കോണ്‍ഗ്രസ് ആസ്ഥാനത്തിന്റെ വാടക 10 വര്‍ഷമായി കുടിശ്ശിക, സോണിയയുടെ വസതിക്കും വാടക നല്‍കിയില്ല
ദില്ലി: കോണ്‍ഗ്രസിന്റെ കൈവശമുള്ള പല വസ്തുവകകളുടെയും വാടക വര്‍ഷങ്ങളായി കുടിശ്ശികയാണെന്ന് വിവരാവകാശ റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ വസതിയുടെ വാടക അടക്കം ഒരുവര്‍ഷത്തില്‍ അധികമായി നല്‍കിയിട്ടില്ല. സുജിത് പട്ടേല്‍ എന്ന ആക്ടിവിസ്റ്റ് നല്‍കിയ വിവരാവകാശ അപേക്ഷയിലാണ് ഈ വിവരം ലഭിച്ചത്. കേന്ദ്ര ഭവന-നഗരവികസനകാര്യ മന്ത്രാലയമാണ് ഈ വിവരങ്ങള്‍ നല്‍കിയത്. ദില്ലിയിലെ അക്ബര്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന കോണ്‍ഗ്രസ് ആസ്ഥാനത്തിന്റെ വാടകയിനത്തില്‍ 12,69902 രൂപയാണ് കുടിശ്ശികയുള്ളത്. കോണ്‍ഗ്രസ് ഭരണകാലത്താണ് അവസാനമായി വാടക നല്‍കിയതെന്നാണ് വ്യക്തമാകുന്നത്.

2012 ഡിസംബറിലാണ് അവസാനമായി കോണ്‍ഗ്രസ് ആസ്ഥാനത്തിന്റെ വാടക അടച്ചിട്ടുള്ളത്. പത്ത് ജന്‍പഥ് റോഡില്‍ സ്ഥിതി ചെയ്യുന്ന സോണിയാ ഗാന്ധിയുടെ വസതിക്ക് അവസാനമായി വാടക നല്‍കിയത് 2020 സെപ്റ്റംബറിലാണ്. 4610 രൂപയാണ് കുടിശ്ശികയായി ഉള്ളത്. ദില്ലിയിലെ ചാണക്യപുരിയിലുള്ള സോണിയയുടെ പേഴ്‌സണല്‍ സെക്രട്ടറി വിന്‍സെന്റ് ജോര്‍ജിന്റെ ബംഗ്ലാവിന്റെ കുടിശ്ശിക അഞ്ച് ലക്ഷത്തിലേറെ രൂപയാണ്. 2013ലാണ് ഈ തുക അവസാനമായി അടച്ചത്. അക്ബര്‍ റോഡിലെ ബംഗ്ലാവ് ഒഴിവാന്‍ 2013ല്‍ തന്നെ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് പല തവണയായി അവധി നീട്ടി വാങ്ങുകയായിരുന്നു.
ഹൗസിംഗ് നിയമപ്രകാരം ദേശീയ-സംസ്ഥാന പാര്‍ട്ടികള്‍ക്ക് താമസിക്കാന്‍ സ്ഥലം നല്‍കാറുണ്ട്. മൂന്ന് വര്‍ഷത്തെ സമയവും സ്വന്തം ഓഫീസുണ്ടാക്കാനായി നല്‍കാറുമുണ്ട്. കാലാവധി കഴിഞ്ഞാല്‍ സര്‍ക്കാര്‍ ബംഗ്ലാവ് ഒഴിഞ്ഞ് കൊടുക്കണമെന്നാണ് നിര്‍ദേശം. കോണ്‍ഗ്രസിന് ഈ സ്ഥലം നല്‍കിയത് 2010 ജൂണിലാണ്. പാര്‍ട്ടി ഓഫീസ് നിര്‍മിക്കാനായിരുന്നു സ്ഥലം. കോണ്‍ഗ്രസ് പാര്‍ട്ടി അക്ബര്‍ റോഡിലെ ഓഫീസും ഒപ്പം കുറച്ച് ബംഗ്ലാവുകളും 2013ല്‍ ഒഴിഞ്ഞ് കൊടുക്കേണ്ടതായിരുന്നു. എന്നാല്‍ ഇത് നീട്ടിക്കൊണ്ടുപോവുകയായിരുന്നു കോണ്‍ഗ്രസ്. അതേസമയം സോണിയാ ഗാന്ധിയുടെ കെട്ടിടത്തിന്റെ വാടക കുടിശ്ശിക ഇന്ന് തന്നെ അടച്ച് തീര്‍ക്കുമെന്നാണ് കോണ്‍ഗ്രസ് അറിയിച്ചത്.
നേരത്തെ 2020 ജൂലായില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്ക് ഒഴിപ്പിക്കല്‍ നോട്ടീസ് കേന്ദ്ര സര്‍ക്കാര്‍ അയച്ചിരുന്നു. ലോധി റോഡിലെ താമസസ്ഥലം ഒഴിയണമെന്നായിരുന്നു നിര്‍ദേശം. ഒരു മാസത്തെ സമയവും നല്‍കിയിരുന്നു. അതേസമയം വിവരാവകാശ രേഖകള്‍ പുറത്ത് വന്നതിന് പിന്നാലെ ബിജെപി നേതാവ് തജീന്ദര്‍ ബാല്‍ സിംഗ് ബഗ്ഗ സോണിയ ഗാന്ധിക്കെതിരെ പരിഹാസവുമായി രംഗത്ത് വന്നു. സോണിയക്ക് ഇപ്പോള്‍ വാടക നല്‍കാന്‍ പോലും പണമില്ലാതായി. കാരണം ഇപ്പോഴവര്‍ക്ക് അഴിമതിയൊന്നും നടത്താന്‍ പറ്റുന്നില്ലെന്നും ബഗ്ഗ പറഞ്ഞു. തുടര്‍ച്ചയായി തിരഞ്ഞെടുപ്പ് തോല്‍ക്കുന്നത് കൊണ്ട് അഴിമതിയൊന്നും പഴയത് പോലെ നടക്കില്ല. രാഷ്ട്രീയ വ്യത്യാസങ്ങള്‍ മാറ്റി നിര്‍ത്തി അവരെ ഞാന്‍ സഹായിക്കുകയാണ്. സോണിയാ ഗാന്ധി ദുരിതാശ്വാസ ഫണ്ടിലേക്ക് ഞാന്‍ പത്ത് രൂപ അയച്ചുവെന്നും, എല്ലാവരോടും ആ പണം അയക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായും ബഗ്ഗ പരിഹസിച്ചു.












Click it and Unblock the Notifications