13 ബിജെപി എംഎല്‍എമാര്‍ എസ്പിയില്‍ ചേരും, ഞെട്ടിച്ച് ശരത് പവാര്‍, എസ്പി സഖ്യം ഉറപ്പിച്ച് എന്‍സിപി
ദില്ലി: ബിജെപിയെ ഞെട്ടിച്ച പ്രഖ്യാപനവുമായി ശരത് പവാര്‍. യുപിയില്‍ പതിമൂന്ന് ബിജെപി എംഎല്‍എമാര്‍ സമാജ് വാദി പാര്‍ട്ടിയില്‍ ചേരുമെന്ന് പവാര്‍ വെളിപ്പെടുത്തി. ഇന്ന് പ്രമുഖ നേതാവും മന്ത്രിയുമായ സ്വാമി പ്രസാദ് മൗര്യ എസ്പിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് പവാറിന്റെ വെളിപ്പെടുത്തല്‍. മൂന്ന് എംഎല്‍എമാര്‍ കൂടി ബിജെപിയില്‍ നിന്ന് രാജിവെച്ചിട്ടുണ്ട്. പവാറിന്റെ പരാമര്‍ശം സത്യമാകുമെന്ന സൂചനകളാണ് ലഭിക്കുന്നത്. യുപിയില്‍ സമാജ് വാദി പാര്‍ട്ടിക്കൊപ്പമാണ് സഖ്യമെന്ന് പവാര്‍ വ്യക്തമാക്കി. ചെറു പാര്‍ട്ടികളും ഈ സഖ്യത്തിലുണ്ടാവുമെന്നും പവാര്‍ പറഞ്ഞു. യുപിയിലെ ജനങ്ങള്‍ മാറ്റത്തിന് വേണ്ടി ദാഹിക്കുകയാണെന്ന് പവാര്‍ പറഞ്ഞു.

അതേസമയം തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ പ്രമുഖരെല്ലാം ബിജെപി പാളയത്തില്‍ നിന്ന് വിട്ടുപോകുന്നത് എസ്പിക്ക് വലിയ ബൂസ്റ്റിംഗാണ്. സര്‍വേകളിലെല്ലാം ബിജെപി ഭൂരിപക്ഷം നേടുമെന്നാണ് പ്രവചിക്കുന്നത്. എന്നാല്‍ ഇത്തവണ എസ്പി മികച്ച പോരാട്ടം നടത്തുമെന്ന് തന്നെ എല്ലാ സര്‍വേകളും പറയുന്നുണ്ട്. ബിജെപിക്ക് നൂറ് സീറ്റോളം കുറയുമെന്നാണ് സര്‍വേകളെല്ലാം ചൂണ്ടിക്കാണിക്കുന്നത്. ഈ സാഹചര്യത്തില്‍ എംഎല്‍എമാര്‍ കൂടി രാജിവെക്കുന്നത് ബിജെപിക്ക് പ്രതിസന്ധിയാവും. യുപിയില്‍ മാറ്റമുണ്ടാവുമെന്ന് ഉറപ്പിച്ച് പറയുകയാണ് ശരത് പവാര്‍. തിരഞ്ഞെടുപ്പിന് മുമ്പായി വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാനാണ് ശ്രമമെന്നും പവാര്‍ പറഞ്ഞു.
കോണ്‍ഗ്രസുമായും തൃണമൂല്‍ കോണ്‍ഗ്രസുമായും ഗോവയില്‍ സഖ്യമുണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും പവാര്‍ പറഞ്ഞു. അതേസമയം സ്വാമി പ്രസാദ് മൗര്യ പാര്‍ട്ടി വിട്ടത് ബിജെപിക്ക് വലിയ തിരിച്ചടിയാണ്. ദളിതരെയും കര്‍ഷകരെയും, ചെറുകിട-ഇടത്തരം വ്യാപാരികളെയും തൊഴിലില്ലാത്ത ചെറുപ്പക്കാരെയും യോഗി സര്‍ക്കാര്‍ തിരസ്‌കരിച്ചെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു. ഇതിന് പിന്നാലെയാണ് മൂന്ന് എംഎല്‍എമാര്‍ കൂടി പാര്‍ട്ടി വിട്ടത്. തില്‍ഹാര്‍ എംഎല്‍എ റോഷന്‍ ലാല്‍ വര്‍മ, ബില്‍ഹോര്‍ എംഎല്‍എ ഭഗവതി പ്രസാദ് സാഗര്‍, ടിന്‍ഡ്വാരി എംഎല്‍എ ബ്രജേഷ് പ്രജാപതി എന്നിവരാണ് പാര്‍ട്ടി വിട്ടത്. രോഷന്‍ ലാല്‍ വര്‍മ എസ്പിയില്‍ ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. മാര്‍ച്ച് പത്തിനാണ് യുപിയില്‍ തിരഞ്ഞെടുപ്പ്.
അതേസമയം എസ്പി ഇത്തവണ യുപിയില്‍ 400 സീറ്റില്‍ വിജയിക്കുമെന്ന് അഖിലേഷ് യാദവ് പറഞ്ഞു. ബിജെപിക്ക് 47 സീറ്റില്‍ നിന്ന് 312 സീറ്റിലെത്താം. എസ്പിക്കും 47 സീറ്റാണ് ഉള്ളത്. ഇത്തവണ ഞങ്ങള്‍ അത് നാനൂറ് സീറ്റിലെത്തിക്കുമെന്നും അഖിലേഷ് പറഞ്ഞു. ഏതൊക്കെ സീറ്റാണ് വിജയിക്കുന്നതെന്ന് ബിജെപി തീരുമാനിക്കട്ടെയെന്നും അഖിലേഷ് വ്യക്തമാക്കി. യുപിയില്‍ വിലക്കയറ്റം അതിരൂക്ഷമാണ്. തൊഴിലില്ലായ്മ കുതിച്ച് കയറുകയാണ്. ഈ സര്‍ക്കാരിനെ എങ്ങനെയെങ്കിലും പുറത്താക്കിയാല്‍ മതിയെന്നാണ് ജനങ്ങള്‍ കരുതുന്നത്. ഈ തിരഞ്ഞെടുപ്പോടെ ജനങ്ങള്‍ അവരെ തൂത്തെറിയുമെന്നും അഖിലേഷ് പറഞ്ഞു. കോണ്‍ഗ്രസുമായുള്ള സഖ്യം അബദ്ധമായിരുന്നു. പ്രിയങ്ക ഗാന്ധി കുറച്ച് കൂടി യുപിയില്‍ ആക്ടീവാകണമെന്നും അഖിലേഷ് പറഞ്ഞു.












Click it and Unblock the Notifications