക്ഷിച്ചു. മഹാരാഷ്ട്രയിലെ സനാതന ഹിന്ദു സംഘടനകള്‍ക്കും അവയുടെ നേതൃത്വത്തിനും ഗാന്ധിയെ അപായപ്പെടുത്താനുളള നീക്കത്തിനെതിരെ താക്കറെ പരസ്യ താക്കീത് നല്‍കുകയും ചെയ്തു എന്നും തുഷാര്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
സവര്‍ക്കറും ഹെഡ്‌ഗേവാറും ആയിരുന്നു സനാതന ഹിന്ദു നേതാക്കള്‍, അതുകൊണ്ട് തന്നെ പ്രഭോധ്കര്‍ താക്കറെയുടെ മുന്നറിയിപ്പ് ഇവരെ ഉന്നമിട്ട് കൊണ്ടായിരുന്നു. ഈ ചരിത്രത്തെ കുറിച്ച് ശിവസേന മറക്കരുത് എന്നും തുഷാര്‍ ഗാന്ധി കുറിച്ചു. ഭാരത് ജോഡോ യാത്രയ്ക്കിടെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം സവര്‍ക്കര്‍ക്കെതിരെ നടത്തിയ പരാമര്‍ശം ശിവസേനയെ ചൊടിപ്പിച്ചിരുന്നു. സവര്‍ക്കര്‍ ബ്രിട്ടീഷുകാരെ സഹായിച്ചുവെന്നും ജയിലില്‍ വെച്ച് മാപ്പപേക്ഷ എഴുതി എന്നുമാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. തുടര്‍ന്ന് ഉദ്ധവ് താക്കറെ അടക്കമുളള ശിവസേന നേതാക്കള്‍ അതൃപ്തിയുമായി മുന്നോട്ട് വന്നിരുന്നു.
തുഷാര്‍ ഗാന്ധിയുടെ ട്വീറ്റുകളോട് പ്രതികരിച്ച് ബിജെപി വക്താവ് കേശവ് ഉപാധ്യായ രംഗത്ത് വന്നിട്ടുണ്ട്. ഗാന്ധി വധക്കേസില്‍ സവര്‍ക്കറെ കോടതി കുറ്റമുക്തനാക്കിയിട്ടുളളതാണ്. എന്നിട്ടും ചില ആളുകള്‍ സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതിന് വേണ്ടി ഇത്തരം അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ സവര്‍ക്കര്‍ക്ക് മേല്‍ ഉന്നയിക്കുകയാണ് എന്നാണ് ഉപാധ്യായ പ്രതികരിച്ചത്.












Click it and Unblock the Notifications