ആന്ധ്ര പ്രക്ഷോഭം; ഇരുട്ടിലാകുന്നത് തെന്നിന്ത്യ
ഹൈദരാബാദ്: തെലങ്കാന വിരുദ്ധ പ്രക്ഷോഭങ്ങള്‍ ബാധിയ്ക്കുന്നത് ആന്ധ്രാപ്രദേശിനെ മാത്രമല്ല തെന്നിന്ത്യയെ ഒന്നാകെയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രശ്‌നങ്ങള്‍ അതി രൂക്ഷമാവുകയാണ്. തമിഴ്‌നാട്, കര്‍ണാടകം ഉള്‍പ്പടെ പല തെന്നിന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കും വൈദ്യുതി പോലും ലഭ്യമല്ലാത്ത അവസ്ഥയാണ്. തെലങ്കാന വിരുദ്ധ പ്രക്ഷേഭകര്‍ ആന്ധ്രയിലെ മിക്ക വൈദ്യുത നിലയങ്ങളുടെയും പ്രവര്‍ത്തനം സ്തംഭിപ്പിച്ചിരിയ്ക്കുകയാണ്.ഒക്ടബോര്‍ ഏഴിന് മിക്ക താപ വൈദ്യുത നിലയങ്ങളിലേയും പ്രവര്‍ത്തനം താറുമാറായി. ഇത് മറ്റ് സംസ്ഥാനങ്ങള്‍ക്കുണ്ടാക്കിയ നഷ്ടം ചെറുതല്ല.
വൈദ്യുതിയ്ക്കായി ആന്ധ്രയെ ആശ്രയിച്ചിരുന്ന സംസ്ഥാനങ്ങള്‍ ഇരുട്ടിലാവുന്ന അവസ്ഥയില്‍ വരെ കാര്യങ്ങള്‍ എത്തിനില്‍ക്കുകയാണ്.എന്നാലും പ്രക്ഷോഭങ്ങള്‍ അടങ്ങുന്നില്ലെന്ന് മാത്രമല്ല ഫലപ്രദമായി തടയാന്‍ കഴിയുന്നതുമില്ല. തമിഴ്‌നാട്, കര്‍ണാടക, ഒഡീഷ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനമാണ് ആന്ധ്രാപ്രദേശ്.

ദേശീയപാതകള്‍ ഉപരോധിയ്ക്കുകയും ഇത് വഴിയുള്ള ഗതാഗതത്തെ പൂര്‍ണമായി തടസ്സപ്പെടുത്തുകയുമാണ് പ്രക്ഷോഭകര്‍. അതിനാല്‍ തന്നെ ചരക്ക് വാഹനങ്ങള്‍ ഉള്‍പ്പടെയുള്ളവ അന്യസംസ്ഥാനങ്ങളിലേയ്ക്ക് പോകാന്‍ കഴിയാത്ത അവസ്ഥയിലാണ്. തത്ഫലമായി ഒഡീഷയില്‍ നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ ഉയര്‍ന്നു. തമിഴ്‌നാട്ടിലെയും , കര്‍ണാടകയിലെയും വ്യാവസായിക സംരംഭങ്ങളെ ആന്ധ്രയിലെ പ്രക്ഷോഭം സാരമായി ബാധിച്ചു . വൈദ്യുതിയുടെ ലഭ്യതക്കുറവ് മൂലം സംസ്ഥാനങ്ങളിലെ വ്യവസായ മേഖലയ്ക്ക് ഉണ്ടാകുന്ന നഷ്ടം ചെറുതല്ല.
ഒക്ടോബര്‍ ഏഴ് മുതല്‍ സംസ്ഥാനത്തെ വൈദ്യുതി ഉത്പാദനം 3,000മെഗാവാട്ട് മാത്രമാണ്. മുന്‍പ് 10,734 മെഗാവാട്ട് മുതല്‍ 7,400 മെഗാവാട്ട് വരെ ആയിരുന്നു വൈദ്യുതി ഉത്പാദനം. സീമാന്ധ്രയിലെ 13 ജില്ലകളില്‍ പ്രക്ഷോഭം ശക്തമാണ്. ശ്രീകാകുളത്ത് പ്രക്ഷോഭകര്‍ ചെന്നൈ-ഹൈദരാബാദ്, ഹൈദരാഹാദ് കൊല്‍ക്കത്ത, വിജയവാഡ-ജഗദല്‍പൂര്‍ എന്നീ ദേശീയപാതയിലെ ചരക്ക് ഗതാഗതം തടഞ്ഞിരിയ്ക്കുകയാണ്. ചരക്ക് ഗതാഗതത്തില്‍ നേരിടുന്ന കാലതാമസം വ്യാപാരികള്‍ക്ക് സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നു.
സീമാന്ധ്രയിലെ പല പ്രദേശങ്ങളിലും പ്രക്ഷോഭങ്ങള്‍ക്ക് യാതൊരു ശമനവും വന്നിട്ടില്ല. വിസിയനഗരത്തില്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളായി കര്‍ഫ്യൂ പ്രഖ്യാപിച്ചിരിയ്ക്കുകയാണ്. അക്രമികളെ കണ്ടാലുടന്‍ വെടിവയ്ക്കാന്‍ പൊലീസിന് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. ഇവിടെ 43 പേര്‍ ഇതിനോടകം തന്നെ അറസ്റ്റിലായി.
റോഡ് ഗതാതഗതം മാത്രമല്ല ട്രെയിന്‍ യാത്രയും തടസ്സപ്പെടുകയാണ് വൈദ്യുതി ദൗര്‍ലഭ്യം, ട്രെയിന്‍ പാളങ്ങള്‍ ഉപരോധിയ്ക്കുക എന്നിങ്ങനെ പ്രക്ഷോഭകര്‍ നിരന്തരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയാണ്. ഇതിനിടയില്‍ പല പ്രമുഖനേതാക്കളും നിരാഹാരം ഉള്‍പ്പടെയുള്ള സമര പരിപാടികളുമായി മുന്നോട്ട് പോകുന്നതും പ്രശ്‌നങ്ങളെ കൂടുതല്‍ വഷളാക്കുന്നു.












Click it and Unblock the Notifications