കർണാടകയ്ക്ക് പിന്നാലെ തെലങ്കാനയും; സുനിൽ കനുഗൊലു, കോൺഗ്രസന്റെ കൂറ്റൻ വിജയത്തിന് പിന്നിലെ 'മാസ്റ്റർ ബ്രെയിൻ'
ഹൈദരാബാദ്: രണ്ടര വർഷങ്ങൾക്ക് മുൻപ് തെലങ്കാന മുഖ്യമന്ത്രിയായിരുന്ന കെസിആർ തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ സുനിൽ കനുഗൊലുവിനെ തന്റെ ഫാം ഹൗസിലേക്ക് വിളിപ്പിച്ചിരുന്നു. ബിആർഎസിന് വേണ്ടി തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിനായിരുന്നു ഇത്. ദിവസങ്ങളോളം കൂടിക്കാഴ്ച നീണ്ടെങ്കിലും ചർച്ച വിജയം കണ്ടില്ല.ദിവസങ്ങൾക്ക് ശേഷം മറ്റൊരു വാർത്തയെത്തി. എഐസിസി സുനിൽ കനുഗൊലുവിനെ തന്ത്രരൂപീകരണ സമിതിയുടെ ചുമതലക്കാരനായി നിയമിച്ചിരിക്കുന്നുവെന്ന്. തെലങ്കാനയിൽ കോൺഗ്രസ് കൂറ്റൻ വിജയം നേടി നിൽക്കുമ്പോൾ അന്ന് കനുഗൊലുവിനെ ഒപ്പം നിർത്താൻ സാധിക്കാതിരുന്നതിൽ ഒരുപക്ഷേ കെഎസിആർ ഖേദിക്കുന്നുണ്ടാകും.
കോൺഗ്രസിൽ ചേർന്നതിന് പിന്നാലെ കനുഗൊലുവിന് ലഭിച്ച ആദ്യ ദൗത്യം കർണാടകയായിരുന്നു. ചിട്ടയായ പ്രവർത്തനം കാഴ്ച വെച്ച കനുഗൊലു കർണാടകയിൽ കോൺഗ്രസിന് വേണ്ടി മികച്ച വിജയം സ്വന്തമാക്കി. കർണാടയ്ക്കൊപ്പം തന്നെ തെലങ്കാനയിലും തന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു.

കനുഗൊലുവിന്റെ ഇതുവരെയുള്ള ഏറ്റവും മികച്ച പ്രകടനം തെലങ്കാനയിലാണെന്ന് പറയാം. കർണാടകയിൽ കാര്യങ്ങൾ ബുദ്ധിമുട്ടേറിയതായിരുന്നു. എന്നാൽ തെലങ്കാന അതിസങ്കീർണവും. ബിജെപിക്ക് കൂടുതൽ വോട്ട് വിഹിതം ലഭിക്കുന്നത് കെസിആറിനെ അധികാരത്തിൽ തുടരാൻ സഹായിക്കുമെന്ന് മനസിലാക്കിയ കനുഗൊലു ആദ്യം സംസ്ഥാനത്ത് ബിജെപിയെ ഒതുക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചു. പിന്നീട് തെലങ്കാനയിൽ സ്ഥാനാർത്ഥികളെ മത്സരിപ്പിക്കാതിരിക്കാൻ വൈഎസ്ആറിന്റെ മകൾ വൈഎസ് ശർമിളുമായി ചർച്ച നടത്തി. തന്നെ അറസ്റ്റ് ചെയ്യാൻ തുനിഞ്ഞ കെസിആറിനെ വീഴ്ത്തുമെന്ന് ശർമ്മിള പ്രതിജ്ഞയെടുത്തു. ടിഡിപി അധ്യക്ഷൻ ചന്ദ്രബാബു നായിഡുവും മത്സരത്തിൽ നിന്ന് പിൻമാറിയതോടെ കനുഗൊലുവിന്റെ പണി എളുപ്പമായി.
പിന്നീട് കോൺഗ്രസും ബിആർഎസും നേർക്ക് നേർ പോരാട്ടം എന്ന നിലയിലായി സാഹചര്യം. ഒടുവിൽ കോൺഗ്രസിനെ പോലും അത്ഭുതപ്പെടുത്തി കൊണ്ട് തെലങ്കാനയിൽ കൂറ്റൻ വിജയവും പാർട്ടിക്ക് വേണ്ടി നേടിക്കൊടുത്തു. തെലങ്കാനയിലെ വിജയത്തോടെ കോൺഗ്രസിനുള്ളിലെ ഉറച്ച ശബ്ദമായി മാറാൻ കനുഗൊലുവിന് സാധിച്ചിട്ടുണ്ട്. കേരളമാണ് ഇനി കനുഗൊലുവിന്റെ അടുത്ത ലക്ഷ്യം.
ഇതിനോടകം തന്നെ സംസ്ഥാനത്ത് പ്രത്യേക സർവ്വേകൾ ഉൾപ്പെടെ കനുഗൊലുവിന്റെ നേതൃത്വത്തിൽ നടത്തിയെന്നാണ് റിപ്പോർട്ടുകൾ. സ്ഥാനാർത്ഥി നിർണയത്തിലടക്കം അദ്ദേഹം ഇടപെട്ടേക്കുമെന്നുമുള്ള സൂചനകൾ ഉണ്ട്. ലോക്സഭ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് വേണ്ടി മികച്ച വിജയം നേടിയെടുക്കാൻ കനുഗൊലുവിന് സാധിച്ചാൽ കോൺഗ്രസിന്റെ ഉന്നത നേതാക്കളുടെ നിലയിലേക്ക് കനുഗൊലു നടന്ന് കയറുമെന്ന കാര്യത്തിൽ സംശയമൊന്നുമില്ല.
ആരാണ് സുനിൽ കനുഗൊലു?
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പ്രശാന്ത് കിഷോറിനൊപ്പം നേതൃസ്ഥാനത്തുണ്ടായിരുന്ന ആളായ കനുഗൊലു 2014 ലാണ് ഇന്ത്യയിൽ എത്തുന്നത്. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ശിരോമണി അകാലിദളിനുവേണ്ടി തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനഞ്ഞത് സുനില്‍ കനുഗോലു ആയിരുന്നു. 2016ൽ ഡി എം കെയുടെ രാഷ്ട്രീയ പ്രചാരണത്തിന് നേതൃത്വം നൽകിയ സുനിൽ പാർട്ടി അധ്യക്ഷൻ കെ കരുണാനിധിയുടെ പിൻഗാമിയെന്ന നിലയിൽ എം കെ സ്റ്റാലിന്റെ പ്രതിച്ഛായ കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചിരുന്നു.












Click it and Unblock the Notifications