ശിവസേന യുബിടിക്ക് കൂടുതല്‍ സീറ്റോ? അഗാഡി സഖ്യത്തില്‍ വിലപേശാന്‍ ഉദ്ധവ്; പ്ലാന്‍ ഇങ്ങനെ
മുംബൈ: മഹാരാഷ്ട്രയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടായ വലിയ നേട്ടത്തെ തുടര്‍ന്ന് ഉദ്ധവ് താക്കറെ പക്ഷത്തിന്റെ ശിവസേന കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ടേക്കും. കോണ്‍ഗ്രസ് ഇത്തവണ കൂടുതല്‍ സീറ്റുകള്‍ വിട്ടുകൊടുക്കേണ്ടി വരും. മഹാരാഷ്ട്രയിലെ 48 സീറ്റില്‍ മുപ്പതെണ്ണവും മഹാവികാസ് അഗാഡിയാണ് വിജയിച്ചത്.
ശിവസേന യുബിടിയും എന്‍സിപി ശരത് പവാര്‍ പക്ഷവും തിരഞ്ഞെടുപ്പില്‍ നേട്ടങ്ങളുണ്ടാക്കിയിരുന്നു. കോണ്‍ഗ്രസ് 13 സീറ്റുകളാണ് സംസ്ഥാനത്ത് വിജയിച്ചത്. ഉദ്ധവ് പക്ഷം 9 സീറ്റിലും വിജയിച്ചിരുന്നു. ശരത് പവാര്‍ പക്ഷേ കുടുംബ സീറ്റില്‍ അടക്കം വിജയിച്ചിരുന്നു. ശിവസേന ഇത്തവണയും കൂടുതല്‍ സീറ്റുകള്‍ വേണമെന്ന നിര്‍ബന്ധത്തിലാണ്.

അതേസമയം ഇതുവരെ മഹാവികാസ് അഗാഡിയില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ല. പക്ഷേ തിരഞ്ഞെടുപ്പ് ഒക്ടോബര്‍ മാസത്തില്‍ നടക്കുന്നതിനാല്‍ നിര്‍ണായകമായ ചര്‍ച്ചകള്‍ക്ക് ഉടന്‍ തന്നെ സഖ്യം തുടക്കമിട്ടേക്കും. ശിവസേനയും, എന്‍സിപിയും കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് തന്നെ പ്രവര്‍ത്തിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പെര്‍ഫോമന്‍സിനെ അടിസ്ഥാനമാക്കി സീറ്റ് വിഭജനം നടത്തണമെന്നാണ് സഖ്യകക്ഷികളുടെ ആവശ്യം. മഹാവികാസ് അഗാഡിയില്‍ എല്ലാ കക്ഷികള്‍ക്കും തുല്യപങ്കാളിത്തമാണ് ഉള്ളതെന്ന് ശിവസേന യുബിടി നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഞങ്ങള്‍ ഒറ്റക്കെട്ടായിട്ടാണ് മത്സരിച്ചത്. ബിജെപിയെ ഭൂരിപക്ഷം ലഭിക്കുന്നതില്‍ നിന്ന് തടഞ്ഞത് മഹാരാഷ്ട്രയാണെന്നും റാവത്ത് പറഞ്ഞു. നേരത്തെ എന്‍സിപി ശരത് പവാര്‍ വിഭാഗം കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കുമെന്ന് പറഞ്ഞിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കുറഞ്ഞ സീറ്റുകളിലാണ് എന്‍സിപി മത്സരിച്ചത്.
എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ അത് നടക്കില്ല. കൂടുതല്‍സീറ്റുകള്‍ ആവശ്യപ്പെടുമെന്നും എന്‍സിപി അറിയിച്ചിരുന്നു. അതേസമയം സീറ്റ് വിഭജന ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ല. അതുകൊണ്ട് എത്ര സീറ്റുകളില്‍ മത്സരിക്കുമെന്നതിന് പ്രസക്തിയില്ല. എല്ലാവര്‍ക്കും തുല്യ പങ്കാളിത്തമുണ്ട്. വര്‍ഷകാല സെഷന് ശേഷം സീറ്റ് ചര്‍ച്ചകള്‍ ആരംഭിക്കുമെന്നും റാവത്ത് പറഞ്ഞു.
അതേസമയം ശിവസേന ഉദ്ധവ് വിഭാഗം തോറ്റ ലോക്‌സഭാ സീറ്റുകളെല്ലാം നേരിയ മാര്‍ജിനിലാണ്. അത് വിജയിച്ചിരുന്നെങ്കില്‍ പാര്‍ട്ടിയുടെ സ്‌ട്രൈക്ക് റേറ്റ് വളരെ ഉയര്‍ന്നിട്ടായിരിക്കുമെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. മഹാരാഷ്ട്രയില്‍ 288 നിയമസഭാ സീറ്റുകളുണ്ട്.
മത്സരിക്കാന്‍ സീറ്റിന് ക്ഷാമം മഹാരാഷ്ട്രയില്‍ ഇല്ല. എല്ലാവര്‍ക്കും കൂടുതല്‍ സീറ്റുകളില്‍ തന്നെ മത്സരിക്കാനാവുമെന്നും റാവത്ത് വ്യക്തമാക്കി. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ നാനാ പടോലെ സീറ്റ് വിഭജനത്തില്‍ കോണ്‍ഗ്രസിന് പ്രതീക്ഷിച്ചത്ര കിട്ടുമെന്നാണ് കരുതുന്നതെന്നും പടോലെ പറഞ്ഞു.












Click it and Unblock the Notifications