പ്രതിപക്ഷ പാർട്ടികളുടെ രണ്ടാം യോഗത്തിന് ബംഗളൂരിൽ തുടക്കം; സീറ്റ് വിഭജനം ഉൾപ്പെടെ ചർച്ചയാകും
ബെംഗളൂരു: ബിജെപിക്കെതിരെ വിശാല പ്രതിപക്ഷ ഐക്യം ലക്ഷ്യമിട്ട് കൊണ്ടുള്ള പ്രതിപക്ഷ പാർട്ടികളുടെ രണ്ടാം യോഗത്തിന് ബംഗളൂരിൽ തുടക്കമായി. 26 പാർട്ടികളാണ് ഇന്നത്തെ യോഗത്തിൽ പങ്കെടുക്കുന്നത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ,സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, എൻസിപി അധ്യക്ഷൻ ശരദ് പവാർ, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ , തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ്, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ അടക്കമുളള നേതാക്കൾ യോഗത്തിന് എത്തിച്ചേർന്നു.
'ഞങ്ങൾ 26 പാർട്ടികളാണ് ഇവിടെ ചേർന്നിരിക്കുന്നത്.11 സംസ്ഥാനങ്ങളിൽ ഞങ്ങൾക്ക് അധികാരമുണ്ട്. ബിജെപിക്ക് തനിച്ച് 303 സീറ്റുകൾ നേടാൻ സാധിക്കില്ല. സഖ്യകക്ഷികളുടെ വോട്ടുകൾ നേടി അധികാരത്തിലെത്തി പിന്നീട് അവരെ തള്ളിക്കളയുകയാണ് ബിജെപി. ഇന്ന്, ബിജെപി അധ്യക്ഷനും അവരുടെ നേതാക്കളും തങ്ങളുടെ പഴയ സഖ്യകക്ഷികളുമായി സഖ്യമുണ്ടാക്കാൻ സംസ്ഥാനങ്ങൾ തോറും ഓടുകയാണ്', യോഗത്തിൽ മല്ലികാർജ്ജുൻ ഖാർഗെ പറഞ്ഞതായി കോൺഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സംസ്ഥാന തലത്തിൽ ഞങ്ങൾ പാർട്ടികൾ തമ്മിൽ ചില പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും അവയൊന്നും ഒരിക്കലും ആശയപരമായി ഉള്ള പ്രശ്നങ്ങൾ അല്ല. രാജ്യത്തെ സാധാരണക്കാർക്കും ഇടത്തരക്കാർക്കും യുവാക്കൾക്കും ദരിദ്രർക്കും ദലിതർക്കും ആദിവാസികൾക്കും ന്യൂനപക്ഷങ്ങൾക്കും വേണ്ടി ഒന്നിച്ച് നിൽക്കാൻ ഈ എതിരഭിപ്രായങ്ങൾ മാറ്റിവെയ്ക്കുന്നത് ഞങ്ങളെ സംബന്ധിച്ച് വലിയ വിഷയമല്ലെന്നും ഖാർഗെ പറഞ്ഞതായി കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു.
അതേസമയം ഇന്നത്തെ യോഗത്തിൽ സീറ്റ് വിഭജന കാര്യത്തിൽ പ്രാഥമിക ചർച്ചയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ ഐക്യനിര സ്വീകരിക്കണ്ട പൊതുമിനിമം പരിപാടി,പ്രതിപക്ഷ ഐക്യനിരയ്ക്ക് നൽകേണ്ട പേര്, ചെയർപേഴ്സൺ,കൺവീനർ തുടങ്ങിയ കാര്യങ്ങളും ഇന്നത്തെ യോഗത്തിൽ ചർച്ചയാകും.

പ്രതിപക്ഷത്തിന്റെ ചെയർപേഴ്സണായി സോണിയ ഗാന്ധിയെ തിരഞ്ഞെടുത്തേക്കുമെന്നാണ് സൂചന. ജെഡിയു നേതാവ് നിതീഷ് കുമാറിന്റെ പേരാണ് കൺവീനർ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. പ്രതിപക്ഷ ഐതക്യത്തിന് നൽകേണ്ട പേര് നിർദ്ദേശിക്കാൻ നേതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. 'ഇന്ത്യ' എന്ന വാക്ക് പേരിൽ ഉണ്ടായിരിക്കണമെന്നതാണ് നിർദ്ദേശം.
പാട്നയിൽ ചേർന്ന ആദ്യ യോഗത്തിൽ 16 പാർട്ടികളായിരുന്നു പങ്കെടുത്തിരുന്നത്. രണ്ടാം യോഗത്തിൽ പത്ത് പാർട്ടികൾ കൂടി പങ്കെടുത്തു. ഈ സാഹചര്യത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ കക്ഷികളെ കൂട്ടായ്മയിൽ അണിചേർക്കാനാണ് നേതൃത്വത്തിന്റെ ശ്രമം.
കൂടുതൽ വിവരങ്ങൾ ഉടൻ












Click it and Unblock the Notifications