'കൃത്രിമ തെളിവുണ്ടാക്കി', സ്റ്റാൻ സ്വാമിയെ ഭീമ കൊറേഗാവ് കേസില്‍ കുടുക്കിയതെന്ന് റിപ്പോർട്ട്
ദില്ലി: ഭീമ കൊറേഗാവ് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട് ജയിലില്‍ കഴിയവേ മരണപ്പെട്ട മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാദര്‍ സ്റ്റാന്‍ സ്വാമിയെ കുടുക്കിയതാണ് എന്ന് റിപ്പോര്‍ട്ടുമായി അമേരിക്കന്‍ ഫോറന്‍സിക് സ്ഥാപനം. സ്റ്റാന്‍ സ്വാമിയുടെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത ലാപ്‌ടോപ്പില്‍ കൃത്രിമമായി രേഖകള്‍ കയറ്റിയാണ് അദ്ദേഹത്തെ കേസില്‍ കുടുക്കിയത് എന്നാണ് ആരോപണം. തീവ്രവാദ ബന്ധം ആരോപിച്ച് 2020ല്‍ അറസ്റ്റ് ചെയ്യപ്പെട്ട 83കാരനായ ഫാദര്‍ സ്റ്റാന്‍ സ്വാമി ഒരു വര്‍ഷം കഴിഞ്ഞ് മരണപ്പെടുകയായിരുന്നു.
ലാപ്‌ടോപ്പില്‍ നിന്നും കണ്ടെടുത്ത വിവരങ്ങളാണ് സ്റ്റാന്‍ സ്വാമിയും മാവോയിസ്റ്റ് നേതാക്കളുമായി ബന്ധമുണ്ടായിരുന്നുവെന്നും നക്‌സല്‍ ഗൂഢാലോചനയുടെ ഭാഗമായിരുന്നു അദ്ദേഹമെന്നും വാദിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സി-എന്‍ഐഎ ഉപയോഗിച്ചത്. ബോസ്റ്റണ്‍ ആസ്ഥാനമായുളള ഫോറന്‍സിക് സ്ഥാപനമായ ആര്‍സെനല്‍ കണ്‍സള്‍ട്ടിംഗിന്റെ കണ്ടെത്തലുകള്‍ എന്‍ഐഎ വാദത്തെ പൊളിക്കുന്നതാണ്. സ്വാമിയുടെ അഭിഭാഷകരാണ് ഈ സ്ഥാനത്തെ ഉപയോഗിച്ച് അന്വേഷണം നടത്തിയത്. സൈബര്‍ ഹാക്കറെ ഉപയോഗിച്ചാണ് രേഖകള്‍ പലപ്പോഴായി സ്വാമിയുടെ ലാപ്പ്‌ടോപ്പിലേക്ക് കയറ്റിയത് എന്നാണ് ഇവരുടെ കണ്ടെത്തല്‍.

മാവോയിസ്റ്റ് ബന്ധം തെളിയിക്കുന്ന കത്തുകള്‍ അടക്കം 44ഓളം രേഖകള്‍ 2014 മുതല്‍ 2019ല്‍ അദ്ദേഹത്തിന്റെ വീട്ടില്‍ റെയ്ഡ് നടക്കുന്ന കാലഘട്ടം വരെ സ്റ്റാന്‍ സ്വാമിയുടെ ലാപ്‌ടോപ്പില്‍ സ്ഥാപിക്കുകയായിരുന്നുവെന്ന് പറയുന്നു. മാത്രമല്ല ഭീമ കൊറേഗാവ് കേസില്‍ പ്രതികളാക്കപ്പെട്ട സുരേന്ദ്ര ഗാഡ്‌ലിംഗ്, റോണ വില്‍സണ്‍ എന്നിവരുടെ ലാപ്‌ടോപ്പുകളും ഇത്തരത്തില്‍ ഹാക്ക് ചെയ്തിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബോസ്റ്റണ്‍ മാരത്തണ്‍ ബോംബിംഗ് കേസ് അടക്കമുളള വിഖ്യാതമായ കേസുകള്‍ അന്വേഷിച്ചിട്ടുളള ഏജന്‍സിയാണ് ആര്‍സണല്‍ കണ്‍സള്‍ട്ടിംഗ് എന്നാണ് വിവരം. വാഷിംഗ്ടണ്‍ പോസ്റ്റും ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഭീമ കൊറേഗാവ് വാര്‍ഷികത്തോട് അനുബന്ധിച്ച് നടന്ന സംഘര്‍ഷങ്ങളിലും അതിന് മുന്‍പ് തന്നെ എല്‍ഗാര്‍ പരിഷത്ത് സംഗമവുമായും ബന്ധമുണ്ട് എന്ന് ആരോപിച്ച് 2020 ഒക്ടോബറില്‍ ആയിരുന്നു ഫാദര്‍ സ്റ്റാന്‍ സ്വാമിയെ എന്‍ഐഎ അറസ്റ്റ് ചെയ്തത്. ഝാര്‍ഖണ്ഡില്‍ ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് പോന്ന മനുഷ്യാവകാശ പ്രവര്‍ത്തകനായിരുന്ന സ്വാമിയുടെ അറസ്റ്റിന് എതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.
'ഇതിലിപ്പോൾ ആരാണ് സുന്ദരി എന്ന് കണ്ടുപിടിക്കാൻ പറ്റാതായല്ലോ'; എസ്തറിന്റെ പുതിയ ചിത്രങ്ങൾ..!
2018ല്‍ മഹാരാഷ്ട്രയിലെ ഭീമ കൊറേഗാവ് ഗ്രാമത്തിലെ ആളുകള്‍ക്കിടയില്‍ കലാപമുണ്ടാക്കാന്‍ മറ്റ് 15 പേര്‍ക്കൊപ്പം ചേര്‍ന്ന് സ്റ്റാന്‍ സ്വാമി ഗൂഢാലോചന നടത്തി എന്നാണ് എന്‍ഐഎ വാദം. മാത്രമല്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റവും സ്റ്റാന്‍ സ്വാമി അടക്കമുളള് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും ഇടതുപക്ഷക്കാര്‍ക്കും അക്കാദമിക വിദഗ്ധര്‍ക്കും അടക്കം എതിരെ എന്‍ഐഎ ചുമത്തുകയുണ്ടായി. ജയിലില്‍ കഴിയവേ കൊവിഡ് മൂലം സ്റ്റാന്‍ സ്വാമിയുടെ ആരോഗ്യം മോശമായിരുന്നു. അദ്ദേഹത്തിന് മികച്ച ചികിത്സ ലഭ്യമാക്കാനും അദ്ദേഹത്തെ റിലീസ് ചെയ്യാനുളള മുറവിളി ശക്തമായിരിക്കെയായിരുന്നു ആശുപത്രിയില്‍ വെച്ച് ഹൃദയാഘാതം മൂലം സ്റ്റാന്‍ സ്വാമി മരണപ്പെട്ടത്.












Click it and Unblock the Notifications