മമതയെ പടിക്ക് പുറത്ത് നിര്‍ത്തി കോണ്‍ഗ്രസ്, സോണിയയുടെ നിര്‍ണായക യോഗം, പാര്‍ലമെന്റില്‍ കൈകോര്‍ക്കും
ദില്ലി: തൃണമൂല്‍ കോണ്‍ഗ്രസുമായുള്ള ശീതയുദ്ധം ശക്തമാക്കി കോണ്‍ഗ്രസ്. പ്രതിപക്ഷ നീക്കങ്ങള്‍ക്ക് കോണ്‍ഗ്രസ് ശ്രമം നടത്തുന്നതിനിടെ മമത ബാനര്‍ജിയെ തഴഞ്ഞിരിക്കുകയാണ് സോണിയ ഗാന്ധി. കോണ്‍ഗ്രസ് അധ്യക്ഷ വിളിച്ച നിര്‍ണായക യോഗത്തിലേക്ക് തൃണമൂല്‍ നേതാക്കള്‍ ആര്‍ക്കും ക്ഷണമുണ്ടായിരുന്നില്ല.
സുഹൃത്തുക്കള്‍ സിനിമയില്‍ നിന്ന് അവഗണിച്ചു, ചാരിറ്റി പണം വാങ്ങാറില്ല, ബാധ്യതയുണ്ടെന്ന് സീമ ജി നായര്‍
കഴിഞ്ഞ ദിവസം ഗോവയില്‍ തൃണമൂല്‍ സഖ്യത്തില്‍ കോണ്‍ഗ്രസിന് ഭാഗമാകാമെന്ന് മമത പറഞ്ഞിരുന്നു. ഇത് കോണ്‍ഗ്രസ് ക്യാമ്പിനെ ഒന്നാകെ ചൊടിപ്പിച്ച് നില്‍ക്കുകയാണ്. എന്ത് വന്നാലും മമതയ്‌ക്കൊപ്പം ചേരില്ലെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനിടയിലാണ് അവരെ കോണ്‍ഗ്രസ് നേതൃത്വം ഒന്നാകെ മാറ്റിനിര്‍ത്തുന്നത്.

സോണിയയുടെ ദില്ലിയിലെ വസതിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച്ച. എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍, ശിവസേന നേതാവ് സഞ്ജയ് റാവത്ത്, ഡിഎംകെ നേതാവ് ടിആര്‍ ബാലു, സിപിഎം നേതാവ് സീതാറാം യെച്ചൂരി, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുള്ള എന്നിവരും യോഗത്തിനെത്തിയിരുന്നു. രാഹുല്‍ ഗാന്ധിയും ഈ യോഗത്തിലുണ്ടായിരുന്നു. എന്നാല്‍ മമത ബാനര്‍ജിയുടെ തൃണമൂലിനെ ഈ യോഗത്തിലേക്ക് വിളിച്ചിട്ടേയില്ല. പന്ത്രണ്ട് എംപിമാരുടെ സസ്‌പെന്‍ഷനുമായി ബന്ധപ്പെട്ട് ശക്തമായ നീക്കത്തിനാണ് കോണ്‍ഗ്രസ് നീക്കം. പാര്‍ലമെന്റിന് പുറത്തുള്ള പ്രതിഷേധ പ്രകടനം അടക്കം കടുപ്പിക്കാനാണ് നീക്കം. പാര്‍ലമെന്റില്‍ ഇന്നലെ ശക്തമായ വിമര്‍ശനമാണ് സോണിയ മോദി സര്‍ക്കാരിനെതിരെ ഉന്നയിച്ചത്.

അതേസമയം രാജ്യസഭയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശരത് പവാറിനോട് ഇടപെടണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡുവിനോട് പവാര്‍ സംസാരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോഴുള്ള പ്രശ്‌നം പരിഹരിക്കണമെന്ന് പ്രതിപക്ഷം ആഗ്രഹിക്കുന്നുണ്ട്. പ്രതിപക്ഷ അംഗങ്ങളോട് സര്‍ക്കാര്‍ ഇത്ര കടുത്ത നിലപാട് സ്വീകരിക്കാന്‍ പാടില്ലെന്ന് ഡിഎംകെ എംപി ബാലു പറയുന്നു. എന്തൊക്കെ പറഞ്ഞാലും അവര്‍ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ്. ഈ പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാരിന് താല്‍പര്യമുണ്ടെന്ന് തോന്നുന്നില്ല. അത് ശരിയല്ല. എത്രയും വേഗം രാജ്യസഭയിലെ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ടതുണ്ടെന്നും ബാലു പറഞ്ഞു.

കോണ്‍ഗ്രസ് പുതിയൊരു നിലപാടിലേക്കാണ് ഇതോടെ എത്തിയിരിക്കുന്നത്. ഒരേ സ്വഭാവമുള്ള പാര്‍ട്ടികള്‍ ചേര്‍ന്ന പ്രതിപക്ഷ ഐക്യമാണ് സോണിയ മുന്നില്‍ കാണുന്നത്. പാര്‍ലമെന്റ് നടപടികളിലൂടെ രാഹുല്‍ നേടിയ വിശ്വാസമാണ് ഇന്ന് സോണിയ വിളിച്ച യോഗത്തിലും കണ്ടത്. ആംആദ്മി പാര്‍ട്ടി, ബിഎസ്പി, എന്നിവരെയും ക്ഷണിച്ചിട്ടില്ല. ഇവര്‍ക്കും കോണ്‍ഗ്രസ് മുന്നില്‍ കാണുന്ന മുന്നണിയില്‍ സ്ഥാനമുണ്ടാവില്ല. എന്നാല്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ച് സര്‍ക്കാരുണ്ടാക്കുകയാണെങ്കില്‍ പുറത്ത് നിന്ന് ഇവരുടെ പിന്തുണയും വന്നേക്കും. അതേസമയം തൃണമൂലിന് കൃത്യമായൊരു സന്ദേശം നല്‍കുക കൂടിയാണ് ഇതിലൂടെ കോണ്‍ഗ്രസ് ലക്ഷ്യമിട്ടത്. കോണ്‍ഗ്രസാണ് പ്രതിപക്ഷത്തെ നയിക്കുന്നത് എന്ന സൂചനയാണിത്.

ഗോവയില്‍ കോണ്‍ഗ്രസിനെ ഒപ്പം കൂട്ടാനുള്ള ഒരു ശ്രമം മമത നടത്തിയിരുന്നു. എന്നാല്‍ തുടര്‍ച്ചയായി നേതാക്കളെ ചാക്കിട്ട് പിടിക്കുന്ന മമതയോട് നോ പറഞ്ഞിരിക്കുകയാണ് ഗോവ നേതൃത്വം. അതേസമയം ഗോവയില്‍ വിചാരിച്ചത് പോലെയുള്ള തരംഗം ഇതുവരെ മമതയ്‌ക്കോ തൃണമൂലിനോ ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല. അതാണ് കോണ്‍ഗ്രസിനോട് സഖ്യത്തിലേക്ക് വരാന്‍ മമത ആവശ്യപ്പെടാനുള്ള കാരണം. എന്നാല്‍ ഇതുവരെ വന്ന സര്‍വേ ഫലങ്ങള്‍ പരിശോധിക്കുമ്പോള്‍ കോണ്‍ഗ്രസിനേക്കാള്‍ നേട്ടം എഎപി ഉണ്ടാക്കുമെന്നാണ് പ്രവചനം. അതേസമയം എഎപി തൃണമൂല്‍ കോണ്‍ഗ്രസുമായി ചേരാനില്ലെന്ന് പരസ്യമായി തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ്.

തൃണമൂലിന്റെയും എഎപിയുടെയും ദേശീയ പ്ലാനിനോട് പല പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും യോജിപ്പില്ല. അതിന് പ്രധാന കാരണം ഇവര്‍ പ്രതിപക്ഷ നിരയില്‍ നിന്ന് നേതാക്കളെ അടര്‍ത്തി മാറ്റുന്നതാണ്. തൃണമൂലിന് ജയിക്കാന്‍ സാധിക്കാതെ വരികയും, അതോടൊപ്പം കോണ്‍ഗ്രസിന്റെ ജയസാധ്യത തന്നെ ഇല്ലാതാക്കുന്നതുമായ പ്ലാന്‍ മറ്റ് പാര്‍ട്ടികള്‍ക്ക് ഒട്ടും സ്വീകാര്യമല്ല. ശിവസേന മമതയുടെ ഈ പ്ലാനിനെ ശക്തമായി എതിര്‍ക്കുന്നുണ്ട്. ജനപിന്തുണ ഒട്ടും ഇല്ലാത്ത നേതാക്കളില്‍ പലരുമാണ് മമതയുടെ പാര്‍ട്ടിയിലേക്ക് പോകുന്നത്. ഇവരെ സ്വീകരിക്കുന്നതിലൂടെ മമതയുടെ പാര്‍ട്ടി ബിജെപിയുടെ ബി ടീമായി മാറിയിരിക്കുന്നു എന്ന് കോണ്‍ഗ്രസ് ഉന്നയിക്കുന്നു. ഈ വാദത്തിന് സ്വീകാര്യതയും ലഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications