ഹിന്ദി, ഹിന്ദു, ഹിന്ദുസ്ഥാന്‍ ആശയം അടിച്ചേല്‍പ്പിക്കാനുള്ള നീക്കം അംഗീകരിക്കില്ല; സീതാറാം യെച്ചൂരി
ദില്ലി: ഹിന്ദി, ഹിന്ദു, ഹിന്ദുസ്ഥാന്‍ ആശയം അടിച്ചേല്‍പ്പിക്കാനുള്ള ആര്‍ എസ് എസ് നീക്കം അംഗീകരിക്കാനാവില്ലെന്ന് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍പ്പെടുത്തിയിട്ടുള്ള 22 ഔദ്യോഗിക ഭാഷകളെ തുല്യമായി പരിഗണിക്കുകയും പ്രോത്സാഹിപ്പിക്കുകയും വേണമെന്നും വൈവിധ്യങ്ങളുടെ ആഘോഷമാണ് ഇന്ത്യയെന്നും ഇന്ത്യയുടെ ഭാഷാ വൈവിധ്യത്തിനുമേല്‍ 'ഹിന്ദി, ഹിന്ദു, ഹിന്ദുസ്ഥാന്‍' ആശയം അടിച്ചേല്‍പ്പിക്കാനുള്ള ആര്‍എസ്എസ് നീക്കം അംഗീകരിക്കാന്‍ ആകില്ലെന്നും സീതാറാം യെച്ചൂരി പറഞ്ഞു.
രാജ്യത്ത് ഹിന്ദി അറിയാത്തവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ജോലി അന്യമാക്കുന്ന വിവേചനപരമായ നീക്കവുമായി നരേന്ദ്ര മോദി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ്. ഹിന്ദി നിര്‍ബന്ധമാക്കുകയെന്ന അജന്‍ഡ മുന്‍നിര്‍ത്തി 112 ശുപാര്‍ശകളടങ്ങിയ റിപ്പോര്‍ട്ട് രാഷ്ട്രപതിക്ക് സമര്‍പ്പിച്ചു. ഇത് നടപ്പാക്കുന്നത്തോടെ കേന്ദ്ര റിക്രൂട്ട്മെന്റ് പരീക്ഷകളുടെ ചോദ്യപേപ്പര്‍ ഹിന്ദിയില്‍ മാത്രമാകുമെന്ന് സീതാറാം യെച്ചൂരി പറഞ്ഞു.

കേന്ദ്രസര്‍വീസിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് ഹിന്ദി നിര്‍ബന്ധമായി അറിഞ്ഞിരിക്കണമെന്ന വ്യവസ്ഥ ചെയ്യും. ഫലത്തില്‍ ഹിന്ദിയിതര സംസ്ഥാനങ്ങളിലെ ഉദ്യോഗാര്‍ഥികള്‍ക്ക് അവസരം നിഷേധിക്കപ്പെടും. കേന്ദ്രസര്‍ക്കാരിന്റെ എല്ലാ കത്തിടപാടുകളും ഹിന്ദിയിലാക്കും. ഓഫീസുകളിലെ കംപ്യൂട്ടറുകള്‍ ഹിന്ദിയിലേക്ക് മാറ്റും.
കേന്ദ്ര സര്‍വകലാശാലകളും സാങ്കേതികഇതര വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അധ്യയനത്തിനും മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കും ഭാഷ ഹിന്ദിയാകും. ഐഐടികള്‍, ഐഐഎമ്മുകള്‍, എയിംസ് തുടങ്ങിയ ഉന്നത സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കേന്ദ്രീയ വിദ്യാലയം, നവോദയ തുടങ്ങിയ സാങ്കേതിക ഇതര സ്ഥാപനങ്ങളിലും ഹിന്ദി നിര്‍ബന്ധമാകും. ഒഴിച്ചുകൂടാനാകാത്തിടത്ത് മാത്രമേ ഇംഗ്ലീഷ് ഉപയോഗിക്കാനാകൂ. ഭാവിയില്‍ അതും ഹിന്ദിക്ക് വഴിമാറുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഇന്ത്യയുടെ ഭാഷാ വൈവിധ്യത്തിനുമേല്‍ 'ഹിന്ദി, ഹിന്ദു, ഹിന്ദുസ്ഥാന്‍' ആര്‍എസ്എസ് ആശയം അടിച്ചേല്‍പ്പിക്കാനുള്ള നീക്കത്തെ നമ്മള്‍ ശക്തമായി തന്നെ എതിര്‍ത്തിരുന്നെന്ന് ജോണ്‍ ബ്രിട്ടാസ് എം പി പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ തമ്മില്‍ ഇംഗ്ലീഷിനുപകരം ഹിന്ദിയില്‍ സംസാരിക്കണമെന്ന് മുമ്പ് അമിത് ഷാ പ്രതികരിച്ചപ്പോള്‍ വലിയ പ്രതിഷേധമാണുയര്‍ന്നത്. ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ നിലപാട് തിരുത്തുകയും ചെയ്തു .ഇപ്പോള്‍ ഇതാ വീണ്ടും ഇതേ അജണ്ടയുമായി മുന്നോട്ട് പോകുകയാണ് പാര്‍ലമെന്റിന്റെ ഔദ്യോഗികഭാഷാ സമിതി.
ഹിന്ദി നിര്‍ബന്ധമാക്കുകയെന്ന അജന്‍ഡ മുന്‍നിര്‍ത്തി 112 ശുപാര്‍ശയടങ്ങിയ റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അധ്യക്ഷനായ പാര്‍ലമെന്റിന്റെ ഔദ്യോഗികഭാഷാ സമിതി രാഷ്ട്രപതിക്ക് സമര്‍പ്പിച്ചു.സംസ്ഥാനങ്ങള്‍ ഹിന്ദി പ്രചാരണം ഭരണഘടനാ ബാധ്യതയായി കാണണമെന്നും ശുപാര്‍ശയിലുണ്ട്. കേന്ദ്ര റിക്രൂട്ട്മെന്റ് പരീക്ഷകളുടെ ചോദ്യപ്പേപ്പര്‍ ഹിന്ദിയില്‍ മാത്രമാക്കും.അതായത് തൊഴിലിനും വിദ്യാഭ്യാസത്തിനും ഹിന്ദി നിര്‍ബന്ധം.
വൈവിധ്യങ്ങളുടെ നാട്ടില്‍,22 ഔദ്യോഗിക ഭാഷയെ തുല്യമായി പരിഗണിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്ന് അനുശാസിക്കുന്ന ഭരണഘടനയുള്ള നാട്ടിലാണ് ഈ അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുന്നത് എന്നോര്‍ക്കണമെന്ന് ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.












Click it and Unblock the Notifications