'ശാസ്ത്രം ഉണ്ടായത് വേദങ്ങളിൽ നിന്ന്, പിന്നീട് പാശ്ചാത്യരുടേതാക്കി'; ഐഎസ്ആർഒ ചെയർമാൻ
ദില്ലി: ശാസ്ത്രം വേദങ്ങളിൽ നിന്നാണ് യഥാർത്ഥത്തിൽ ഉണ്ടായതെന്നും എന്നാൽ ഇത് പാശ്ചാത്യരുടെ കണ്ടുപിടിത്തമെന്ന നിലയിൽ അവതരിപ്പിക്കപ്പെടുകയായിരുന്നുവെന്നും ഐ എസ് ആർ ഒ ചെയർമാൻ എസ് സോമനാഥ്. മധ്യപ്രദേശിലെ ഉജ്ജയിനിൽ മഹാഋഷി പാണിനി സംസ്‌കൃത, വേദ സർവകലാശാലയിലെ ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു സോമനാഥ്.
'ബീജഗണിതം, വർഗ്ഗമൂലങ്ങൾ, സമയത്തെക്കുറിച്ചുള്ള ആശയങ്ങൾ, വാസ്തുവിദ്യ, പ്രപഞ്ചത്തിന്റെ ഘടന, ലോഹശാസ്ത്രം, വ്യോമയാനം തുടങ്ങിയവയെല്ലാം ആദ്യമായി വേദങ്ങളിലാണ് കണ്ടെത്തിയത്. അവ അറബ് രാജ്യങ്ങളിലൂടെ യൂറോപ്പിലേക്ക് എത്തി. പിന്നീട് അത് പാശ്ചാത്യ രാജ്യത്തെ ശാസ്ത്രജ്ഞരുടെ കണ്ടെത്തലുകളായി അവതരിക്കപ്പെട്ടു', സോമനാഥ് പറഞ്ഞു.

'അന്നത്തെ കാലത്തെ ഇന്ത്യൻ ശാസ്ത്രജ്ഞർ ഉപയോഗിച്ചിരുന്നത് സംസ്കൃതമായിരുന്നു. എന്നാൽ സംസ്കൃതത്തിന് അന്ന് ലിപി ഉണ്ടായിരുന്നില്ല. അവ പറഞ്ഞും കേട്ടുമാണ് കൈമാറ്റം ചെയ്യപ്പെട്ടത്. പിന്നീടാണ് സംസ്കൃതത്തിന് ദേവനാഗിരി ലിപി വന്നത്', സോമനാഥ് പറഞ്ഞു.
'സംസ്കൃത വ്യാകരണ നിയമങ്ങൾ എഴുതിയ വ്യക്തി പാണിനിയാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഭാഷയുടെ വാക്യഘടന , ശാസ്ത്ര ചിന്തകൾ കൈമാറ്റം ചെയ്യുന്നതിന് അനുയോജ്യമായിരുന്നു. എഞ്ചിനീയർമാരും ശാസ്ത്രജ്ഞരും സംസ്കൃതത്തെ വളരെയധികം ഇഷ്ടപ്പെടുന്നുണ്ട്. സംസ്കൃതം എന്നത് കമ്പ്യൂട്ടറുകളുടെ ഭാഷക്ക് അനുയോജ്യമാണ്. ആർട്ടിഫിഷ്യല് ഇന്‌റലിജെൻസിനെ കുറിച്ച് പഠിക്കുന്നവർ സംസ്കൃതം പഠിക്കുന്നുണ്ട്. സംസ്കൃതം എങ്ങനെ കണക്ക് കൂട്ടലിന് വേണ്ടി ഉപയോഗിക്കാം എന്നത് സംബന്ധിച്ച് നിരവധി ഗവേഷണങ്ങൾ നടക്കുന്നുണ്ട്', സോമനാഥ് പ്രസംഗത്തിൽ പറഞ്ഞു.
'സംസ്കൃതത്തിൽ സാംസ്കാരികവും ആത്മീയവും ശാസ്ത്രീയവുമായ പഠനം സംബന്ധിച്ച് വേർതിരിവില്ല.ജ്യോതിശാസ്ത്രം, വൈദ്യശാസ്ത്രം, ഭൗതികശാസ്ത്രം, രാസശാസ്ത്രം , എയറോനോട്ടിക്കൽ സയൻസ് എന്നിവയിലെ കണ്ടെത്തലുകൾ സംസ്കൃതത്തിലാണ് എഴുതിയിരിക്കുന്നത്. എന്നാൽ അവയൊന്നും തന്നെ പൂർണമായി ഉപയോഗിക്കുകയോ അതിൽ ഗവേഷണം ഉണ്ടാകുകയോ ചെയ്തിട്ടില്ല', സോമനാഥ് പറഞ്ഞു.












Click it and Unblock the Notifications