ഷിരൂരിന് സമീപം കടലില്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തി, ജീര്‍ണിച്ച അവസ്ഥയിലെന്ന് റിപ്പോര്‍ട്ട്
ഷിരൂര്‍: കര്‍ണാടകയിലെ ഷിരൂരില്‍ ഒരു പുരുഷന്റെ മൃതദേഹം കണ്ടെത്തി. ഷിരൂര്‍ ഹോന്നവാര കടലില്‍ നിന്നാണ് ഒഴുകി നടക്കുന്ന നിലയില്‍ ഒരു മൃതദേഹം കണ്ടെത്തിയത്. മണ്ണിടിച്ചിലില്‍ മലയാളി ട്രക്ക് ഡ്രൈവര്‍ അര്‍ജുനെ ഇനിയും കണ്ടെത്താനായിട്ടില്ല. ഇതിനിടെയാണ് ഒരു മൃതദേഹം കണ്ടെത്തി എന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത്. കടലിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്.
ഷിരൂരില്‍ നിന്നും 60 കിലോമീറ്റര്‍ ചുറ്റളവിലാണ് മൃതദേഹം കണ്ടെത്തിയത്. ഷിരൂര്‍ അപകടത്തില്‍പ്പെട്ട അര്‍ജുന്‍ അടക്കമുള്ള മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തിയിരുന്നില്ല. മത്സ്യത്തൊഴിലാളിയായ ഈശ്വര്‍ മല്‍പെയുടെ നേതൃത്വത്തിലുള്ള സംഘമാണ് മൃതദേഹം കണ്ടെത്തിയത്. കാലില്‍ വല കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം എന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. ഈശ്വര്‍ മല്‍പെ സ്ഥലത്തേക്ക് പോകാനൊരുങ്ങുകയാണ്.

ഷിരൂര്‍ മണ്ണിടിച്ചിലില്‍പ്പെട്ട ആരുടെയെങ്കിലും മൃതദേഹമാണോ എന്നറിയാന്‍ കരയില്‍ എത്തിച്ച് പരിശോധിക്കണം എന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഗംഗാവലിപ്പുഴ ഒഴുകി ചേരുന്ന പ്രദേശത്ത് നിന്നാണ് മൃതദേഹം ലഭിച്ചത് എന്നാണ് വിവരം. ഗംഗാവലി പുഴയോട് ചേര്‍ന്നുള്ള സ്ഥലത്തുണ്ടായ മണ്ണിടിച്ചിലിലാണ് അര്‍ജുനെ കാണാതായത്. അതേസമയം കഴിഞ്ഞ ദിവസം ഈ പ്രദേശത്ത് നിന്ന് ഒരു മത്സ്യത്തൊഴിലാളിയെ കാണാതായിരുന്നു.
എന്നാല്‍ ജീര്‍ണ്ണിച്ച അവസ്ഥയിലാണ് കടലില്‍ നിന്ന് മൃതദേഹം ലഭിച്ചത് എന്നാണ് വിവരം. അതിനിടെ ഡിഎന്‍എ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് അര്‍ജുന്റെ കുടുംബം രംഗത്തെത്തി. അര്‍ജുന്റെ സഹോദരന്റെ ഡിഎന്‍എ ജില്ലാ ഭരണകൂടത്തിന്റെ കൈവശമുണ്ട്. ഇത് ചേര്‍ത്ത് പരിശോധിക്കണം എന്നാണ് കുടുംബത്തിന്റെ ആവശ്യം. കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബത്തോടും സ്ഥലത്തെത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട് എന്നാണ് വിവരം.
അര്‍ജുന്റെ സഹോദരനും ലോറി ഉടമ മനാഫും സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. നിലവില്‍ അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ നിര്‍ത്തി വെച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം അര്‍ജുന്റെ കുടുംബത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചിരുന്നു. അര്‍ജുനെ കണ്ടെത്താന്‍ ശ്രമിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് പിണറായി കത്തയച്ചിരുന്നു. അര്‍ജുനെ കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ആശങ്കകള്‍ കര്‍ണാടക സര്‍ക്കാരിനെ അറിയിക്കുമെന്നും ബന്ധപ്പെട്ട നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി കുടുംബാംഗങ്ങളോട് പറഞ്ഞിരുന്നു.
അതേസമയം ഗംഗാവലി പുഴയില്‍ അടിയൊഴുക്ക് ശക്തമാണ് എന്നും പുഴയിലേക്ക് ഇറങ്ങി പരിശോധിക്കാനുള്ള സാഹചര്യം ഇല്ലെന്നുമാണ് ജില്ലാ ഭരണകൂടത്തിന്റെ നിലപാട്. സ്വമേധയാ പുഴയിലിറങ്ങാന്‍ തയ്യാറാണെന്ന് മത്സ്യത്തൊഴിലാളിയായ ഈശ്വര്‍ മാല്‍പേയും സംഘവും പറഞ്ഞെങ്കിലും ജില്ലാ ഭരണകൂടം അനുമതി നല്‍കിയിരുന്നില്ല.












Click it and Unblock the Notifications