സിന്ധ്യ മാത്രമല്ല ചൗഹാനും തീരും, നോട്ടമിട്ട് ദില്ലി ടീം, പൂട്ടിടാന്‍ അവരെത്തി, കൃത്യം 60 ദിവസം!!
ഭോപ്പാല്‍: മധ്യപ്രദേശില്‍ ഉപതിരഞ്ഞെടുപ്പ് വിജയത്തോടെ ശക്തനായി നാലാം തവണയും ഭരിക്കാമെന്ന ശിവരാജ് സിംഗ് ചൗഹാന്റെ മോഹങ്ങള്‍ അസ്മതിക്കുന്നു. ചൗഹാന്റെ രാഷ്ട്രീയ ഭാവി തന്നെ അസ്മതിക്കുമെന്ന സൂചനകളാണ് ബിജെപിക്ക് ലഭിക്കുന്നത്. അമിത് ഷാ-നരേന്ദ്ര മോദി സഖ്യം ചൗഹാനെ മാത്രമാണ് ശരിക്കും നിരീക്ഷിക്കുന്നത്. കോവിഡ് കാലത്ത് ചൗഹാനെ ശരിക്കും മുഖ്യമന്ത്രി പദത്തില്‍ നിന്ന് ഇറക്കാനുള്ള കളികളാണ് ബിജെപിയില്‍ സജീവമായിരിക്കുന്നത്. നരോത്തം മിശ്രയെ ആരോഗ്യ മന്ത്രിയായി നിയമിച്ചത് അടക്കമുള്ള തീരുമാനം അമിത് ഷായാണ് എടുത്തത്. ചൗഹാന്റെ വണ്‍മാന്‍ ഷോ അവസാനിപ്പിച്ച് കേന്ദ്രത്തിലേക്ക് വിളിപ്പിക്കാനാണ് ബിജെപിയുടെ ടോപ് ടൂവിന്റെ തീരുമാനം. ഇതോടെ പല്ലുകൊഴിഞ്ഞ സിംഹമായി ചൗഹാന്‍ മാറുകയും ചെയ്യും.

മൂന്നെണ്ണമായില്ലേ എന്ന് ചോദ്യം
മധ്യപ്രദേശില്‍ മുഖ്യമന്ത്രി സ്ഥാനത്തിനായി അമിത് ഷായെ സമീപിച്ചപ്പോള്‍ ചൗഹാന്‍ നേരിട്ട ചോദ്യം ഇതായിരുന്നു. മൂന്ന് തവണ മുഖ്യമന്ത്രിയായിട്ടും വഴിമാറാനായില്ലേ എന്നായിരുന്നു അമിത് ഷാ ചോദിച്ചത്. തിരഞ്ഞെടുപ്പ് ക്രെഡിറ്റില്ലാത്ത സമയത്ത്, കോണ്‍ഗ്രസിനെ വീഴ്ത്തിയവര്‍ക്ക് മുഖ്യമന്ത്രി സ്ഥാനം നല്‍കണമെന്നായിരുന്നു അമിത് ഷാ നിര്‍ദേശിച്ചത്. മനസ്സില്ലാ മനസോടെയാണ് ചൗഹാനെ ബിജെപിയിലെ ടോപ് ത്രീ മുഖ്യമന്ത്രിയാക്കിയത്. കിട്ടിയത് മുള്‍ക്കിരീടമാണെന്ന് ചൗഹാന് വൈകാതെ മനസ്സിലായിരിക്കുകയാണ്.

വഴങ്ങാതെ ചൗഹാന്‍
ചൗഹാന്‍ കേന്ദ്ര നേതൃത്വത്തിന് പ്രത്യേകിച്ച് മോദിക്കും അമിത് ഷായ്ക്കും വഴങ്ങിയിട്ടില്ല. ഇത്തരത്തില്‍ മൂന്ന് നേതാക്കള്‍ ബിജെപിയിലുണ്ടായിരുന്നു. രമണ്‍ സിംഗും വസുന്ധര രാജ സിന്ധ്യയും ഇവരുടെ രണ്ട് പേരുടെയും കരിയര്‍ തന്നെ ദില്ലി ടീം തകര്‍ത്തു. ഇപ്പോള്‍ രമണ്‍ സിംഗ് എവിടെയാണെന്ന് പോലും അറിയില്ല. ചൗഹാനെയും ഇതേ രീതിയിലേക്ക് ഒതുക്കി, അവസാന വല്ല സംസ്ഥാനത്തും ഗവര്‍ണര്‍ സ്ഥാനത്തേക്ക് എത്തിക്കുകയാണ് ലക്ഷ്യം.

മന്ത്രിസഭയിലും റോളില്ല
ചൗഹാന്‍ വണ്‍മാന്‍ ഷോ കളിക്കുന്നതറിഞ്ഞ അമിത് ഷാ ആദ്യ ഘട്ടത്തില്‍ അവഗണിച്ചെങ്കിലും വൈകാതെ തന്നെ മന്ത്രിസഭയുടെ നിയന്ത്രണം ഏറ്റെടുത്തു. ഇപ്പോള്‍ ഉള്ള അഞ്ച് മന്ത്രിമാരും കേന്ദ്ര നേതൃത്വുമായി അടുത്ത ബന്ധമുള്ളവരാണ്. ചൗഹാനെ നിയന്ത്രിക്കാന്‍ നരോത്തം മിശ്രയെ തന്നെയാണ് ആരോഗ്യ മന്ത്രിയായി നിയമിച്ചിരിക്കുന്നത്. മിശ്രയെ ഉപമുഖ്യമന്ത്രിയാക്കിയാല്‍ മതിയെന്നായിരുന്നു ചൗഹാന്റെ വാദം. എന്നാല്‍ ഭാവി മുഖ്യമന്ത്രിയെന്നാണ് ബിജെപിയിലെ ടോപ് ത്രീ മിശ്രയെ വിശേഷിപ്പിക്കുന്നത്. ചൗഹാന്റെ വീഴ്ച്ചകള്‍ മിശ്ര നേരിട്ട് കേന്ദ്ര നേതൃത്വത്തിന് റിപ്പോര്‍ട്ട് ചെയ്യും.

തീരാതെ പണികള്‍
കേന്ദ്ര സംഘത്തെ ചൗഹാനെ നിരീക്ഷിക്കാനായി അയച്ചിരിക്കുകയാണ് മോദി. മഹാരാഷ്ട്ര, ബംഗാള്‍, രാജസ്ഥാന്‍ എന്നിവിടങ്ങളിലേക്കും അയച്ചിട്ടുണ്ടെങ്കിലും, ഇതെല്ലാം പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനമാണ്. ഇതോടെ ചൗഹാന് അപകടം മനസ്സിലായിരിക്കുകയാണ്. ഇടവും വലവും നിന്ന് അനങ്ങാന്‍ പറ്റാത്ത രീതിയിലാണ് കേന്ദ്ര സംഘത്തിന്റെ പ്രവര്‍ത്തനം. ഇവര്‍ കാര്യങ്ങള്‍ സംസാരിക്കുന്നത് മിശ്രയുമായിട്ടാണ്. ചൗഹാന്റെ മുഖ്യമന്ത്രി സ്ഥാനം നിരീക്ഷണത്തിലാണെന്ന് അമിത് ഷാ പ്രഖ്യാപിച്ച് കഴിഞ്ഞു.

12 പേര്‍ വേണം
മന്ത്രിസഭയില്‍ 12 പേര്‍ വേണമെന്നാണ് നിയമം. എന്നാല്‍ ചൗഹാന്‍ ആവശ്യപ്പെട്ടിട്ടും കേന്ദ്ര സംഘം ഇത് തള്ളി. ഒരൊറ്റ മന്ത്രി പോലും ചൗഹാന്റെ ഇഷ്ടപ്രകാരം നിയമിച്ചിട്ടില്ല. നല്‍കിയ പേരുകളെല്ലാം അമിത് ഷാ വെട്ടിക്കളയുകയായിരുന്നു. അതേസമയം മധ്യപ്രദേശിനേക്കാള്‍ ഗുരുതര സാഹചര്യമാണ് ഗുജറാത്തിലുള്ളത്. എന്നാല്‍ ഇവിടേക്ക് കേന്ദ്ര സംഘത്തെ അയച്ചിട്ടില്ല. ഏറ്റവുമധികം കോവിഡ് രോഗികളുള്ള സംസ്ഥാനങ്ങളില്‍ രണ്ടാം സ്ഥാനത്താണ് ഗുജറാത്ത്. എന്നാല്‍ മുഖ്യമന്ത്രി വിജയ് രൂപാണി ബിജെപിയിലെ തലവന്‍മാരുടെ പ്രിയപ്പെട്ടവനാണ്.

തല കുലുക്കുന്നവര്‍ മതി
ബിജെപിയിലെ ടോപ് ടു പറഞ്ഞാല്‍ അതേ പടി കേള്‍ക്കുന്നവര്‍ മാത്രം മുഖ്യമന്ത്രിയായിരുന്നാല്‍ മതിയെന്നാണ് കേന്ദ്ര സംഘത്തിന്റെ നിലപാട്. ചൗഹാനെ താഴെയിറക്കാനാണ് കോവിഡിന്റെ പേരില്‍ കേന്ദ്ര സംഘത്തെ മധ്യപ്രദേശിലേക്ക് അയച്ചത്. ബംഗാളിലേക്ക് മമതയെ വീഴ്ത്താന്‍ അയച്ചത് പോലെ തന്നെയാണിത്. ജ്യോതിരാദിത്യ സിന്ധ്യയെയും എംഎല്‍എമാരെയും കൂറുമാറ്റി ബിജെപിയിലെത്തിച്ചത് അമിത് ഷായും അദ്ദേഹത്തിന്റെ അനുയായികളായ നരോത്തം മിശ്രയും അടക്കമുള്ളവരാണ്. ഇവരെ തഴഞ്ഞ് ചൗഹാന്‍ വാഴേണ്ടെന്നാണ് നിലപാട്.

ഉപതിരഞ്ഞെടുപ്പിലും റോളില്ല
ചൗഹാന് ഉപതിരഞ്ഞെടുപ്പിലും വലിയ റോള്‍ ഉണ്ടാവില്ല. ഗ്വാളിയോര്‍-ചമ്പല്‍ ഡിവിഷന്റെ തിരഞ്ഞെടുപ്പ് ചുമതല ചൗഹാന്‍ ഏറ്റെടുക്കുമെന്നാണ് കരുതിയത്. എന്നാല്‍ അമിത് ഷാ ഗോവിന്ദ് സിംഗ് രജപുത്തിനെയാണ് ഈ പണി ഏല്‍പ്പിച്ചത്. ചൗഹാന്റെ ഭരണം കൊണ്ട് വോട്ട് കിട്ടില്ലെന്നാണ് ഷാ കരുതുന്നത്. പക്ഷേ ബിജെപിയുടെ ഈ രണ്ട് തട്ടിലുള്ള പോരാട്ടം സംസ്ഥാനത്ത് എല്ലാവരും അറിയുന്ന തരത്തിലേക്ക് മാറിയിരിക്കുകയാണ്. കോവിഡ് പ്രവര്‍ത്തനങ്ങളെ ഇത് ബാധിക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് പ്രചാരണം നടത്തുന്നുണ്ട്.

കോണ്‍ഗ്രസിന് അവസാന ചിരി
ചൗഹാന്‍ വീണാല്‍ വേറെ ഒരാള്‍ക്കും ബിജെപിയെ രക്ഷിക്കാനാവില്ലെന്ന് കോണ്‍ഗ്രസ്. സര്‍ക്കാരിനെ വീഴ്ത്തിയതിന് ബിജെപിക്കുള്ളില്‍ തന്നെ സിന്ധ്യക്കും ചൗഹാനും പണി കിട്ടുമെന്ന് ഇതോടെ ഉറപ്പായിരിക്കുകയാണ്. രാജ്യവര്‍ധന്‍ സിംഗ്, ബിസാഹുലാല്‍ സിംഗ്, ഐന്ദാള്‍ സിംഗ് കന്‍സാന, ഹര്‍ദീപ് സിംഗ് ദാംഗ്, ബിഎസ്പി, എസ്പി നേതാക്കളായ സഞ്ജീവ് കുശ്വാഹ, രാംഭായ്, രാജേന്ദ്ര ശുക്ല എന്നിവര്‍ക്കും മന്ത്രിസ്ഥാനം ലഭിച്ചിട്ടില്ല. ഇവരെല്ലാം കോണ്‍ഗ്രസുമായി സഖ്യം വിട്ടതില്‍ കടുത്ത പശ്ചാത്താപത്തിലാണ്. 60 ദിവസത്തിനുള്ളില്‍ നിരവധി ബിജെപി നേതാക്കള്‍ കോണ്‍ഗ്രസിലേക്ക് വരുമെന്നാണ് പ്രവചനം. മന്ത്രിസഭാ വികസനം അടുത്തൊന്നും ഉണ്ടാവാനും പോകുന്നില്ല.












Click it and Unblock the Notifications