'പണം വാങ്ങി വോട്ട് ചെയ്യുന്നത് അവസാനിപ്പിക്കണം, അംബേദ്കറിനേയും പെരിയാറിനേയും പഠിക്കൂ'; നിലപാട് പറഞ്ഞ് വിജയ്
ചെന്നൈ; പണം വാങ്ങി വോട്ട് ചെയ്യുന്നത് അവസാനിപ്പിക്കാൻ വിദ്യാർത്ഥികൾ മുൻകൈ എടുക്കണമെന്ന് നടൻ വിജയ്. മാതാപിതാക്കളോട് ഇക്കാര്യം ആവശ്യപ്പെടണം. പാഠപുസ്തകങ്ങൾക്ക് അപ്പുറത്തേക്ക് കുട്ടികൾ വളരണം. അംബേദ്കറിനേയും പെരിയാറിനേയും കാമരാജിനേയും കുറിച്ചെല്ലാം കുട്ടികൾ പഠിക്കണമെന്നും താരം പറഞ്ഞു. പത്ത്, പ്ലസ്ടു ക്ലാസുകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ ആദരിക്കുന്നതിന് ചെന്നൈയിൽ നടന്ന പരിപാടിയിൽ വിദ്യാര്‍ഥികളോട് സംസാരിക്കുകയായിരുന്നു വിജയ്. വിജയ് മക്കൾ ഇയക്കം എന്ന ആരാധക സംഘടനയാണ് പരിപാടി സംഘടിപ്പിച്ചത്.
'നിങ്ങളാണ് ഭാവി വോട്ടർമാർ. അടുത്ത നല്ല നേതാക്കളെ തിരഞ്ഞെടുക്കുന്നത് നിങ്ങളാണ്. പണം വാങ്ങിയാണ് ഇന്ന് ആളുകൾ വോട്ട് ചെയ്യുന്നത്. നമ്മുടെ വിരൽ വച്ച് സ്വന്തം കണ്ണുകൾ തന്നെ കുത്തുകയെന്നു കേട്ടിട്ടുണ്ടോ. അതാണ് ഇപ്പോൾ നടക്കുന്നത്. ഒരു വോട്ടിന് ആയിരം രൂപ ലഭിക്കുമെന്നാണ് കേട്ടിട്ടുള്ളത്. അങ്ങനെയെങ്കിൽ ഒരു മണ്ഡലത്തിൽ 1.5 ലക്ഷം വോട്ടർമാരുണ്ടെങ്കിൽ അത് ഏകദേശം 15 ലക്ഷം രൂപയാണ്. ഒരാൾ 15 ലക്ഷം ചെലവാക്കാൻ തയ്യാറാവുന്നുണ്ടെങ്കിൽ ഒന്ന് ചിന്തിച്ച് നോക്കൂ അയാൾ മുൻപ് എത്ര സമ്പാദിച്ചിരിക്കണമെന്ന്. ഇക്കാര്യങ്ങളെ കുറിച്ച് ആലോചിക്കണം. വിദ്യാഭ്യാസ സമ്പ്രദായത്തിൽ ഇതൊക്കെ പഠിപ്പിച്ച് കൊടുക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്', വിജയ് പറഞ്ഞു.

കഴിയുന്നിടത്തോളം, എല്ലാ കാര്യങ്ങളും വായിക്കുക, അംബേദ്കർ, പെരിയാർ, കാമരാജ് തുടങ്ങിയ നേതാക്കളെ കുറിച്ച് പഠിക്കു. നല്ലത് എടുത്ത് ബാക്കിയുള്ളത് തള്ളിക്കളയുക. എന്റെ സ്വപ്നം സിനിമയയാിരുന്നു. ഈ ചടങ്ങ് സംഘടിപ്പിക്കാനുള്ള കാരണം അടുത്തിടെ ഞാൻ കണ്ട ഒരു സിനിമയിലെ ഡയലോഗാണ്. നമ്മുടെ കയ്യിൽ നിന്ന് പണമോ മറ്റുള്ള വിലപിടിപ്പുള്ള വസ്തുക്കളോ ആർക്കും എടുക്കാം എന്നാൽ വിദ്യാഭ്യാസം മോഷ്ടിക്കാൻ സാധിക്കില്ല. അതൊരു യാഥാർത്ഥ്യമാണ്. വിദ്യാഭ്യാസരംഗത്ത് എന്തെങ്കിലും ചെയ്യണമെന്ന് ഏറെ നാളായി ആഗ്രഹമുണ്ട്. ഇതാണ് അതിനുള്ള സമയമെന്ന് ഞാൻ വിശ്വസിക്കുന്നു', വിജയ് പറഞ്ഞു.
അതേസമയം പുതിയ പരിപാടിയോടെ വിജയ് രാഷ്ട്രീയത്തിലേക്കെന്ന സൂചന ശക്തമായിരിക്കുകയാണ്. കഴിഞ്ഞ തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ വിജയ് മക്കൾ ഇയക്കം കുറച്ച് സീറ്റുകൾ നേടിയിരുന്നു. ആ ആത്മവിശ്വാസം മുൻനിർത്തിയാണ് വിജയിയുടെ നീക്കങ്ങൾ. താരം തിരഞ്ഞെടുപ്പ് തന്ത്രജ്ഞരുമായി ചർച്ചകൾ ആരംഭിച്ചതായുള്ള വാർത്തകളും അദ്ദേഹത്തിന്റെ അടുത്ത കേന്ദ്രങ്ങളെ ഉദ്ധരിച്ച് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.












Click it and Unblock the Notifications