തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് അഖിലേഷ് യാദവുമായി കൂടിക്കാഴ്ച നടത്തി ബിജെപി എംപിയുടെ മകൻ
ദില്ലി; തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ സമാജ്വാദി നേതാവ് അഖിലേഷുമായി കൂടിക്കാഴ്ച നടത്തി ബിജെപി എംപിയുടെ മകൻ. എംപി റീത്ത ബഹുഗുണ ജോഷിയുടെ മകൻ മായങ്ക് ജോഷിയാണ് അഖിലേഷിനെ സന്ദർശിച്ചത്. റീത്തയുടെ മണ്ഡലമായിരുന്ന ലഖ്നൗവിൽ ബുധാനാഴ്ച തിരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് കൂടിക്കാഴ്ച.

തന്റെ മകൻ മായങ്ക് ജോഷിക്ക് ലഖ്നൗ കണ്ടോൻമെന്റ് സീറ്റ് അനുവദിക്കണമെന്ന് ഇത്തവണ റീത്ത നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ബി ജെ പി കോട്ടയായ ലഖ്നൗ കന്റോൺമെന്റ് മണ്ഡലം 2012 ൽ റീത്ത ബഹുഗുണയിലൂടെ കോൺഗ്രസ് പിടിച്ചെടുത്തിരുന്നു. എന്നാൽ പിന്നീട് അവർ ബി ജെ പിയിൽ എത്തി. 2017 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ റീത്തയായിരുന്നു മണ്ഡലത്തിൽ ബി ജെ പി ടിക്കറ്റിൽ മത്സരിച്ച് വിജയിച്ചത്
ഒരു കുടുംബത്തിൽ നിന്നും ഒരാൾ എന്ന രീതി പാർട്ടി നടപ്പാക്കുന്നുവെങ്കിൽ മകന് വേണ്ടി രാജിവെയ്ക്കാൻ വരെ തയ്യാറാണെന്നും റീത്ത നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാൽ മായങ്കന് ടിക്കറ്റ് നൽകാൻ നേതൃത്വം തയ്യാറായിരുന്നില്ല. മന്ത്രി ബ്രിജേഷ് പഥകിനായിരുന്നു ബി ജെ പി സീറ്റ് നൽകിയത്.
ഇതിന് പിന്നാലെ മായങ്കും റീത്തയും ബി ജെ പി വിട്ടേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ഉണ്ടായിരുന്നുവെങ്കിലും നേതാക്കൾ ഇതിനോട് പ്രതികരിച്ചിരുന്നില്ല. അതിനിടയിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നതിന് തൊട്ടുമുൻപ് അഖിലേഷിനെ മായങ്ക് സന്ദർശിച്ചത്. കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ അഖിലേഷ് ട്വീറ്റ് ചെയ്തിട്ടുണ്ട്. അതേസമയം കൂടിക്കാഴ്ചയ്ക്ക് പിന്നിലെ കാരണം വ്യക്തമല്ല.
ബ്രാഹ്മണ സമുദായത്തിന് ശക്തമായ സ്വാധീനമുള്ള മണ്ഡലമാണ് ലഖ്നൗ കന്റോൺമെന്റ് സംസ്ഥാനത്ത് ബി ജെ പിക്കെതിരെ ബ്രാഹ്മണ സമുദായങ്ങൾക്കിടയിൽ ശക്തമായ അതൃപ്തികൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഇരുവരുടേയും കൂടിക്കാഴ്ച ഉറ്റുനോക്കപ്പെടുന്നുണ്ട്.
അതേസമയം ലഖ്നൗ ഉൾപ്പെടെ ഒൻപത് ജില്ലകളിലെ 59 മണ്ഡലങ്ങളിൽ ബുധനാഴ്ചയാണ് നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. ലഖിംപൂർ ഖേരി , പിലിഭിത്,സീതാപൂർ, ഹർദോയ്, ഉന്നാവോ, ലഖ്‌നൗ, റായ്ബറേലി, ബന്ദ, ഫത്തേപൂർ ജില്ലകളിലെ നിയമസഭാ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. 624 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്.
Recommended Video
2017 ൽ 59 ൽ 51 സീറ്റുകളും ഇവിടെ നേടാൻ ബിജെപിക്ക് സാധിച്ചിരുന്നു. എന്നാൽ ഇക്കുറി കർഷക രോഷം ആളികത്തിയ ലഖിംപൂർ ഉൾപ്പെടെയുള്ള സംഭവങ്ങൾ മേഖലയിൽ ബി ജെ പിക്ക് വലിയ വെല്ലുവിളിയാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.












Click it and Unblock the Notifications