അമ്പും വില്ലും ഉദ്ധവിനോ ഷിന്‍ഡെയ്‌ക്കോ? ഇരുവിഭാഗങ്ങള്‍ക്കും നോട്ടീസ് നല്‍കി തെരഞ്ഞെടുപ്പ് കമ്മീഷന്‍
ന്യൂദല്‍ഹി: ശിവസേന തര്‍ക്കത്തില്‍ അന്ത്യശാസനയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ജനുവരി 23 ന് അകം പാര്‍ട്ടി ചിഹ്നങ്ങളെ കുറിച്ച് രേഖാമൂലം മറുപടി നല്‍കണം എന്ന് ഉദ്ധവ് താക്കറെയോടും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയോടും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടു. ശിവസേനയുടെ ഔദ്യോഗിക ചിഹ്നമായ അമ്പും വില്ലും കിട്ടാന്‍ വേണ്ടി ഇരുപക്ഷവും തര്‍ക്കത്തിലാണ്.
രണ്ട് വിഭാഗങ്ങളും ഒരേ ചിഹ്നത്തിന് അവകാശവാദം ഉന്നയിക്കുന്ന സാഹചര്യത്തില്‍ പാര്‍ട്ടിയുടെ സംഘടനയിലും അതിന്റെ നിയമനിര്‍മ്മാണ വിഭാഗത്തിലും ഓരോ വിഭാഗത്തിനും ലഭിക്കുന്ന പിന്തുണ ആണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആദ്യം പരിശോധിക്കുക. പിന്നീട് പാര്‍ട്ടിക്കുള്ളിലെ ഉന്നത ഭാരവാഹികളെയും തീരുമാനങ്ങള്‍ എടുക്കുന്ന ബോഡികളെയും കണ്ടെത്താനും അതിലെ അംഗങ്ങളും ഭാരവാഹികളും ഏത് വിഭാഗത്തെയാണ് പിന്തുണക്കുന്നത് എന്നും പരിശോധിക്കും.

പിന്നീട് ഓരോ വിഭാഗത്തിലും എത്ര വീതം എം പിമാരും എം എല്‍ എമാരും ഉണ്ട് എന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണക്കാക്കും. ഇതെല്ലാം പരിശോധിച്ച് വിലയിരുത്തി ഏതെങ്കിലും വിഭാഗത്തിന് അനുകൂലമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിധി പുറപ്പെടുവിക്കുകയും ചെയ്യും. കഴിഞ്ഞ ഒക്ടോബറില്‍ ഉദ്ധവ് താക്കറെയുടെയും ഏകനാഥ് ഷിന്‍ഡെയുടെയും നേതൃത്വത്തിലുള്ള വിഭാഗങ്ങള്‍ ശിവസേനയുടെ വില്ലും അമ്പും ചിഹ്നം ഉപയോഗിക്കുന്നത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചിരുന്നു.

ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി സര്‍ക്കാരിനെ വിമത നീക്കത്തിലൂടെ അട്ടിമറിച്ചാണ് ഏക്നാഥ് ഷിന്‍ഡെ ബി ജെ പി പിന്തുണയോടെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാകുന്നത്. അന്ന് മുതല്‍ ശിവസേനയില്‍ ഉദ്ധവ് താക്കറെ- ഏകനാഥ് ഷിന്‍ഡെ എന്ന പേരില്‍ രണ്ട് വിഭഗങ്ങള്‍ ഉടലെടുത്തിരുന്നു. എം എല്‍ എമാരും എം പിമാരും പാര്‍ട്ടിയുടെ സംസ്ഥാന യൂണിറ്റുകളുടെ തലവന്മാരും ഇരുവിഭാഗങ്ങളിലുമായി പക്ഷം ചേര്‍ന്നു.

ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറെയുടെ മരണശേഷം ശിവസേനയെ നയിച്ചതിനാല്‍ തങ്ങള്‍ക്കാണ് ചിഹ്നം ഉപയോഗിക്കാനുള്ള അവകാശം എന്നാണ് ഉദ്ധവ് താക്കറെ വിഭാഗം പറയുന്നത്. എന്നാല്‍ ബാല്‍ താക്കറെയുടെ ആശയം അധികാരത്തിനായി അടിയറവ് വെച്ചയാളാണ് ഉദ്ധവ് താക്കറെ എന്നും അതിനാല്‍ യഥാര്‍ത്ഥ ശിവസേന തങ്ങളാണ് എന്നുമാണ് ഏകനാഥ് ഷിന്‍ഡെ വിഭാഗം പറയുന്നത്.

അതിനിടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ ഇരുവിഭാഗത്തിനും പ്രത്യേക ചിഹ്നം അനുവദിച്ചിരുന്നു. ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേന വിഭാഗത്തിന് രണ്ട് വാളുകളും ഒരു പരിചയും ആണ് ചിഹ്നമായി അനുവദിച്ചിരുന്നത്. ഉദ്ധവ് താക്കറെ വിഭാഗത്തിന് തീപ്പന്തവും ചിഹ്നമായി അനുവദിച്ചിരുന്നു. ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള വിഭാഗം ബാലാസാഹെബാഞ്ചി ശിവസേന എന്നാണ് അറിയപ്പെടുന്നത്.

ശിവസേന - ഉദ്ധവ് ബാലാസാഹേബ് താക്കറെ' എന്നാണ് ഉദ്ധവ് വിഭാഗത്തിന്റെ പേര്. ഇനി സംസ്ഥാനത്ത് വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകളിലും നിലവിലെ തര്‍ക്കത്തില്‍ അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നത് വരെയും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ച പേരും ചിഹ്നവുമാണ് ഇരുകക്ഷികളും ഉപയോഗിക്കുക.












Click it and Unblock the Notifications