സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രി; ഡികെ ശിവകുമാറിന് കൂടുതല്‍ അധികാരം... സത്യപ്രതിജ്ഞ മറ്റന്നാള്‍ 12.30ന്
ന്യൂഡല്‍ഹി: കര്‍ണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യയെ തിരഞ്ഞെടുത്തു. ഡികെ ശിവകുമാര്‍ ഉപമുഖ്യമന്ത്രിയാകും. ഒരു ഉപമുഖ്യമന്ത്രി മാത്രമാണുണ്ടാകുക. ശനിയാഴ്ച സത്യപ്രതിജ്ഞ നടക്കും. മന്ത്രിമാരും ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്ന് സംഘടനാ ചുമതലയുള്ള എഐസിസി സെക്രട്ടറി കെസി വേണുഗോപാല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കെസി വേണുഗോപാല്‍, രണ്‍ദീപ് സുര്‍ജേവാല എന്നിവരാണ് ഹൈക്കമാന്റ് തീരുമാനം മാധ്യമങ്ങളെ അറിയിച്ചത്. സിദ്ധരാമയ്യയും ഡികെ ശിവകുമാറും തമ്മില്‍ മുഖ്യമന്ത്രി പദത്തിന് വേണ്ടി അടിവലി നടന്നുവെന്ന റിപ്പോര്‍ട്ടുകളോട് ഇരുവരും പ്രതികരിച്ചില്ല. രണ്ട് നേതാക്കളും കോണ്‍ഗ്രസിന്റെ അസറ്റാണ് എന്ന് വേണുഗോപാല്‍ പറഞ്ഞു. ഇവര്‍ കൈകോര്‍ത്ത് നിന്നപ്പോഴാണ് വിജയം നേടിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒന്നിലധികം ഉപമുഖ്യമന്ത്രിമാരുണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ അസ്ഥാനത്താക്കുന്ന തീരുമാനമാണ് വന്നിരിക്കുന്നത്. ഡികെ ശിവകുമാര്‍ മാത്രമാണ് ഉപമുഖ്യമന്ത്രി. ശനിയാഴ്ച ഉച്ചയ്ക്ക് 12.30നാണ് സത്യപ്രതിജ്ഞ. ചില മന്ത്രിമാരും അന്ന് സത്യപ്രതിജ്ഞ ചെയ്യും. വകുപ്പുകള്‍ പിന്നീട് തീരുമാനിക്കും. വൈകാതെ എംഎല്‍എമാര്‍ യോഗം ചേര്‍ന്ന് ഔദ്യോഗികമായി സിദ്ധരാമയ്യയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കുമെന്നും വേണുഗോപാല്‍ പറഞ്ഞു.
ഈ മാസം 13നാണ് കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നത്. 135 സീറ്റ് നേടി കോണ്‍ഗ്രസ് വമ്പന്‍ ജയം നേടുകയായിരുന്നു. ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ച സാഹചര്യത്തില്‍ എംഎല്‍എമാരുടെ യോഗം കോണ്‍ഗ്രസ് വിളിച്ചുചേര്‍ത്തു. ആര് മുഖ്യമന്ത്രിയാകണം എന്ന കാര്യത്തില്‍ എംഎല്‍എമാരുടെ അഭിപ്രായം തേടി. മൂന്ന് നിരീക്ഷകരെ ഹൈക്കമാന്റ് നിയോഗിച്ചിരുന്നു.
നിരീക്ഷകര്‍ എഐസിസി അധ്യക്ഷന് കര്‍ണാടകയില്‍ നിന്നുള്ള റിപ്പോര്‍ട്ട് കൈമാറി. ശേഷം ഇരു നേതാക്കളുമായും ചര്‍ച്ച നടത്തി. മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവരുമായും ചര്‍ച്ചകള്‍ നടത്തിയ ശേഷമാണ് സിദ്ധരാമയ്യയെ അടുത്ത മുഖ്യമന്ത്രിയായി നിയമിക്കാന്‍ തീരുമാനിച്ചത്. ഡികെ ശിവകുമാര്‍ ഉപമുഖ്യമന്ത്രിയാകുമെന്നും എഐസിസി സെക്രട്ടറിമാര്‍ അറിയിച്ചു.
മുഖ്യമന്ത്രി പദം വീതം വയ്ക്കുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് സംബന്ധിച്ച് കെസി വേണുഗോപാല്‍ വാര്‍ത്താസമ്മേളനത്തില്‍ ഒന്നും പറഞ്ഞില്ല. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷനായി ഡികെ ശിവകുമാര്‍ തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ഒരുക്കാന്‍ ഡികെ വേണമെന്ന് ഹൈക്കമാന്റ് കരുതുന്നു എന്നാണ് വ്യക്തമാകുന്നത്.
ഇത് തന്റെ അവസാന നിയമസഭാ തിരഞ്ഞെടുപ്പാണെന്ന് അടുത്തിടെ സിദ്ധരാമയ്യ പ്രഖ്യാപിച്ചിരുന്നു. അതുകൊണ്ട് തന്നെ മുഖ്യമന്ത്രി പദം സിദ്ധരാമയ്യക്ക് പാര്‍ട്ടി നല്‍കുന്ന അംഗീകാരമാണ്. രണ്ടാം തവണയാണ് സിദ്ധരാമയ്യ കര്‍ണാടകയുടെ മുഖ്യമന്ത്രിയാകുന്നത്. നേരത്തെ ജനകീയനായ മുഖ്യമന്ത്രി എന്ന ഖ്യാതി നേടിയ വ്യക്തി കൂടിയാണ് ഇദ്ദേഹം.
സിദ്ധരാമയ്യയുടെ ജനകീയതയും ഡികെ ശിവകുമാറിന്റെ സംഘടനാ മികവും കൂടി ചേര്‍ന്നപ്പോഴാണ് കര്‍ണാടകയില്‍ ബിജെപി വീണതും കോണ്‍ഗ്രസ് അധികാരത്തിലേറിയതും. സംഘടനാ തലത്തില്‍ ഇനിയും ഡികെ വേണമെന്നാണ് ഹൈക്കമാന്റ് നിര്‍ദേശം. ഡികെ ശിവകുമാറിനുള്ള ആദരവ് കൂടിയാണിത്. സാധാരണ ഇരട്ട പദവി കോണ്‍ഗ്രസ് നിരുല്‍സാഹപ്പെടുത്തുകയാണ് പതിവ്. ആ തീരുമാനം ലംഘിച്ചിരിക്കുകയാണിവിടെ.
അധികാരത്തിലെത്തിയാല്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപനങ്ങള്‍ നടപ്പാക്കുന്നതിന് പ്രാമുഖ്യം നല്‍കുമെന്ന് സിദ്ധരാമയ്യ ഫലം വന്ന പിന്നാലെ അറിയിച്ചിരുന്നു. സുപ്രധാനമായ ഒട്ടേറെ പ്രഖ്യാപനങ്ങളാണ് കോണ്‍ഗ്രസ് നടത്തിയിരുന്നത്. വനിതകള്‍ക്കും തൊഴില്‍രഹിതര്‍ക്കുമുള്ള ആനുകൂല്യങ്ങളും മുസ്ലിം സംവരണം പുനഃസ്ഥാപിക്കലുമെല്ലാം ഇതില്‍പ്പെടും. ജനപ്രിയ പ്രഖ്യാപനങ്ങളിലൂടെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുക എന്നതാണ് കോണ്‍ഗ്രസിന്റെ അടുത്ത ലക്ഷ്യം.












Click it and Unblock the Notifications